തന്നെത്തന്നെ സ്‌നേഹിക്കുന്നതും സ്വാര്‍ത്ഥതയും തമ്മിലുള്ള വ്യത്യാസം

സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനെ പലപ്പോഴും സ്വാര്‍ത്ഥയും തന്നിഷ്ടവുമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍, സ്വയം സ്‌നേഹിക്കുക എന്നതും സ്വാര്‍ത്ഥയുള്ള സ്വഭാവമെന്നതും രണ്ടും രണ്ടാണെന്ന് മനസിലാക്കണം.

വിശുദ്ധ ഗ്രന്ഥത്തിലെ രണ്ട് വചനങ്ങളും ഇക്കാര്യത്തില്‍ ചിലപ്പോള്‍ തെറ്റിദ്ധാരണയ്ക്ക് കാരണമായേക്കാം. സ്വയം പരിത്യജിക്കാന്‍ ഒരിടത്ത് പറയുമ്പോള്‍ തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് മറ്റൊരിടത്ത് പറയുന്നു.  സ്വയം സ്‌നേഹിക്കുക എന്നാല്‍ ഒരാള്‍ ദൈവത്തെ സ്‌നേഹിക്കുക എന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. കാരണം ദൈവം നമ്മെ ഓരോരുത്തരെയും അത്യധികമായി സ്‌നേഹിക്കുന്നുണ്ട്, കരുതുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ നാം നമ്മെത്തന്നെ സ്‌നേഹിക്കാതിരുന്നാലോ?

സ്വന്തം ഹൃത്തില്‍ ദൈവത്തെ കണ്ട് സ്‌നേഹിക്കുന്ന വ്യക്തി എപ്പോഴും സമാധാനത്തിലായിരിക്കും. അങ്ങനെയുള്ള വ്യക്തിക്ക് ഈശോ പറഞ്ഞതിന്‍ പ്രകാരം, സ്വയം സ്‌നേഹിക്കുന്നതുപോലെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ സാധിക്കും. അതാണ് സ്വാര്‍ത്ഥതയെ തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യം. സ്വാര്‍ത്ഥതയോടെ സ്വയം സ്‌നേഹിക്കുന്ന വ്യക്തിയ്ക്ക് സന്തോഷവും സമാധാനവും അനുഭവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഈ രണ്ട് വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് സ്വയം സ്‌നേഹിക്കുകയും പരസ്പരം സ്‌നേഹിക്കുകയും അതുവഴിയായി ദൈവത്തെ സ്‌നേഹിക്കുകയും ചെയ്യാം.