രണ്ടു ലോകമഹായുദ്ധങ്ങളെയും പകർച്ച വ്യാധിയെയും വിശ്വാസം കൊണ്ട് അതിജീവിച്ച മുത്തശ്ശി യാത്രയായി

  രണ്ടു ലോകമഹായുദ്ധങ്ങളെയും പകർച്ച വ്യാധിയെയും അതിജീവിച്ച അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വനിതകളിൽ ഒരാളായ നാൻസി സ്റ്റുവർട്ട് അന്തരിച്ചു. 107 വയസുള്ള ഈ മുത്തശ്ശിയും കൊച്ചുമകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടിരുന്ന ജീവിതഗന്ധിയായ വീഡിയോകൾ എക്കാലത്തും വൈറലായി മാറിയിരുന്നു. തന്റെ കത്തോലിക്കാ വിശ്വാസത്തിലൂടെ അനേകരെ പ്രചോദിപ്പിച്ച നാൻസി മുത്തശ്ശിയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നും പ്രചോദനാത്മകമാണ്.

  ഭൂമിയിൽ ആയിരുന്നപ്പോൾ അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന സ്വർഗ്ഗത്തിലെ ദൈവത്തെ കാണാൻ തങ്ങളുടെ മുത്തശ്ശി പോയെന്നാണ്‌ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയത്. സെപ്റ്റംബർ പത്തിനായിരുന്നു നാൻസി മുത്തശ്ശി നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്. മുത്തശ്ശിയുടെ പ്രചോദനാത്മകമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിലെത്തിച്ച കൊച്ചുമകൾ ലൂയിസ് കൊഗ്‌ലാൻ “എന്റെ ഹൃദയത്തിന്റെ മറുപകുതി ഇന്ന് രാവിലെ ആറുമണിക്ക് സ്വർഗ്ഗത്തിലേക്ക് പോയി” എന്നാണ് പ്രതികരിച്ചത്.

  1913 -ൽ ജനിച്ച നാൻസി മുത്തശ്ശി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ സമ്മാനമായികണ്ടുകൊണ്ട് അതിനെ വിലമതിച്ചിരുന്നു. 1989 -ൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ പോകുമ്പോൾ സംഭവിച്ച ഭർത്താവിന്റെ വാഹനാപകടവും മരണവുമുൾപ്പെടെ ജീവിതത്തിൽ നിരവധി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വ്യക്തിയാണ് ഈ മുത്തശ്ശി. തുടർന്ന് അവർ പ്രാർത്ഥനയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ചു. ആഫ്രിക്കയിലെ കുട്ടികൾക്കും പാവപ്പെട്ടവർക്കുമായി പണം ശേഖരിക്കുവാനും തന്റെ ജപമാല പ്രാർത്ഥനകളിലൂടെ അനേകരെ ദൈവത്തിനു സമർപ്പിക്കുവാനും തീക്ഷണത കാണിച്ച ഈ മുത്തശ്ശി എല്ലാ ക്രൈസ്തവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്.

  “എനിക്കറിയാത്ത ആളുകൾക്കായി ഞാൻ ജപമാല പ്രാർത്ഥനകൾ ചൊല്ലുന്നു. അവരെ ഇപ്പോഴും ഓർമ്മിക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടിരുന്നു” അനേകർക്കായി സമർപ്പിച്ചുകൊണ്ടിരിക്കുന്ന തന്റെ പ്രാർത്ഥനയെക്കുറിച്ച് ഒരിക്കൽ ഈ മുത്തശ്ശി പറഞ്ഞതാണിത്. ഒക്ടോബർ 16 നു തൻെറ നൂറ്റിയെട്ടാം ജന്മദിനത്തെ കരുതി ലോകത്തെ അഭിസംബോധന ചെയ്യാൻ എഴുതിവെച്ചിരുന്ന കത്ത് കൊച്ചുമകൾ ലൂയിസ് അവരുടെ മൃതസംസ്കാര ചടങ്ങിൽ വെച്ച് വായിക്കുകയുണ്ടായി.

  “എന്റെ ജീവിതകാലത്ത് ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത നിരവധി പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോയി. പക്ഷേ പോരാട്ടങ്ങളുടെ ആ ഓർമ്മകളിൽ വേദനയുണ്ടെങ്കിൽ കൂടിയും അതിന്റെ പോസിറ്റീവ് ആയ നല്ല വശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. നിങ്ങൾ പോരാടുമ്പോഴെല്ലാം സ്വയം ചിന്തിക്കുക, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യത്തിന്റെ സമയങ്ങൾ, കൂടാതെ കുടുംബത്തിലെ നിരവധി അംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നത് അതിജീവിക്കാൻ നാൻസി മുത്തശ്ശിയ്ക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. നിങ്ങൾക്ക് തുടർന്ന് ജീവിക്കുവാനുള്ള പ്രതീക്ഷ നൽകാനാണ് ഞാൻ ഈ കത്തെഴുതുന്നത്,” ഇതായിരുന്നു ആ കത്തിലെ പ്രസക്ത ഭാഗങ്ങൾ.

  മരണശേഷം പോലും പ്രതീക്ഷയുടെ സന്ദേശം ലോകത്തിനു നൽകിക്കൊണ്ട് കടന്നുപോയ പ്രിയപ്പെട്ട മുത്തശ്ശീ, സമാധാനത്തിൽ പോകുക. സ്വർഗ്ഗം നിങ്ങൾക്കായി സമ്മാനിക്കുന്ന വലിയ പ്രതിഫലം ഏറ്റുവാങ്ങുക.

  സുനീഷ വി. എഫ്.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.