പരിശുദ്ധ മറിയത്തിന് സഹോദരി ഉണ്ടായിരുന്നോ..?

താരതമ്യേന വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് പരിശുദ്ധ മറിയത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുക. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെ പോലും വിശുദ്ധ ഗ്രന്ഥത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. മാതാവിനെക്കുറിച്ചുള്ള പല അറിവുകളും സഭയുടെ ആദ്യകാല നൂറ്റാണ്ടുകളിലെ ചില ബൈബിള്‍ ഇതര രചനകളില്‍ നിന്ന് ലഭിച്ചിട്ടുള്ളവയാണ്.

എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നു തന്നെ പരിശുദ്ധ മറിയത്തിന്റെ സഹോദരിയെക്കുറിച്ച് ചെറിയ ഒരു സൂചന ലഭിക്കുന്നുമുണ്ട്. വി. യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നത്. ക്ലോപ്പാസിന്റെ ഭാര്യ മറിയത്തെയാണ്, പരിശുദ്ധ മറിയത്തിന്റെ സഹോദരിയായി യോഹന്നാന്‍ ശ്ലീഹാ അവതരിപ്പിക്കുന്നത്. ‘യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു’ (യോഹ. 19: 25).

ഹല്‍പൈയുടെ പുത്രനായ യാക്കോബിന്റെ അമ്മയാണ് ഈ മറിയമെന്നും ചില ദൈവശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്. വി. മര്‍ക്കോസിന്റെ സുവിശേഷത്തിലൂടെ ഇതിന് കൂടുതല്‍ വ്യക്തത വരുന്നുണ്ട്. ‘ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടേയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു’ (മര്‍ക്കോ. 15: 40).

ക്ലോപ്പാസിനെ, വി. യൗസേപ്പിന്റെ സഹോദരനായും ചില സഭാപിതാക്കന്മാര്‍ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സഹോദരഭാര്യമാരെന്ന നിലയിലാണോ ഇവര്‍ സഹോദരിമാരായി അവതരിപ്പിക്കപ്പെടുന്നതെന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പരിശുദ്ധ മറിയത്തിന് മറ്റ് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ എന്നതിനും കൂടുതല്‍ വ്യക്തതയില്ല. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ വി. യൊവാക്കിമും അന്നായും സന്താനരഹിതരായിരുന്നെന്നും പിന്നീട് ഏറെക്കാലത്തിനുശേഷം പ്രാര്‍ത്ഥിച്ചാണ് പരിശുദ്ധ മറിയത്തെ മകളായി ലഭിച്ചതെന്നും ബൈബിള്‍ ചരിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിരിശുദ്ധ മറിയത്തിനു ശേഷം ഈ ദമ്പതികള്‍ക്ക് വേറെ മക്കളുണ്ടായിരുന്നോ എന്നതിനും വ്യക്തതയില്ലെങ്കിലും ചെറിയ യാക്കോബിന്റെ അമ്മയായ മറിയത്തെ, പരിശുദ്ധ മറിയത്തിന്റെ സഹോദരിയായി ദൈവശാസ്ത്രജ്ഞരില്‍ പലരും കണക്കാക്കുന്നുണ്ട്.