മഹാമാരിയെ കുടുംബങ്ങള്‍ നേരിടേണ്ടതെങ്ങനെ എന്നു വ്യക്തമാക്കി കര്‍ദ്ദിനാള്‍ ഫാരെല്‍

ലോകം മുഴുവന്‍ വൈറസ് ബാധയാല്‍ ഭയന്നുവിറച്ചു നില്‍ക്കുമ്പോള്‍, ക്ലേശകരമായ ഈ ജീവിതചുറ്റുപാടുകള്‍ക്കു മുന്നില്‍ പതറിപ്പോകാതെ കുടുംബങ്ങള്‍ ഒറ്റെക്കെട്ടായി നിന്നുകൊണ്ട് കുടുംബജീവിതത്തിന്റെ മൂല്യങ്ങള്‍ പുനരാവിഷ്‌ക്കരിക്കാന്‍ പരിശ്രമിക്കേണ്ട സമയമാണിതെന്ന് കുടുംബങ്ങള്‍, അത്മായര്‍, ജീവന്‍ എന്നീ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ (Dicastery for Families, Latiy and Life) പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫാരെല്‍.

ക്രൈസ്തവ കുടുംബങ്ങള്‍, ക്രിസ്തുവിന്റെ സഭ പോലെതന്നെ അവിടുത്തെ മൗതികശരീരമാണെന്നു മറന്നുപോകരുതെന്ന് കര്‍ദ്ദിനാള്‍ ഫാരെല്‍ പ്രസ്താവിച്ചു. കാരണം, കുടുംബങ്ങള്‍ ചേര്‍ന്നാണ് സഭയ്ക്കു രൂപം നല്‍കുന്നത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ കുടുംബങ്ങള്‍ ഗാര്‍ഹികസഭ തന്നെയാണെന്ന ഫ്രാന്‍സിസ് പപ്പായുടെ പ്രബോധനം അദ്ദേഹം ആവര്‍ത്തിച്ചു.

പ്രതിസന്ധികള്‍ക്കിടയിലും അനിതരസാധാരണമായ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ദൈവം തന്റെ ജനത്തെ അനുധാവനം ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ്. കൊറോണ മഹാമാരിയുടെ പ്രതിസന്ധിയില്‍ കുടുംബങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ നാം നിര്‍ബന്ധിതരാകുന്ന ഈ സാഹചര്യത്തില്‍ ദൈവം നമ്മുടെ ചാരത്തുണ്ടെന്നും നമ്മെ നയിക്കുമെന്നും വിശ്വസിക്കാം. കാരണം, ദൈവാലയങ്ങള്‍ അടയ്ക്കപ്പെട്ടു. ആരാധനക്രമങ്ങള്‍ നിലച്ചു. അവയിലെ പങ്കാളിത്തം സാധ്യമല്ലാതായി. ഹൃദയത്തിലെ നൊമ്പരം ഒറ്റപ്പെടലിന്റെ ഭീതി വളര്‍ത്താവുന്ന ഈ അവസരത്തിലാണ് വിവാഹമെന്ന കൂദാശയുടെ മൂല്യം വീണ്ടെടുക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കേണ്ടതും പ്രേരിപ്പിക്കേണ്ടതുമെന്ന് കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിക്കുന്നു.

ലോകം ഇന്ന് അനുഭവിക്കുന്ന മഹാമാരി കുടുംബങ്ങള്‍ക്ക് വലിയ പരീക്ഷണഘട്ടമാണ്. ശാരീരികവും ഭൗതികവും സാമ്പത്തികവുമായ ക്ലേശങ്ങള്‍ കുടുംബങ്ങളെ ഏറെ വിഷമിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, നാം ഈ വെല്ലുവിളിയെ നേരിടേണ്ടത് നിരാശ കൊണ്ടോ നിസ്സംഗത കൊണ്ടോ അല്ല. മറിച്ച്, സാധിക്കുന്നത്ര നന്മ ചെയ്തുകൊണ്ടും പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ടും പങ്കുവച്ചുകൊണ്ടും പരസ്പരം സഹായിച്ചുകൊണ്ടുമാണ്. സ്‌കൂള്‍ വിട്ടുനില്‍ക്കുന്ന നമ്മുടെ കുട്ടികളെ സ്‌നേഹത്തോടെ പരിചരിച്ചും പഠിപ്പിച്ചും അവരെ പതിവിലും കൂടുതല്‍ ശ്രദ്ധിച്ചും ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകാന്‍ കുടുംബങ്ങള്‍ പരിശ്രമിക്കണമെന്നും ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളും വെല്ലുവിളികളും നേരിടാന്‍ കുടുംബങ്ങള്‍ സന്നദ്ധമാകണമെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടുമാണ് കര്‍ദ്ദിനാള്‍ ഫാരെല്‍ തന്റെ സന്ദേശം ഉപസംഹരിച്ചത്.