സംഭാഷണം ആരംഭിക്കേണ്ടത് സഹാനുഭൂതിയുടെ ആയിരിക്കണം: പാപ്പാ

സുവിശേഷം പ്രസംഗിക്കുന്ന ക്രൈസ്തവർ ക്രിസ്തുവിനെ അറിയാത്തവരെ സമീപിക്കേണ്ടത് അവരും ദൈവമക്കളാണെന്ന തിരിച്ചറിവോടെ ആയിരിക്കണം എന്ന് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന ജനറൽ ഓഡിയൻസിലാണ് പാപ്പാ ക്രൈസ്തവർക്ക് അക്രൈസ്തവരോടുണ്ടാകേണ്ട മനോഭാവത്തെ കുറിച്ച് സംസാരിച്ചത്.

മറ്റു മതസ്ഥരോടും മറ്റ് സംസ്കാരത്തിൽ നിന്നുള്ളവരോടും ഉള്ള നമ്മുടെ പെരുമാറ്റം എങ്ങനെ ആകണം എന്നുള്ളതിന് ഉത്തമ ഉദ്ദാഹരണമാണ് പൗലോസ് ശ്ലീഹായുടെ സുവിശേഷ പ്രഘോഷണം. അദ്ദേഹം പുറജാതീയരെയും ഏഥൻസ് നിവാസികളെയെയും അവഞ്ജയോടെയല്ല മറിച്ച് വിശ്വാസത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. അദ്ദേഹത്തിൻറെ ജീവിത മാതൃക ഇതര സംസ്കാരത്തിൽ നിന്നുള്ളവരുമായി സൗഹാർദ്ദത്തിന്റെ പാലം തീർക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമിപ്പിക്കുന്നു. പാപ്പാ ചൂണ്ടിക്കാട്ടി.

പൗലോസ് ശ്ലീഹാ ജനതകളുടെ ഇടയിൽ പ്രഘോഷിച്ചത് അജ്ഞാതനായ ഒരു ദൈവത്തെ അല്ല. മറിച്ച് മനുഷ്യന് അറിയാത്തതും അറിയാൻ അവൻ ശ്രമിച്ചിട്ടില്ലാത്തതുമായ ദൈവത്തെ ആയിരുന്നു. പുറം ജാതിക്കാരുടെ ഇടയിൽ പൗലോസ് ശ്ലീഹാ ക്രിസ്തുവിനെ പ്രഘോഷിച്ചത് അവരുടെമേൽ വിശ്വാസം അടിച്ചേൽപ്പിച്ചു കൊണ്ടല്ല. മറിച്ച് അവർക്കിടയിൽ സഹവർത്തിത്വത്തിന്റെ പാലം നിർമ്മിച്ച് കൊണ്ടാണ്. ഈ ഒരു മാതൃകയാണ് ഇന്ന് ആവശ്യവും. പാപ്പാ വ്യക്തമാക്കി.

ഇതര മതസ്ഥർക്കിടയിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും  പാലം പണിയുന്നവരായി മാറുവാനും അതിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാനും ഉള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.