വൃക്കരോഗികള്‍ക്ക് സാന്ത്വനമേകിയ ക്രിസ്മസ് സദ്വാര്‍ത്ത

കൊച്ചി രൂപതയിലെ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെ നിര്‍ധനരായ വൃക്കരോഗികളുടെ ഡയാലിസിസിനായി സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് ഡയാലിസിസ് സ്‌കീം മുഖ്യ സഹകാരി കെ. ജി. ലോറന്‍സ് ബിഷപ് ഡോ. ജോസഫ് കരിയിലിന് കൈമാറുന്നു. രൂപതാ വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട്, ആശുപത്രി ഡയറക്ടര്‍ ഫാ. സിജു പാലിയത്തറ എന്നിവര്‍ സമീപം.

കൊച്ചി: തിരുപ്പിറവിയുടെ സമാധാന സദ്വാര്‍ത്ത ആട്ടിടയര്‍ക്കാണ് ആദ്യം ലഭിച്ചതെങ്കില്‍ കൊച്ചിരൂപതയിലെ തിരുപ്പിറവി ആഘോഷങ്ങളില്‍ സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും സദ്വാര്‍ത്ത ലഭിച്ചത് വൃക്കരോഗികള്‍ക്കാണ്. കൊച്ചിരൂപതയിലെ ക്രിസ്മസാഘോഷങ്ങള്‍ അനാര്‍ഭാടമാക്കി കൊണ്ട് സമാഹരിച്ച 25 ലക്ഷം രൂപ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സംഭാവനയായി നല്‍കി.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എളിമയുടെ വര്‍ണം നല്‍കിയപ്പോള്‍ രൂപതയിലെ ഇടവകകളില്‍ നിന്നും സ്വരൂപിക്കാനായത് കാല്‍കോടി രൂപയാണ്. കൊച്ചി മെത്രാസന മന്ദിരത്തില്‍ കൂടിയ ക്രിസ്മസാഘോഷക്കൂട്ടായ്മയില്‍ വച്ച് ഡയാലിസിസ് സ്‌കീം മുഖ്യസഹകാരി കെ. ജി. ലോറന്‍സ് ബിഷപ് ഡോ. ജോസഫ് കരയിലിന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫാത്തിമ ആശുപത്രി ചെയര്‍മാന്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. സിജു പാലിയത്തറ, ഫാ. ആന്റണി തൈവീട്ടില്‍, പ്രൊഫ. കെ. വി. തോമസ് എം.പി., എം.എല്‍.എ മാരായ കെ. ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, എ. എം. ആരിഫ്, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ