
വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പാടുന്ന പാട്ടുകള്‍ ഓരോന്നും പ്രാര്‍ത്ഥനാഗീതങ്ങളാണ്. അതുകൊണ്ടു തന്നെ ആത്മാവിന്റെ സമര്‍പ്പണത്തിലേയ്ക്ക് കേള്‍വിക്കാരെ എത്തിക്കാന്‍ സാധിക്കുന്നതായിരിക്കണം ദേവാലയത്തില്‍ ഉയരുന്ന ആലാപനങ്ങള്‍ ഓരോന്നും. എന്നാല്‍ സമീപകാലങ്ങളിലായി ദേവാലയ സംഗീതത്തിന്റെ ശൈലിയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഉപകരണ സംഗീതങ്ങളുടെ അതിപ്രസരവും ദേവാലയാന്തരീക്ഷത്തിന് യോജിക്കാത്ത തരത്തിലുള്ള ശബ്ദകോലാഹലവുമാണ് ഈ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടവ.
ഈ സാഹചര്യത്തില്‍, പ്രാര്‍ത്ഥനാന്തരീക്ഷത്തിന് യോജിക്കുന്ന തരത്തിലുള്ള ശാന്തവും ലളിതവുമായ ഏതാനും ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ഫാ. എബി ഇടശ്ശേരിയും സംഘവും. രചനയിലും സംഗീതത്തിലും പശ്ചാത്തല സംഗീതത്തിലും പുലര്‍ത്തിയിരിക്കുന്ന ലാളിത്യമാണ് ‘സ്വര്‍ഗ്ഗത്തില്‍ നിന്നും’ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബത്തിന്റെ പ്രധാന സവിശേഷതകള്‍.
നിരവധി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ള എഡ്വിന് ജോണ്സണ്, ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സംഗീതസംവിധാനത്തില്‍ മുന്‍പരിചയമുള്ള പ്രിന്‍സ് ജോസഫ് എന്നിവരാണ് ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രചനയും സംഗീതവും ഫാ. എബി ഇടശ്ശേരിയുടേതാണ്. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്തെ ജനപ്രിയ ശബ്ദങ്ങളുടെ ഉടമകളായ കെസ്റ്റര്‍, വില്‍സണ്‍ പിറവം എന്നിവര്‍ക്കു പുറമേ ഫാ. എബി ഇടശ്ശേരി, ഫാ. മെല്വിന് ചിറ്റിലപ്പിള്ളി, സി. റിന്‍സി അല്‍ഫോന്‍സ് എസ്ഡി, സി. ജെസിന് പീറ്റര്‍ സിഎംസി, ഡാനിയേല്‍ റിജു എന്നിവരാണ് വിവിധ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.