മാര്‍ യൗസേപ്പിനോടുള്ള ഭക്തി മാര്‍പാപ്പാമാരിലൂടെ

സി. സോണിയ ഡി.സി.

വിണ്ണില്‍ നിന്നും മണ്ണിലേയ്ക്ക് മനുജരില്‍ ഒരാളായി ദൈവപുത്രനെ അയച്ചപ്പോള്‍ ദിവ്യശിശുവിന്റെ സംരക്ഷണം ഏറ്റവും നന്നായി നടത്തുവാന്‍ ദൈവം തമ്പുരാന്‍ ഏല്‍പ്പിച്ച വിശ്വസ്തപാലകന്‍ യൗസേപ്പിതാവാണെങ്കില്‍ ക്രിസ്തുവിന്റെ മൗതികശരീരവും മണവാട്ടിയുമായ സഭയെ ഇക്കാലമത്രയും കാത്തുപരിപാലിക്കുന്ന ദിവ്യസംരക്ഷകനും യൗസേപ്പിതാവാണെന്നത് നിസ്സംശയമായ യാഥാര്‍ത്ഥ്യമാണ്.

ഒന്നരപ്പതിറ്റാണ്ടായി മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള പഠനങ്ങളിലും ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും ഏറെ പുരോഗതിയുണ്ടായിരിക്കുകയാണ്. ജോസഫോളജി എന്ന ശാസ്ത്രശാഖ തന്നെ ദൈവശാസ്ത്രത്തില്‍ ഉത്ഭവിച്ചു. വി. യൗസേപ്പിനെക്കുറിച്ചുള്ള മാര്‍പാപ്പാമാരുടെ ഭക്തിയും പ്രബോധനങ്ങളും വളരെ ചുരുക്കത്തില്‍ കാണാം.

1. പീയൂസ് 9-ാമന്‍ പാപ്പ

‘പൊതെന്റിസിമോ പത്രോചിനിയോ’ എന്ന തിരുവെഴുത്തിലൂടെ 1870 ഡിസംബര്‍ 8-ാം തീയതി മാര്‍ യൗസേപ്പിനെ കത്തോലിക്കാ സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും 1871 ജൂലൈ 7-ാം തീയതി വി. യൗസേപ്പിന്റെ തിരുനാള്‍ മാര്‍ച്ച് 19-ന് ആചരിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു. കൂടാതെ, സഭയെ മഹാപിതാവായ യൗസേപ്പിന്റെ ശക്തമായ സംരക്ഷണത്തിന് സമര്‍പ്പിക്കുകയും കത്തോലിക്കാസഭയുടെ രക്ഷാധികാരി എന്നു വിളിക്കുകയും ചെയ്തു.

2. ലിയോ 13-മാന്‍ പാപ്പ

മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ആദ്യ അപ്പസ്‌തോലിക ലേഖനം, ക്വാം ക്വാം പ്ലൂരിയെസ് 1889 ആഗസ്റ്റ് 15-ാം തീയതി പുറപ്പെടുവിച്ചു.

3. പീയൂസ് 10-ാമന്‍ പാപ്പ

മാമ്മോദീസായിലൂടെ ജോസഫ് എന്ന് നാമകരണം ചെയ്യപ്പെട്ട പാപ്പായാണ് വി. യൗസേപ്പിതാവിന്റെ ലുത്തിനിയ അംഗീകരിച്ചത്.

4. ബെനഡിക്ട് 15-ാമന്‍ 

വി. യൗസേപ്പിതാവിന്റെ നാമം സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ കൂട്ടിച്ചേര്‍ക്കുകയും വിശുദ്ധന്റെ ഓര്‍മ്മയാചരണം കടമുള്ള ദിവസമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു.

5. പീയൂസ് 11-ാമന്‍

പീയൂസ് 11-ാമന്‍ മാര്‍പാപ്പ തന്റെ ചാക്രികലേഖനം ‘ദിവീനി റെദംതോരിസീ’ലൂടെ വി. യൗസേപ്പിന്റെ സ്ഥാനം പരിശുദ്ധ കന്യകാമറിയത്തിന് തൊട്ടുതാഴെയും വി. പത്രോസിനും സ്‌നാപകയോഹന്നാനും മേലെയാണെന്നും പഠിപ്പിച്ചു.

6. പീയൂസ് 12-ാമന്‍ പാപ്പ

1955 മുതല്‍ മെയ്ദിനം (മെയ് 1) തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിന്റെ തിരുനാളായി സഭയില്‍ ആചരിക്കാന്‍ ആരംഭിച്ചു. ഇത് കമ്മ്യൂണിസ്റ്റുകാരുടെ തൊഴിലാളിദിനാചരണത്തോടുള്ള പ്രതികരണമായിരുന്നു.

7. ജോണ്‍ 23-ാമന്‍ പാപ്പ

1962-65 വരെ നടന്ന സാര്‍വ്വത്രികസഭയിലെ ഏറ്റവും വലിയ സൂന്നഹദോസിന്റെ മദ്ധ്യസ്ഥനും സംരക്ഷകനുമായി വി. യൗസേപ്പിതാവിനെ പ്രഖ്യാപിക്കുകയും റോമന്‍ തക്‌സയില്‍/ കുര്‍ബാനക്രമത്തില്‍ മറിയത്തിന്റെ നാമത്തിനുശേഷം യൗസേപ്പിന്റെ നാമം ചേര്‍ക്കുകയും ചെയ്തു.

8. പോള്‍ 6-ാമന്‍ പാപ്പ

പലതവണ പ്രംസംഗങ്ങളില്‍ യൗസേപ്പിന്റെ എളിമ, അനുസരണം, തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

9. ജോണ്‍പോള്‍ 2-ാമന്‍ പാപ്പ

ലിയോ 13-ാമന്‍ പാപ്പ യൗസേപ്പിതാവിനെക്കുറിച്ച് ആദ്യ അപ്പസ്‌തോലിക ലേഖനം പുറപ്പെടുവിച്ചതിന്റെ നൂറാം വര്‍ഷം 1989 ആഗസ്റ്റ് 15-ാം തീയതി മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള അപ്പസ്‌തോലിക ആഹ്വാനം എഴുതി.

റെദെംതോറിസ് കുസ്‌തോസ് (രക്ഷകന്റെ പാലകന്‍) എന്ന ഈ ശ്ലൈഹികാഹ്വാനത്തില്‍ പാപ്പ പറയുന്നു: ‘ദൈവം തന്റെ അമൂല്യനിധിയുടെ പരിപാലനം ഏല്‍പ്പിച്ചിരിക്കുന്നത് വി. യൗസേപ്പിതാവിനെയാണ്’ (RC. 3)

ലിയോ 13-ാമന്‍ പാപ്പാ ഇപ്രകാരം പറയുന്നു: “സഭ യൗസേപ്പിനെ തന്റെ മദ്ധ്യസ്ഥതയിലും വലിയ പ്രത്യാശ അര്‍പ്പിക്കുന്നതിനും ഏറ്റവും പ്രധാനകാരണം അദ്ദേഹം മറിയത്തിന്റെ ഭര്‍ത്താവും യേശുവിന്റെ വളര്‍ത്തുപിതാവുമായിരുന്നു എന്നതാണ്‌. തന്റെ കാലത്ത് യേശുവിന്റെ നിയമപരവും സ്വാഭാവികവുമായ രക്ഷകര്‍ത്താവായിരുന്ന യൗസേപ്പ്, തിരുക്കുടുംബത്തിന്റെ തലവനും സംരക്ഷകനുമായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ നസ്രത്തിലെ തിരുക്കുടുംബത്തിന് നിതാന്തജാഗ്രതയോടെയുള്ള വിശുദ്ധ സംരക്ഷണം നല്‍കിയ ജോസഫ്, ക്രിസ്തുവിന്റെ സഭയ്ക്കും സ്വര്‍ഗ്ഗീയമാദ്ധ്യസ്ഥ്യം നല്‍കി അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു”.

10. ബെനഡിക്ട് 16-ാമന്‍

‘കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ എളിയ വേലക്കാരന്‍’ എന്ന അഭിസംബോധനയോടെ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ബെനഡിക്ട് 16-ാമന്‍ 2005-ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റു. പാപ്പ നിശ്ചയദാര്‍ഢ്യത്തോടെ പഠിപ്പിച്ചു: ‘നിക്ഷേപങ്ങളൊന്നുമില്ലാതെയും സ്‌നേഹിക്കാന്‍ സാധ്യമെന്ന് മാര്‍ യൗസേപ്പ് പഠിപ്പിക്കുന്നു.’ മാര്‍ യൗസേപ്പിനോട് വളരെ ഭക്തിയും സ്‌നേഹവും പാപ്പായ്ക്ക് ഉണ്ടായിരുന്നു.

11. ഫ്രാന്‍സിസ് പാപ്പ

1953-ല്‍ ബുവനസ് ഐരസിലെ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് 17-ാമത്തെ വയസ്സില്‍ തന്റെ ദൈവവിളി ആദ്യമായി തിരിച്ചറിഞ്ഞത്. ആ ജോര്‍ജ്ജ്, 50 വര്‍ഷങ്ങള്‍ക്കുശേഷം 2013 മാര്‍ച്ച് 19-ല്‍ 266-ാമത്തെ മാര്‍പാപ്പയായി സ്ഥാനമേറ്റു. അതിനുശേഷം പാപ്പായുടെ ഉറങ്ങുന്ന യൗസേപ്പിനോടുള്ള സ്വകാര്യഭക്തി സഭയിലുടനീളം പടര്‍ന്നു. “എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനായ യൗസേപ്പിനോട് എനിക്ക് അളവറ്റ സ്‌നേഹവും ഭക്തിയുമാണ്. എന്റെ യൗസേപ്പിതാവ് ഉറങ്ങുന്നത് മെത്തയിലല്ല, അപേക്ഷകളുടെ മേലെയാണ്. എനിക്കെന്തെങ്കിലും വിഷമങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ അതൊരു തുണ്ടുകടലാസിലെഴുതി യൗസേപ്പിന്റെ രൂപത്തിനടിയില്‍ വയ്ക്കും. അതിനാല്‍, അദ്ദേഹത്തിന് അവയെക്കുറിച്ച് കിനാക്കള്‍ കാണാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഞാന്‍ മാര്‍ യൗസേപ്പിനോട് പറയും ഈ പ്രശ്‌നത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം.”

സി. സോണിയ ഡി.സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.