മൂന്ന് “നന്മ നിറഞ്ഞ മറിയമേ…” പ്രാർത്ഥനയുടെ ശക്തി

പരിശുദ്ധ മറിയത്തോടുള്ള നിരവധി പ്രാർത്ഥനകൾ നമുക്കറിയാം. അതിൽത്തന്നെ ഏറ്റവും പ്രധാനം, നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാർത്ഥനയാണെന്നും നമുക്കറിയാം.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബനഡിക്ടൻ സന്യാസിനിയായ സിസ്റ്റർ മെച്ചിൽഡ് ഹേക്ക്ബോണിന് ഒരിക്കൽ മറിയത്തിന്റെ അരുളപ്പാട് ഉണ്ടായി. പരിശുദ്ധ മറിയം വഴിയായി പരിശുദ്ധ ത്രിത്വത്തിന് നന്ദി അർപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു അത്. ഒരിക്കൽ തന്റെ മരണത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന അവസരത്തിൽ തന്റെ അന്ത്യസമയത്ത് കൂട്ടായി വരേണമേയെന്ന് അവർ പരിശുദ്ധ മറിയത്തോട് പ്രാർത്ഥിച്ചു. ആ സമയത്ത് അമ്മ പഠിപ്പിച്ചതാണ്, ത്രിത്വസ്തുതിക്കായി മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്നതിനെക്കുറിച്ച്.

മൂന്ന് നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥനയിലൂടെ ദൈവത്തിന് നന്ദി അർപ്പിക്കുന്നതായിരുന്നു മറിയം പഠിപ്പിച്ചത്. അത് ഇങ്ങനെയായിരുന്നു…

മറിയമേ, എന്റെ അമ്മേ, മരണമുള്ള പാപത്തിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ. പിതാവായ ദൈവം അങ്ങേയ്ക്ക് നൽകിയിരിക്കുന്ന പ്രത്യേക അധികാരത്താൽ… (നന്മ നിറഞ്ഞ…)

പുത്രനായ ദൈവം അങ്ങേയ്ക്ക് നൽകിയിരിക്കുന്ന പ്രത്യേക ജ്ഞാനത്താൽ… (നന്മ നിറഞ്ഞ…)

പരിശുദ്ധാത്മാവായ ദൈവം അങ്ങേയ്ക്ക് നൽകിയിരിക്കുന്ന പ്രത്യേക സ്നേഹത്താൽ… (നന്മ നിറഞ്ഞ…)

ത്രിത്വസ്തുതി.

പരിശുദ്ധ മറിയമേ, അങ്ങയുടെ അമലോത്ഭവശക്തിയാൽ എന്റെ ശരീരത്തെയും ആത്മാവിനെയും ശുചിയാക്കണമേ. ആമ്മേൻ.

പത്താം പീയൂസ് പാപ്പാ അംഗീകാരം നല്‍കിയ പ്രാർത്ഥന കൂടിയാണിത്. വിശുദ്ധ ജെഡ്രൂദിന് പ്രത്യക്ഷപ്പെട്ടും പരിശുദ്ധ മറിയം ഈ പ്രാർത്ഥന ചൊല്ലിക്കൊടുത്തിരുന്നു.