ദേവി മേനോനെ റോസ് മരിയ ആക്കിയത് വിശുദ്ധ കുര്‍ബാന: അത്ഭുതകരമായ ഒരു സാക്ഷ്യം

റോസ് മരിയ

തന്റെ ജീവിതത്തെ മുഴുവന്‍ മാറ്റിയത് വിശുദ്ധ കുര്‍ബാനയാണെന്ന സാക്ഷ്യവുമായി ദേവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അതിന്റെ പൂര്‍ണ്ണരൂപം.

‘ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. ‘ദൈവഹൃദയം മനുഷ്യഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒന്നാകുന്ന സമയം’. അതാണല്ലോ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയാകുന്ന ഈശോയുടെ സ്‌നേഹം, നിര്‍വ്വചിക്കാന്‍ സാധിക്കുന്നതിനും അപ്പുറമാണ്. വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിനു ശേഷം നമ്മള്‍ തമ്പുരാന് കൃതജ്ഞതയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയിലൂടെ അത് ഏറ്റവും ഉത്തമമായി സഭാപിതാക്കന്മാര്‍ നമുക്ക് ബോധ്യമാക്കി തരുന്നുണ്ട്.

‘അവര്‍ണ്ണനീയമായ ദാനത്തെക്കുറിച്ച് കര്‍ത്താവേ അങ്ങേയ്ക്കു സ്തുതി.’ ദൈവത്തിന്റെ എറ്റവും വലിയ ദാനം, സ്‌നേഹം, കരുണ, കരുതല്‍, സമ്മാനം അതാണല്ലോ, ‘പുത്രന്‍ തമ്പുരാന്‍’. ദാനത്തിനു ചില പ്രത്യേകതകളുണ്ട്. എറ്റവും ഇഷ്ടപ്പെട്ടത് എറ്റവും ഇഷ്ടമുള്ളവര്‍ക്ക്, അവരുടെ യോഗ്യതകള്‍ നോക്കാതെ, പൂര്‍ണ്ണമനസ്സോടെ കൊടുക്കുന്നതാണ് ദാനം. താന്‍ നെഞ്ചോടു ചേര്‍ത്തതു പോലെ അവരും ചങ്കോട് ചേര്‍ത്തുവയ്ക്കും എന്ന വിശ്വാസവും, പ്രതീക്ഷയും, ആഗ്രഹവും മാത്രമേ ദാനത്തിനു ലക്ഷ്യമായി ഉണ്ടാവൂ.

ഈ അടുത്ത ദിവസം വളരെ അടുപ്പമുണ്ടായിരുന്ന ഒരു വൈദികന്റെ ഓര്‍മ്മകുര്‍ബാനയില്‍ പങ്കുചേരാന്‍ സാധിച്ചു. അറിയുന്ന ഒരു വൈദികന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു ഈ ഭൂമിയില്‍ നിന്നു പോകുമ്പോള്‍ നമുക്ക് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് (നഷ്ടപ്പെടുന്നത്) ആ അച്ചന്റെ ആശീര്‍വാദം ആയിരിക്കും. പിതൃവാത്സല്യത്താലും ഗുരുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാലും ഒട്ടേറെ ധന്യമൂഹൂര്‍ത്തങ്ങള്‍ ഓര്‍ക്കാനുണ്ട്. എന്നാല്‍, കണ്ട് തിരിച്ചുപോരുമ്പോള്‍ ദൈവകൃപയാലും ശ്ലൈഹിക പാരമ്പര്യത്താലും കൈവയ്പ്പിന്റെ കൃപയാല്‍ ഹൃദയം തുറന്നു ശിരസ്സില്‍ കൈവച്ച് ആശീര്‍വദിക്കുന്നതിന്റെ ഒരനുഭവം, അത് ശരിക്കും ഒരു തീരാനഷ്ടം തന്നെയാണ്.

ഞാന്‍ പ്രധാനമായും പറയാനുദ്ദേശിച്ചത് മറ്റൊരു കാര്യമാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഈ ലോകത്തിന്റെ രക്ഷയ്ക്കായി തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേയ്ക്ക് അയച്ചു, ആ പുത്രന്‍ ജനിച്ചു ജീവിച്ചു മരിച്ചു ഉയിര്‍ത്ത, രക്ഷാകര പദ്ധതിയുടെ അനുസ്മരണമാണല്ലോ വിശുദ്ധ കുര്‍ബാന. ചുരുക്കിപ്പറഞ്ഞാല്‍ പുത്രന്‍ തമ്പുരാന്റെ ജീവിതത്തിന്റെ ഓര്‍മ്മ ആചരിക്കല്‍. ‘എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍’ തമ്പുരാന്റെ ഈ കല്പനയാണല്ലോ നമ്മള്‍ ആചരിക്കുന്നത്. നമ്മുടെ കുര്‍ബാനയുടെ ശരിയായ രൂപത്തില്‍ തുടങ്ങുന്നതു തന്നെ ഈ ഓര്‍മ്മപ്പെടുത്തലോടെ ആണ്.

{കാര്‍മ്മികന്‍: പുഖ്ദാന്‌കോന്‍ (നമുക്ക് ലഭിച്ചിരിക്കുന്ന കല്പനയനുസരിച്ചു ഈ കുര്‍ബാന ആരംഭിക്കാം)

സമൂഹം: പുഖ്ദാനേദമ്ശിഹാ (മിശിഹായുടെ കല്പനയനുസരിച്ചാണല്ലോ നാം ഇത് അര്‍പ്പിക്കുന്നത്)}

കുറച്ചുകൂടി മനസ്സിലാക്കാന്‍ നമുക്ക് വിശുദ്ധ കുര്‍ബാനയിലെ ഒരു പ്രാര്‍ത്ഥന ഓര്‍ക്കാം. അത് മറ്റൊന്നിനുള്ള ഉത്തരം കൂടിയാണ് ‘എന്താണ് വിശുദ്ധ കുര്‍ബാന’ എന്നു ചോദിച്ചാല്‍ വ്യക്തമായി എന്നാല്‍ ചുരുക്കി നമുക്കു പറയാന്‍ സാധിക്കുമോ? സാധിക്കും, നമുക്ക് വിശുദ്ധ കുര്‍ബാനയിലെ ഒരു പ്രാര്‍ത്ഥന ശ്രദ്ധിക്കാം

‘നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മയാചരിക്കുവാന്‍ കല്പിക്കുകയും ചെയ്ത മിശിഹാ…’ (മിശിഹാ കല്പിച്ച ഓര്‍മ്മയാചരണം, തമ്പുരാന്റെ രക്ഷാകര പദ്ധതിയുടെ)

വിശുദ്ധ കുര്‍ബാന മിശിഹായുടെ കല്പന അനുസരിക്കലും ഓര്‍മ്മ ആചരിക്കലുമാണ്. ഓര്‍മ്മയാചരണത്തിന് എപ്പോഴും നമ്മുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമാണ്. ഒരുപക്ഷെ, ഒരു വ്യക്തിയുടെ നഷ്ടം സ്‌നേഹം നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എല്ലാം നമ്മള്‍ ആഴത്തില്‍ തിരിച്ചറിയുന്നത് അപ്പോഴായിരിക്കും. എത്ര മറക്കാന്‍ ശ്രമിച്ചാലും ഒരു വ്യക്തി മരിച്ച ദിവസം (ഓര്‍മ്മദിവസം) നമ്മുടെ മനസ്സ് ആ വ്യക്തിയോടുള്ള സ്‌നേഹത്താല്‍ ഓര്‍മ്മകളാല്‍ നിറയുന്ന ദിവസമാണ്.

തിരുസഭ ദിവസവും ആചരിക്കുന്നത് ഈശോയുടെ ദിവ്യബലിയാണ്, ഓര്‍മ്മിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും ഈശോയുടെ ജീവിതമാണ് (എന്നാല്‍ അത് മാനുഷികമല്ല ദൈവികമാണ്, അതുകൊണ്ട് അതൊരിക്കലും ദുഃഖത്തിന്റെയല്ല മറിച്ചു പ്രത്യാശയുടെ ആണ്). പക്ഷെ, രക്ഷാക രപദ്ധതിയുടെ ഓരോ ഘട്ടവും ആചരിക്കുമ്പോള്‍ അതിന് അനുയോജ്യമായ തീവ്രതയില്‍ നാം പങ്കുചേരുന്നുണ്ടോ??

ജോസച്ചന്റെ ഓര്‍മ്മകുര്‍ബാനയില്‍ പങ്കുചേര്‍ന്നത് എനിക്കൊരു വിചിന്തനത്തിന്റെ സമയം കൂടി ആയിരുന്നു. എനിക്ക് പരിചയമുള്ള, അടുപ്പമുള്ള ഒരു വൈദികന്റെ ഓര്‍മ്മയ്ക്കായി അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ ഇത്രയേറെ എന്റെ മനസ്സ് പങ്കുചേര്‍ന്നെങ്കില്‍, ആഴത്തില്‍ അനുഭവിച്ചെങ്കില്‍, ഓര്‍മ്മകളാല്‍ ഞാന്‍ അച്ചനോടൊപ്പം ആയിരുന്നെങ്കില്‍ എത്രയധികം ഞാന്‍ എന്റെ കര്‍ത്താവും ദൈവവുമായ ഈശോമിശിഹായുടെ ഓര്‍മ്മ ആചരണമായ, അനുദിനം അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരണം?? എന്റെ ഈശോയ്ക്ക് യോഗ്യമാം വിധമോ, അര്‍ഹതപ്പെട്ട വിധമോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള കഴിവ് എനിക്കില്ല, എന്നാല്‍ എനിക്ക് ആവും വിധമെല്ലാം, ഏറ്റവും വലിയ അര്‍പ്പണ മനോഭാവത്തോടെ എനിക്ക് കുര്‍ബാന അര്‍പ്പിക്കുവാന്‍ സാധിക്കുന്നുണ്ടോ?? ഇനിയും ആഴപ്പെടാന്‍, എളിമപ്പെടാന്‍, വിശുദ്ധീകരിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു, പ്രയത്‌നിക്കേണ്ടിയിരിക്കുന്നു, പഠിക്കേണ്ടിയിരിക്കുന്നു…

വിശുദ്ധ കുര്‍ബാനയിലൂടെ അനുഭവിക്കുന്ന സ്‌നേഹത്തിനു പകരം വയ്ക്കാന്‍ ഈ ലോകത്തു ഒന്നുമില്ല, ആരുമില്ല. വാക്കുകള്‍ക്കും ചിന്തകള്‍ക്കും അതീതം. ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന, സംസാരിക്കുന്ന, ഇഴുകിച്ചേരുന്ന, ഒന്നായിത്തീരുന്ന സമയം. ഈ സമയം തീര്‍ന്നുപോകല്ലേ എന്ന് ആഗ്രഹിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന ഈ ലോകത്തിലെ ഒരേയൊരു ദിവ്യമുഹൂര്‍ത്തം. ദൈവഹൃദയം മനുഷ്യഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒന്നാകുന്ന സമയം.

ദേവി മേനോന്‍ റോസ് മരിയ ആവാന്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഇന്നൊരു നസ്രാണി ആയെങ്കില്‍; അതിന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ ഒരു കാരണമേയുള്ളൂ ‘വിശുദ്ധ കുര്‍ബാന.’

പ്രാര്‍ത്ഥനകളോടെ, സസ്‌നേഹം

+ഈശോയുടെ തിരുനാമത്തില്‍

നിങ്ങളുടെ അച്ചു (റോസ് മരിയ)