ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ ചെയ്യേണ്ടത്! ദേവി മേനോന്റെ വൈറല്‍ കുറിപ്പ്

ദേവി മേനോന്‍

എന്റെ ശരീരം സെമിത്തേരിയില്‍ എനിക്ക് മുന്‍പേ വാങ്ങിപോയവര്‍ക്കൊപ്പം അടക്കുവാന്‍ കിട്ടാത്ത വിധത്തില്‍ ഒരുപക്ഷേ ഞാന്‍ മരണപ്പെട്ടേക്കാം. പക്ഷേ, എന്നെ പരിചയമുള്ള എല്ലാ വൈദികരും, സന്യസ്തരും, വിശ്വാസികളും എനിക്കു വേണ്ടി ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കണം, അതെന്റെ ആഗ്രഹവും അപേക്ഷയുമാണ്. കാരണം എന്റെ ആത്മാവിനു ലഭിക്കുന്ന സ്‌നേഹവും ആദരവും പ്രാര്‍ത്ഥനയും ആണ് അത്.

ദൈവം ദാനമായി നല്‍കിയ ആത്മാവിനെ തിരിച്ചു ആ പരിശുദ്ധ കരങ്ങളിലേക്ക് സമര്‍പ്പിക്കുമ്പോള്‍ എന്നിലുള്ള എല്ലാ കുറവുകളും അയോഗ്യതകളും നീക്കി ഒപ്പീസ്സിനാല്‍ വിശുദ്ധീകരിക്കണം.

എന്നെ അറിയാവുന്ന എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കു വേണം. ദൈവത്തിന്റെ തിരുമുഖം ദര്‍ശിക്കുവാന്‍ അയോഗ്യയും പാപിയുമായ എനിക്ക്, എന്റെ ആത്മാവിനു നിങ്ങള്‍ നല്‍കുന്ന കരുണയാണ് ആ പ്രാര്‍ത്ഥനകള്‍.

പുഴുക്കള്‍ക്ക് എന്റെ ശരീരം ഞാന്‍ ജീവനോടെ ഉള്ളപ്പഴോ മരണാനന്തരമോ ഭക്ഷണം ആകുന്നതോര്‍ത്തു എനിക്ക് ആകുലതയില്ല തമ്പുരാനേ. എന്നാല്‍ മരിക്കുന്ന ദിവസവും വിശുദ്ധകുര്‍ബാന സ്വീകരിച്ച്, മരിക്കുന്നതിന് മുന്‍പ് രോഗീലേപനവും സ്വീകരിച്ച്… അങ്ങനെ ഓരോ കൂദാശകളിലും നിന്റെ കൈപിടിച്ചു, നിന്നെ മഹത്വപ്പെടുത്തി ഒരു ഉത്തമനസ്രാണിയായി വിശുദ്ധസ്ലീവായുടെ മുദ്ര ബോധത്തോടെയോ അല്ലാതെയോ തിരുനെറ്റിയില്‍ ചാര്‍ത്തി എനിക്ക് മരിക്കുവാന്‍ സാധിക്കേണമേ…

സത്പ്രവര്‍ത്തികളും സത്ചിന്തകളും മാത്രമല്ല നീ ദാനമായി നല്‍കിയ വിശ്വാസവും എന്റെ അന്ത്യനിമിഷം വരെ എനിക്ക് കൂട്ടായി ഉണ്ടാകേണമേ…

കടപ്പാട് : ഈ ചിന്തകള്‍ എന്നിലേക്ക് എത്തിച്ച ‘ആരുടെയോ’ ഒരു ആനുകാലികകുറിപ്പിന്.

അച്ചു (റോസ് മരിയ)