ഞായറാഴ്ച ആചരണം വിശുദ്ധമാക്കുവാന്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും ഒഴിവാക്കി ഡെട്രോയിറ്റ് രൂപത

ഞായറാഴ്ചകളില്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും പാടില്ലെന്ന് അമേരിക്കയിലെ ഡെട്രോയിറ്റ് മെത്രാപ്പോലീത്ത അല്ലെന്‍ എച്ച്. വിനെറോണ്‍. ആര്‍ച്ച് ബിഷപ്പ് അല്ലെന്‍ വിനെറോണ്‍ തന്റെ അതിരൂപതാ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച പുതിയ അജപാലക പ്രസ്താവനയിലാണ് ഈ ധീരമായ നിലപാട് എടുത്തിരിക്കുന്നത്.

ഞായറാഴ്ച്ച കര്‍ത്താവിനും കുടുംബത്തിനും കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി മാറ്റിവയ്ക്കണം. അതിരൂപതയുടെ കീഴിലുള്ള ഹൈസ്‌കൂളുകളിലും പ്രൈമറി സ്‌കൂളുകളിലും ഇനി മുതല്‍ ഞായറാഴ്ചകളില്‍ യാതൊരു വിധ കായിക പരിപാടികളോ പരിശീലനങ്ങളോ നടത്തുവാന്‍ പാടില്ലെന്നും ബിഷപ്പ് പ്രസ്താവനയില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച ദിവസം പൂര്‍ണ്ണമായും ആരാധനയ്ക്കും കുടുംബത്തിനും വിശ്രമത്തിനുമായി മാറ്റിവെയ്ക്കാനാണ് ഡിട്രോയിറ്റിലെ കത്തോലിക്കാ ദേവാലയങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

കായിക വിദ്യാര്‍ത്ഥികളുടെ പരിശീലനപരിപാടികള്‍ തിങ്കള്‍ മുതല്‍ ശനി വരെ എന്നുള്ള തരത്തില്‍ ക്രമീകരിക്കുമെന്ന് അതിരൂപതയിലെ കാത്തലിക് ഹൈസ്‌കൂള്‍ ലീഗ്, കാത്തലിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ എന്നീ കായിക പരിശീലന സംഘടനകള്‍ വ്യക്തമാക്കി.