കൊളംബിയയിൽ ദൈവാലയത്തിനു നേരെ ആക്രമണം: തിരുവോസ്തി നശിപ്പിച്ചു

കൊളംബിയയിലെ കാർട്ടജീനയിൽ സ്ഥിതി ചെയ്യുന്ന സാൻ റോക്ക് ദൈവാലയത്തിനു നേരെ ആക്രമണം. ആക്രമികൾ വിശുദ്ധ കുർബാന അശുദ്ധമാക്കുകയും ദൈവാലയത്തിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. രണ്ടു പേർ ദൈവാലയത്തിന്റെ കതകു തകർത്തു ഉള്ളിൽ കയറുന്നതായ ദൃശ്യങ്ങൾ പള്ളി വികാരി ഫാ. വില്യം നർവേസ് മെസ പുറത്തുവിട്ടു.

കുറ്റവാളികൾ പുരാതനവും കട്ടിയുള്ളതും മരംകൊണ്ടുള്ളതുമായ വാതിൽ തകർത്ത് ദൈവാലയത്തിൽ പ്രവേശിച്ച് ഏകദേശം 150 വർഷം പഴക്കമുള്ള സക്രാരിയിൽ വിശുദ്ധ കുർബാന സൂക്ഷിച്ചു വെക്കുന്ന വെള്ളി പാത്രം മോഷ്ടിച്ചു. അത് മോഷ്ടിക്കുന്നതിനിടയിൽ സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തികൾ നശിപ്പിക്കുകയും ചെയ്ത വിവരം വളരെ വേദനയോടെയാണ് ഫാ. വില്യം അറിയിച്ചത്. പള്ളിയുടെ പുനരുദ്ധാരണത്തിന് ഉപയോഗിച്ച വെങ്കലക്കുരിശ്, മെഴുകുതിരി, നിർമ്മാണ സാമഗ്രികൾ എന്നിവയും മോഷ്ടാക്കൾ അപഹരിച്ചു.

വിശുദ്ധ കുർബാനയ്ക്കു നേരെയുള്ള ആക്രമണവും അവഹേളനവും ഇടവക ജനങ്ങളെയും ഏറെ വേദനിപ്പിച്ചു. പരാതി ലഭിച്ച ഉടനെ തന്നെ പോലീസ് നടത്തിയ അന്വേഷണത്തിൽ വിശുദ്ധ വസ്തുക്കൾ കണ്ടെത്തി എങ്കിലും തിരുവോസ്തിക്കു നേരെ നടന്ന അവഹേളനം ഒരു വേദനയായി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.