ഡെർബി ഗ്രാൻഡ് മിഷൻ നോമ്പുകാല ധ്യാനം: മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നല്‍കും

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ഡെർബി സെന്റ് ഗബ്രിയേൽ മിഷനിൽ ‘ഗ്രാൻഡ് മിഷൻ’ ധ്യാനം നാളെ മുതൽ വരുന്ന മൂന്ന് (മാർച്ച് 22, 23, 24) ദിവസങ്ങളിലായി നടക്കും. ഡെർബി സെന്റ് ജോസഫ്‌സ് (Burton Road, DE 11 TQ) കത്തോലിക്കാ ദൈവാലയത്തിൽ നടക്കുന്ന ധ്യാനശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ബ്രദർ റെജി കൊട്ടാരം, മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.

വെള്ളിയാഴ്ച വൈകിട്ട് 5.00 മുതൽ 9.00 വരെയും ശനിയാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് 6.00 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മുതൽ വൈകിട്ട് 7.00 വരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാനദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. ധ്യാനദിവസങ്ങളിൽ ലഘുഭക്ഷണം ലഭ്യമായിരിക്കും.

അറിയപ്പെടുന്ന വചനപ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം ആണ് വചനസന്ദേശം പങ്കുവയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ആളുകൾക്ക് ദൈവാനുഭവം പകർന്നുകൊടുക്കാൻ ബ്രദർ റെജി കൊട്ടാരത്തിന്റെ സുവിശേഷപ്രഘോഷണത്തിന് സാധിച്ചിട്ടുണ്ട്. മിഷൻ ഡയറക്ടർ, വാർഡ് ലീഡേഴ്‌സ്, കമ്മറ്റി അംഗങ്ങൾ, വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.