ന്യൂനപക്ഷ ക്ഷേമവകുപ്പിലെ കരാര്‍ നിയമനങ്ങള്‍ അന്വേഷണ വിധേയമാക്കണം: ലെയ്റ്റി കൗണ്‍സില്‍

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ 95 കരാര്‍ നിയമനങ്ങള്‍ അന്വേഷണ വിധേയമാക്കി റദ്ദ്‌ചെയ്യണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കെടുകാര്യസ്ഥതയുടെയും കടുത്ത വിവേചനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രൈസ്തവരുള്‍പ്പെടുന്ന ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ആക്ഷേപിച്ചും അവഹേളിച്ചും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷസമുദായം ക്ഷേമപദ്ധതികള്‍ മുഴുവന്‍ തട്ടിയെടുക്കുമ്പോള്‍ കരാര്‍ നിയമനങ്ങളിലൂടെ അതേ സമുദായത്തിലെ അംഗങ്ങളെ തിരുകിക്കയറ്റുന്നതും സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതും നീതികേടാണ്. വ്യക്തമായ മാനദണ്ഡങ്ങളോ യോഗ്യതകളോ അടിസ്ഥാനമാക്കാതെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ച് സ്ഥിരനിയമനം നല്‍കാനുള്ള ആസൂത്രിതശ്രമം എതിര്‍ക്കപ്പെടണം. 2012ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് 903 ന്യൂനപക്ഷ പ്രമോട്ടര്‍മാരെ ഒരു മാനദണ്ഡവുമില്ലാതെ നിയമിക്കുകയും പിന്നീട് എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന്‍ നിയമനത്തിലും തിരുത്തല്‍ വരുത്തി കമ്മീഷന്‍ അംഗങ്ങളെല്ലാം ഭാവിയില്‍ ന്യൂനപക്ഷവിഭാഗത്തിലെ ഭൂരിപക്ഷ സമുദായത്തില്‍ നിന്നു മാത്രമാകുന്ന രീതിയിലാക്കിയിരിക്കുന്നത് കടുത്ത അനീതിയാണ്.

2010ല്‍ ആരംഭിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഇരുമുന്നണികളും ക്രൈസ്തവരോട് കാണിക്കുന്നത് കടുത്ത വഞ്ചനയും വിവേചനവുമാണ്. മതനിരപേക്ഷത നിരന്തരം സംസാരിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുപോലും ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ക്ഷേമം മുഴുവന്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷസമുദായത്തിനും ആക്ഷേപമൊന്നാകെ ക്രൈസ്തവര്‍ക്കും എന്ന വിചിത്രമായ നിലപാട് തുടരുമ്പോള്‍ ഭാവിയില്‍ വകുപ്പിന്റെ പേരുതന്നെ മാറ്റേണ്ടിവരും. സംസ്ഥാനജനസംഖ്യയില്‍ 30 ശതമാനത്തോളമായി വളര്‍ന്ന ഒരു വിഭാഗത്തെ ന്യൂനപക്ഷമായി കണക്കാക്കാമോയെന്നും പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്. വി.സി,സെബാസ്റ്റ്യന്‍ പറഞ്ഞു.