ഈശോയെ തള്ളിപ്പറയാൻ അയാൾ വിസമ്മതിച്ചു; അവർ അയാളുടെ വിരലുകൾ മുറിച്ചെടുത്തു – ഒരു  വിങ്ങുന്ന സാക്ഷ്യം 

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരുടെ നാടാണ് ആഫ്രിക്ക. ഇരുണ്ട ഭൂഖന്ധം എന്നറിയപ്പെടുന്ന ഇവിടെ മതഭ്രാന്തിന്റെ പേരിൽ മനസും കണ്ണുകളും ഇരുട്ടാക്കിയ കുറെ ആളുകളുണ്ട്. ഫുലാനി തീവ്രവാദികളും, ബോക്കോ ഹറാം തീവ്രവാദികളും. ക്രിസ്തുവിന്റെ സ്നേഹമാകുന്ന വെളിച്ചം കാണാൻ/ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഇവർക്കു മുന്നിൽ ആ സ്നേഹദീപത്തിൽ നിന്ന് വെളിച്ചം പകരുവാൻ ജീവൻ ബലി നൽകുന്ന അനേകം ആളുകളുണ്ട്. കൊലക്കയറിനു മുന്നിലും തങ്ങളെ സ്നേഹിക്കുന്ന ദൈവത്തെ ഉപേക്ഷിക്കാത്തവർ… അത്തരത്തിലുള്ള ഒരു അനുഭവത്തിലൂടെ നമുക്ക് കടന്നുപോകാം.

നൈജീരിയായിലെ അബൂജ എന്ന സ്ഥലം. ഇവിടെ 29-കാരിയായ ഒരു പെൺകുട്ടിയുണ്ട് – ആയിഷ വാലാ. വടക്കൻ നൈജീരിയയിൽ തന്റെ കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം താമസിച്ചിരുന്ന ഇവൾ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു. വളരെ കഷ്ടപ്പെട്ട് ജീവിതം നയിക്കുന്നതിനിടയിലാണ് ബൊക്കോ ഹറാം തീവ്രവാദികൾ ഇവരുടെ ഗ്രാമത്തിൽ ഭീതിയുടെ നിഴൽ വിരിച്ച് എത്തുന്നത്. “ഒരു ദിവസം ഞാൻ കേട്ടു അവർ എന്റെ അച്ഛനെ കൊന്നു എന്ന്. ഞങ്ങൾ ഭയപ്പെട്ടു പോയി. ആ ഗ്രാമത്തിൽ നിന്ന് അൽപം അകലെയായി മാറി താമസിക്കുവാൻ ശ്രമിച്ചു” – ആയിഷ സംഭവത്തെക്കുറിച്ച് വിവരിച്ചു തുടങ്ങി.

2014 സെപ്റ്റംബർ 24 ആയിരുന്നു ആ ദിവസം. അന്ന് ബൊക്കോ ഹറാം തീവ്രവാദികൾ ഞങ്ങളുടെ ഗ്രാമത്തിൽ കടന്നുകയറുകയും ഭീതി വിതയ്ക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ ബന്ധിച്ച ഭീകരർ, തങ്ങളുടെ പതിവ് ക്രൂരതകൾ ആവർത്തിക്കുകയായിരുന്നു. ആയിഷ പറയുന്നു. അവർ ബന്ദികളാക്കിയ കൂട്ടത്തിൽ ആയിഷയുടെ അയൽവാസിയായ യെഹന്ന എന്ന വ്യക്തിയും ഉണ്ടായിരുന്നു. ബന്ധികൾക്ക് രണ്ടു സാധ്യതകളാണ് ഭീകരർ നൽകിയത്. ഒന്നുകിൽ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു ജീവിക്കുക, അല്ലെങ്കിൽ മരിക്കുക. യെഹന്നയുടെ മുന്നിലേയ്ക്കും ഭീകരർ ഈ ആവശ്യം തന്നെ മുന്നോട്ടുവച്ചു. എന്നാൽ, തന്നെ സ്നേഹിക്കുന്ന ദൈവത്തിനായി മരിക്കുവാനും അദ്ദേഹം തയ്യാറായിരുന്നു. ഭീകരരുടെ അറത്തു മുറിച്ചുള്ള ചോദ്യത്തിനു മുന്നിൽ ക്രിസ്തുവിനെ നിഷേധിക്കില്ലാ എന്ന് ധൈര്യത്തോടെ അദ്ദേഹം വിളിച്ചുപറഞ്ഞപ്പോൾ അവർ രോഷാകുലരായി. അദ്ദേഹത്തിന്റെ വലതുകൈ വെട്ടിമാറ്റി. വേദനയുടെ നടുവിലും ക്രിസ്തുവിനെ തള്ളിപ്പറയുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.

വലതുകൈ വെട്ടിയ ഭീകരരുടെ ക്രൂരത അതുകൊണ്ടും അവസാനിച്ചിരുന്നില്ല. അവർ വീണ്ടും ദൈവത്തെ നിഷേധിച്ചു പറയുവാൻ നിർബന്ധിച്ചു. എന്നാൽ, അദ്ദേഹം വഴങ്ങിയില്ല. അവർ അദ്ദേഹത്തിന്റെ തോൾഭാഗം മുതൽ വെട്ടിമാറ്റി. പിന്നീട് വെടിയുതിർത്തു കൊലപ്പെടുത്തി. ഇത്  ഒരാളുടെ മാത്രം കഥയല്ല. അന്ന് ആ ഗ്രാമത്തിലുണ്ടായിരുന്ന 1500-ഓളം ക്രിസ്ത്യാനികൾക്കും ഇതേ അനുഭവം തന്നെയായിരുന്നു. ക്രിസ്തുവിനെ പ്രതി അവർ തങ്ങളുടെ ജീവിതം വേണ്ട എന്ന് വച്ചു.

ഇന്ന് ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തെപ്രതി പീഡനങ്ങൾ നേരിടുന്ന സ്ഥലമാണ് ആഫ്രിക്കൻ രാജ്യങ്ങൾ. എങ്കിൽ തന്നെയും അതിശയകരമായ രീതിയിൽ ഇവിടെ വിശ്വാസികൾ ദൈവത്തിൽ ആഴപ്പെടുന്നതാണ് കാണുവാൻ സാധിക്കുന്നത്. വേദനകൾക്കു നടുവിലും പൂർവ്വീകര്‍ പകർന്നു നൽകിയ വിശ്വാസത്തിൽ വേരൂന്നി വളരുകയാണ് ഇവിടെ ഓരോരുത്തരും.