കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് ക്യാസിഡിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം അറിയിച്ചു

ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റായിരുന്ന, ഓസ്‌ട്രേലിയക്കാരനായ കര്‍ദ്ദിനാള്‍ ക്യാസിഡിയുടെ നിര്യാണത്തില്‍ അുശോചനം രേഖപ്പെടുത്തി പാപ്പാ കത്തയച്ചു. 97-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ജന്മനാടായ സിഡ്‌നിയില്‍ വച്ചായിരുന്നു കര്‍ദ്ദിനാളിന്റെ അന്ത്യം. അന്തിമോപചാര ശുശ്രൂഷകളും സംസ്‌കാരവും നടന്ന ഏപ്രില്‍ 13-നാണ് പാപ്പാ വത്തിക്കാനില്‍ നിന്നും അനുശോചന സന്ദേശം അയച്ചത്.

ക്രൈസ്തവൈക്യ പ്രവര്‍ത്തനങ്ങളുടെ പ്രേഷിതനും വത്തിക്കാന്റെ നയതന്ത്രജ്ഞനുമായിരുന്ന കര്‍ദ്ദിനാള്‍ ക്യാസിഡിയുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് താന്‍ ശ്രവിച്ചതെന്നും അനുശോചനം അറിയുക്കുന്നതായും പാപ്പാ സന്ദേശത്തില്‍ രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിലെ വത്തിക്കാന്റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് അഡോള്‍ഫ് യല്ലാന വഴി അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

കര്‍ദ്ദിനാള്‍ ക്യാസിഡി സഭയ്ക്കും ലോകത്തിനും നല്കിയിട്ടുള്ള നിരവധിയായ നന്മകളെ നന്ദിയോടെ അനുസ്മരിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. ഭിന്നിച്ചുനിൽക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ ഒന്നിപ്പിക്കുവാനും സുവിശേഷം പ്രചരിപ്പിക്കുവാനും പ്രകടമാക്കിയിട്ടുള്ള തീക്ഷ്ണത അപാരമായിരുന്നുവെന്ന് പാപ്പാ വിശേഷിപ്പിച്ചു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ഈ നല്ല ശ്രേഷ്ഠപുരോഹിതന്റെ ദേഹവിയോഗത്തില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ അതിരൂപതയിലെ അജഗണങ്ങള്‍ക്കും ഓസ്‌ട്രേലിയന്‍ സഭാനേതൃത്വത്തിനും പ്രാര്‍ത്ഥനാപൂര്‍വ്വം സമാശ്വാസം നേര്‍ന്നുകൊണ്ട്, അപ്പസ്‌തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.