‘ഡെല്ലാ ഇന്‍ നസ്രത്ത്’ – തിരുക്കുടുംബത്തിലെ നാലാമത്തെ അംഗത്തിന്റെ കഥ  

ഫാ. എബി നെടുങ്കളം
ഫാ. എബി നെടുങ്കളം

രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് അമ്മ വായിച്ചുകൊടുക്കുന്ന ബൈബിള്‍ കഥയിലൂടെ ഒരു സ്വപ്നയാത്ര നടത്തുന്ന ഡെല്ലാ എന്ന എട്ടു വയസ്സുകാരി പെണ്‍കുട്ടിയുടെ യാത്രയാണിത്. നസ്രത്തിലെ തിരുക്കുടുംബത്തിലെ നാലാമത്തെ അംഗമായി അവരോടു കൂടെ ഉണ്ടും ഉറങ്ങിയും, ആടിയും പാടിയും, പ്രാര്‍ത്ഥിച്ചും നീങ്ങുന്ന ഡെല്ലാ വായനക്കാരെയും കേള്‍വിക്കാരെയും ഈ യാത്രയില്‍ കൂടെ കൊണ്ടുപോകുന്നുണ്ട്. ഈ മനോഹര പുസ്തകത്തിന്റെ രചയിതാവും നസ്രത്ത് സിസ്റ്റേഴ്‌സ് എന്ന സന്യാസിനീ സമൂഹത്തില്‍ അംഗവുമായ സി. മേരി ജോ-യോടൊപ്പം ലൈഫ് ഡേയ്ക്കു വേണ്ടി ഫാ. എബി നെടുങ്കളം.

ഒരു പരിചയപ്പെടുത്തല്‍

സി. മേരി ജോ സി.എസ്.എന്‍.

സി. മേരി ജോ സി.എസ്.എന്‍. വരാപ്പുഴ കൊങ്ങൂര്‍പ്പള്ളി ഇടവക മേനാച്ചേരി ജോ – ലിസി ദമ്പതികളുടെ മൂന്നുമക്കളില്‍ ഒരാള്‍. കുടുംബം കുവൈറ്റില്‍ സെറ്റില്‍ഡ് ആയിരുന്നു. ജനിച്ചതും ചെറുപ്പകാലം ചിലവിട്ടതും പത്താം ക്ലാസ് വരെയോളം പഠിച്ചതും അവിടെത്തന്നെ. 1990-ല്‍ കുവൈറ്റ് യുദ്ധസമയത്ത് നാട്ടിലേയ്ക്ക് തിരികെ എത്തിച്ചേര്‍ന്നു.

പിന്നീട്, പഠനം നാട്ടില്‍. MSc. – Bio Technology വരെ പഠിച്ചു. ഉടന്‍ തന്നെ ജോലിയും ലഭിച്ചു. ജോലിയുമായി വീണ്ടും കുവൈറ്റിലേയ്ക്ക്. കുവൈറ്റ് ഗവണ്മെന്റില്‍ Health Science Center-ല്‍  Research Assistant ജോലി. ആ ജോലിക്കിടയിലാണ് സന്യാസത്തിലേയ്ക്ക് പറിച്ചുനടപ്പെടുന്നതിനുള്ള തീരുമാനം പൂര്‍ത്തിയാകുന്നത്.

സന്യാസജീവിതത്തിലേയ്ക്ക്

തീരെ ചെറുപ്പത്തില്‍ പ്രാര്‍ത്ഥനയോടും പള്ളിയോടും വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു. 12-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴൊക്കെ സന്യാസജീവിതത്തോടും, ഒരു സിസ്റ്ററാകണമെന്നുമുള്ള ചെറിയ ആഗ്രഹമൊക്കെ തോന്നിയിരുന്നുവെങ്കിലും ആ ആഗ്രഹത്തെ പിന്താങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെ നിരുത്സാഹപ്പെടുത്തലുകളായിരുന്നു അധികവും. ആ സാഹചര്യത്തില്‍ കൂട്ടായി നിന്നത് വീടിനടുത്തുള്ള ലിസ എന്നു പേരുള്ള ആന്റിയായിരുന്നു. ലിസാ ആന്റിയാണ് എന്നെ ഫാ. ജോയി തോട്ടാങ്കര എം.സി.ബി.എസ്-ന്റെ അരികിലെത്തിക്കുന്നത്. അച്ചനാണ് എന്റെ സമര്‍പ്പിതജീവിതത്തിലേയ്ക്കുള്ള വഴികള്‍ക്ക് ഒരു കൃത്യത കിട്ടാന്‍ സഹായിച്ചത്.

ആ കാലയളവില്‍ തന്നെ സി. ഫൗസ്റ്റീനായുടെ ഡയറി വായിക്കാന്‍ തുടങ്ങി. അത് സമര്‍പ്പിത ജീവിതത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് കൂടുതല്‍ ദര്‍ശനങ്ങള്‍ നല്‍കി.

സമര്‍പ്പിത ജീവിതത്തിലേയ്ക്കുള്ള മനസ്സിലെ ആഗ്രഹം ഇടയ്ക്കിടയ്ക്ക് ആളിക്കത്തുന്നുണ്ടായിരുന്നു. കുവൈറ്റില്‍ ജോലി ചെയ്യവെ 2008-ല്‍ അതിനൊരു തീരുമാനെ കണ്ടെത്തി. അങ്ങനെ നസ്രത്ത് സഭ എന്ന സന്യാസ സമൂഹത്തിലേയ്ക്ക് എത്തിച്ചേര്‍ന്നു.

വീട്ടില്‍ നിന്നുള്ള പ്രതികരണം

എന്റെ തീരുമാനത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ മാതാപിതാക്കള്‍ക്ക്  അത്ര എളുപ്പമായിരുന്നില്ല. കാരണം, മറ്റൊന്നുമല്ല. എന്നോടുള്ള സ്‌നേഹവും കരുതലും തന്നെയായിരുന്നു. ആ കാലങ്ങളില്‍ ലോകത്തു നടന്നിരുന്ന സഭാസംബന്ധമായ സംഭവങ്ങളും,  പ്രശ്‌നങ്ങളും അതിനോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളും എല്ലാവരിലുമെന്നതുപോലെ അവരിലും ഒരു നെഗറ്റീവ് ചിന്താഗതി രൂപപ്പെടുത്തിയിരുന്നു; പിന്നെ എനിക്ക് സമര്‍പ്പിത, സന്യാസജീവിതത്തിന്റെ രീതികളോട് ഒന്നുചേര്‍ന്നു പോകാന്‍ പറ്റുമോ എന്നും അവര്‍ സംശയിച്ചിരുന്നു. ഇതെല്ലാം അവര്‍ക്ക് എന്നോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണ്.

ഇപ്പോള്‍ അവര്‍ തീര്‍ത്തും സന്തോഷവാന്മാരാണ്. എന്റെ തീരുമാനം ശരിയാണെന്നും അത് അംഗീകരിച്ച് എന്നെ എല്ലാ രീതിയിലും സപ്പോര്‍ട്ട് ചെയ്യാനും മാതാപിതാക്കളും സഹോദരങ്ങളും മുന്‍പന്തിയില്‍ തന്നെയുണ്ട്.

ഇപ്പോള്‍ സഭയില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം

ഞങ്ങളുടെ സഭയുടെ കീഴില്‍ അങ്കമാലിയിലുള്ള മോര്‍ണിംഗ് സ്റ്റാര്‍ കോളേജില്‍ എം.എസ്.സി. സുവോളജി പഠിപ്പിക്കുന്നു.

Della in Nazareth എന്ന ആശയം ഉരുത്തിരിഞ്ഞ വിധം

നസ്രത്ത് കോണ്‍ഗ്രിഗേഷനിലേയ്ക്കുള്ള വിളി തിരുക്കുടുംബത്തിലെ നാലാമത്തെ അംഗമാകാനുള്ള വിളിയാണെന്ന് ഞങ്ങളുടെ സഭയിലെ മുതിര്‍ന്ന സിസ്റ്റേഴ്‌സ് എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്. അതോടൊപ്പം തിരു ക്കുടുംബത്തിന്റെ ‘അറിയപ്പെടാത്ത ജീവിതം’ (Hidden Life) എങ്ങനെയായിരിക്കും എന്നത് എന്റെ ഇഷ്ടധ്യാനങ്ങളിലൊന്നായിരുന്നു. ഇതിലൂടെ കിട്ടിയ ചിന്തകള്‍, ഉള്‍പ്രേരണകള്‍ കുത്തിക്കുറിച്ച് വയ്ക്കുമായിരുന്നു. അതൊക്കെ ഒരുമിച്ചുകൂടിയതാണ് ഈ പുസ്തകം.

ഈ പുസ്തകത്തെക്കുറിച്ച്

ഡെല്ല എന്ന എട്ടു വയസ്സുകാരിയിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് കഥയില്‍. പുസ്തകത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം കുട്ടികളാണ്.

ക്രിസ്ടീന്‍ മിനിസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന കാലം കുറേ കുട്ടികളുമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികളോടു സംവദിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് കഥകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

കഥയിലെ കേന്ദ്രകഥാപാത്രമായ ഡെല്ലായെപ്പോലെ തിരുക്കുടുംബത്തിലെ അംഗമാകാനും, തിരുക്കുടുംബ ത്തോടൊപ്പം യാത്ര ചെയ്യാനും, അവരുടെ നല്ല മാതൃകകള്‍ പഠിക്കാനും അവ പ്രാവര്‍ത്തികമാക്കാനും സാധി ക്കുന്നതായി ഈ പുസ്തകം വായിക്കുകയും വായിച്ചുകേള്‍ക്കുകയും ചെയ്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് കുട്ടികള്‍.

നിരന്തരം തിരക്കുടുംബ സാന്നിധ്യത്തില്‍ ജീവിക്കാന്‍ ഈ പുസ്തകം ഒരു പ്രചോദനമാണ്.

എഴുത്തിന്റെ മേഖലയില്‍ ഇനി…

കരുണയുടെ ഈശോ എന്ന ചിന്ത എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുള്ള ഒന്നാണ്. അടുത്ത ഒരു Dream Project ആണ് Knights of the Divine Mercy Army. കരുണയുടെ ഈശോയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി എഴുതുന്ന പുസ്തകമാണിത്.

ഇതില്‍ മിഖായേല്‍ മാലാഖയുടെ നേതൃത്വത്തില്‍ എല്ലാ ഭൂഖണ്ഡത്തില്‍ നിന്നും പത്തു വയസ്സുള്ള കുട്ടികളെ Divine Mercy Army ലേയ്ക്ക് തിരഞ്ഞെടുക്കുന്നതും അവര്‍ കത്തോലിക്കാ സഭയുടെ വിശ്വാസങ്ങളെക്കുറിച്ചും കരുണയുടെ ഈശോയോടുള്ള ഭക്തിയെക്കുറിച്ച് പഠിക്കുന്നതുമാണ് പ്രതിപാദിക്കുന്നത്.

ഇത് എഴുതുന്ന സമയത്ത് ഒത്തിരി ദൈവാനുഭവങ്ങള്‍ എന്നെ പൊതിഞ്ഞു സംരക്ഷിച്ചിട്ടുണ്ട്. ഈശോയ്ക്കു വേണ്ടി ഇത് പൂര്‍ത്തിയാക്കാനും ഈ പുസ്തകം പബ്ലിഷ് ചെയ്യാനും ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥക്കുന്നു.

സുവിശേഷ പ്രഘോഷണം ആധുനികലോകത്തില്‍ (വരുംകാലങ്ങളില്‍)

കാലം മാറുന്നതിനനുസരിച്ച്, പുതിയ തലമുറയ്ക്ക് പുതിയ രീതിയില്‍ സുവിശേഷത്തിന്റെ മൂല്യങ്ങളും സന്ദേ ശങ്ങളും നല്‍കാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ആധുനികലോകത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍, മീഡിയായുടെ ശക്തി ഇതെല്ലാം പോസിറ്റീവ് ആയും എഫക്റ്റീവായും ഉപയോഗിക്കേണ്ടിയിരിക്കുന്നു.

നല്ല കാമ്പുള്ള വീഡിയോകള്‍, ഫിലിമുകള്‍, കഥകള്‍ ഇതിന്റെ അവതരണ രീതികള്‍ ആകര്‍ഷണീയമാക്കി കൊച്ചുതലമുറയുടെ ശ്രദ്ധയില്‍, മനസ്സില്‍ പതിയുന്ന രീതിയില്‍ അവതരിപ്പിക്കാനാവണം. എല്ലാത്തിനുമുപരി ഏറ്റവും എഫക്റ്റീവായ സുവിശേഷ പ്രഘോഷണം സ്വന്തം ജീവിതത്തിലൂടെ നല്ല മാതൃ കയാവുക എന്നതു തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുവിശേഷം ജീവിച്ചുകാണിക്കുന്നത് തന്നെയാണ് എക്കാലവും ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനക്കുന്ന പ്രഘോഷണ മാര്‍ഗ്ഗം.

ദൈവം നല്‍കിയിരിക്കുന്ന കഴിവുകള്‍ തന്നാലാവുംവിധം സുവിശേഷ പ്രഘോഷണത്തിനനുസരിച്ച് പുതിയ തലമുറയെ പ്രത്യേകിച്ച്, കുട്ടികളെ ഈശോയുടെ വഴിയിലേയ്ക്ക് നയിക്കാനുള്ള ആഗ്രഹവുമായി നീങ്ങുന്ന സി. മേരി ജോ -യ്ക്ക് ലൈഫ് ഡേയുടെയും വായനക്കാരുടെയും പ്രാര്‍ത്ഥനകളും ഭാവുകങ്ങളും.

ഫാ. എബി നെടുങ്കളം MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.