സ്നേഹിക്കുവാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

സുനീഷ നടവയല്‍
സുനീഷ നടവയല്‍

വർഷങ്ങൾക്കു മുമ്പേ നടന്ന ഒരു ട്രെയിൻ യാത്രയിൽ ഒരു മനഃശാസ്ത്രജ്ഞനെ പരിചയപ്പെടുവാനിടയായി. സംസാരിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു: “ഞാനൊരു ചോദ്യം ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം തരാൻ സാധിക്കുമോ?” എന്ന്.

“ശ്രമിക്കാം സർ” എന്ന മറുപടിയിൽ, വരാൻ പോകുന്ന ചോദ്യം എന്തായിരിക്കുമെന്ന സംശയവും നിഴലിച്ചിരുന്നു.

“Can you give me a definition for love?” സ്‌നേഹത്തിന് ഒരു നിർവചനം നല്കാമോ എന്നതാണ് ചോദ്യം.

എത്ര എളുപ്പമെന്ന് ആദ്യം തോന്നിയെങ്കിലും ചിന്തിച്ചപ്പോഴാണ് അതിലെ സങ്കീർണ്ണതകൾ എത്ര വലുതാണെന്ന് മനസ്സിലായത്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന നാമെല്ലാവർക്കും ഇത്ര മഹത്തായ, ഉദാത്തമായ ഒരു വികാരത്തിന്, ഉപമകളുടെ കൂട്ടുപിടിക്കാതെ വ്യക്തമായ ഒരു നിർവചനം എങ്ങനെ നൽകാനാകും!? എല്ലാ മൂല്യങ്ങളുടെയും ജീവിതത്തിന്റെയുമൊക്കെ വേരുകൾ ചെന്നെത്തുന്നത് സ്നേഹത്തിലേയ്ക്കാണ്. ആരുടെയൊക്കെയോ സ്നേഹത്തിന്റെ പ്രത്യുത്തരങ്ങളാണ് ഇന്ന് നാം എന്നു പറയുന്ന ഈ ഒറ്റവാക്കിലെ വലിയ അർത്ഥങ്ങളും. എന്തുതന്നെ ആയാലും ജീവിതത്തിന്റെ മുന്നോട്ടേയ്ക്കുള്ള ഓരോ നിമിഷവും ഏറ്റവും ആവശ്യം വേണ്ട ഒന്നാണ് സ്നേഹം എന്നതിൽ സംശയമില്ല.

തന്റെ ജനത്തെ സ്നേഹിക്കുവാൻ പഠിപ്പിക്കാൻ ദൈവം സ്വപുത്രനെ ഭൂമിയിലേയ്ക്കയച്ചു; അത് സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയായി മാറി – പുത്രന്റെ കുരിശുമരണത്തിലൂടെ. പരസ്പരം സ്നേഹിക്കുവാൻ പഠിപ്പിച്ചവൻ ഒടുവിൽ സ്നേഹത്തിന്റെ പേരിൽ ജീവിതം തന്നെ ബലിയായി നൽകി.

നമ്മുടെ ജീവിതങ്ങളിൽ സ്നേഹത്തിന് പല വർണ്ണങ്ങളുണ്ട്. എങ്കിലും എല്ലാത്തിന്റെയും കാതൽ ഒന്നുതന്നെ; അവിടുന്ന് കാണിച്ചുതന്ന ആ വലിയ മാതൃക. പക്ഷേ, ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് ഈ സ്നേഹം സാധ്യമാകുന്നതെന്ന്! വെറുതെയങ്ങ് നമുക്ക് ഒരാളെ സ്നേഹിക്കുവാൻ സാധിക്കുമോ? സാധ്യത കുറവാണ്.

നമ്മുടെ പ്രിയപ്പെട്ടവരെ നാം സ്നേഹിക്കുന്നു; നമുക്കതിന് കാരണങ്ങളുണ്ട്. ദൈവത്തെ സ്നേഹിക്കുന്നു; അവിടുന്ന് നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണ്. മാതാപിതാക്കൾ; നമുക്ക് ജന്മം നൽകിയവർ, നമ്മെ പരിപാലിക്കുന്നവർ മറ്റെന്തിനേയുംകാൾ നമ്മെ സ്നേഹിക്കുന്നവർ. സഹോദരങ്ങൾ; നമ്മുടെ കൂടെ പിറന്നവർ, സുഹൃത്തുക്കൾ; പ്രശ്നങ്ങളിൽ കൈത്താങ്ങാകുന്നവർ… അങ്ങനെയങ്ങനെ സ്നേഹിക്കേണ്ടവരുടെ നീണ്ടനിര തന്നെ നമുക്കുണ്ട്. എന്നാൽ, ഇതുവരെ കാണാത്ത, അറിയാത്ത ഒരാളെ എങ്ങനെ സ്നേഹിക്കും? അതൊരു ചോദ്യമാണ്. പക്ഷേ, ഒരുപാട് ജീവിച്ചിരിക്കുന്നതും മൺമറഞ്ഞു പോയതുമായ വിശുദ്ധർ അതിനുള്ള ഉത്തരം നമുക്ക് നൽകിയിട്ടുണ്ട്.

വഴിയരികിൽ പുഴുവരിച്ച് മൃതപ്രായവരായ എത്രയോ പേരെ സ്വന്തമായി കരുതി ഭവനങ്ങളിലേയ്ക്ക് എടുത്തുകൊണ്ടു വന്നു ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ. വി. മദർ തെരേസാമാരും ഫാ. ഡാമിയന്മാരുമെല്ലാം ഈ സമൂഹത്തിൽ നമുക്കിടയിലും ജീവിച്ചിരിക്കുന്നുണ്ട്. കാരണങ്ങൾ ഉള്ളതുകൊണ്ടു മാത്രം സ്നേഹിക്കുന്ന നമുക്കൊക്കെ കാരണങ്ങളില്ലാതെ, ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ആളുകളെ ഒറ്റനോട്ടത്താലും ഒരു കൈത്താങ്ങിനാലും സ്നേഹിക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ പ്രിയപ്പെട്ടവരേ, അവർ അസാമാന്യ ധൈര്യശാലികളാണ്. അതെ, അവിടുന്ന് കാണിച്ചുതന്ന ആ നിസ്വാർത്ഥസ്നേഹത്തിന് ഏറ്റവും ആവശ്യം ധൈര്യമാണ്. എല്ലാവരെയും അവരുടെ കുറവുകളോടെ തന്നെ സ്നേഹിക്കുവാൻ കാണിക്കുന്ന ആ ചങ്കൂറ്റമുണ്ടല്ലോ, അത് നാം ആർജ്ജിക്കേണ്ടിയിരിക്കുന്നു. കാരണം സ്നേഹത്തിന്റെ ഉപമകളിൽ ഇപ്പോൾ കളകൾ കൂടിയിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യത്തിൽ സ്വാർത്ഥതയിൽ സ്നേഹത്തിനു മൂല്യമില്ലാതായി മാറിപ്പോകുന്നു.

ആയതിനാൽ, സ്നേഹിക്കാൻ നമുക്ക് ധൈര്യമുണ്ടോ എന്ന് ഒരു വേള ചിന്തിക്കുന്നത് നന്നായിരിക്കും. കാരണം, എങ്ങനെയാണ് സ്വന്തം പുത്രൻ ലോകത്തെ സ്നേഹം എന്തെന്നു പഠിപ്പിക്കുക എന്ന് പിതാവിന് അറിയാമായിരുന്നിട്ടും അവിടുന്ന് ഈ ലോകത്തിലേയ്ക്ക് യേശു ക്രിസ്തുവിനെ അയച്ചു. പിതാവായ ദൈവം കാണിച്ചുതന്ന ധൈര്യം. പുരുഷനെ അറിയാതെ എങ്ങനെ ശിശു ജനിക്കുമെന്നു ചോദിച്ചെങ്കിലും ആ വലിയ വിളി ഏറ്റെടുക്കുവാൻ പരിശുദ്ധ കന്യകാമറിയം കാണിച്ച സ്നേഹത്തിന്റെ ധൈര്യം. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചാൽ മതിയെന്നു പറഞ്ഞ് ജനാവലിയുടെ ഇടയിൽക്കൂടി അവിടുത്തെ വസ്ത്രത്തിൽ വിശ്വാസത്തോടെ തൊട്ട രക്തസ്രാവക്കാരി സ്ത്രീ കാണിച്ച ധൈര്യം. പ്രാണൻ കുരിശിലർപ്പിച്ച് മനുഷ്യകുലത്തെ മുഴുവൻ സ്നേഹം കൊണ്ട് രക്ഷിച്ച യേശുക്രിസ്തു നമുക്ക് കാണിച്ചുതന്ന ധൈര്യം. ഇവയൊക്കെ നമ്മുടെ മുന്നിലുള്ള ധൈര്യപൂർവ്വമായ സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ്. പക്ഷേ, എന്തേ പലപ്പോളും നമുക്കീ ധൈര്യം ഇല്ലാതെ പോകുന്നത്?

സ്വത്തിൽ പകുതി സഹോദരനു കൊടുക്കേണ്ടിവരും എന്നറിയുമ്പോൾ നിങ്ങളുടെ ധൈര്യം ചോർന്നുപോകാറുണ്ടോ? അവനോടുള്ള സ്നേഹത്തിന്നു കുറവ് വരുന്നുണ്ടോ? നൊന്തു പ്രസവിച്ച കുഞ്ഞിനെ തെരുവിലെറിയുമ്പോൾ സ്ത്രീയേ, നിന്റെ കുഞ്ഞിനെ സ്നേഹിക്കുവാൻ നിനക്ക് പേടിയാകുന്നുണ്ടോ? ഒരു ജീവിതം മുഴുവനും മക്കൾക്കുവേണ്ടി ജീവിച്ചിട്ട്, പ്രായമാകുമ്പോൾ വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളുന്ന മക്കളും സ്നേഹിക്കാൻ ധൈര്യമില്ലാത്തവർ തന്നെ. ഒരുപാട് കുറവുകളുണ്ടെങ്കിലും ജീവനുതുല്യം സ്നേഹിക്കേണ്ട ജീവിതപങ്കാളികളുമായുള്ള ബന്ധം വേര്‍പെടുത്തുമ്പോൾ സ്നേഹിക്കുവാനുള്ള ധൈര്യം അവിടെ ഇല്ലാതാകുന്നു. രോഗിയായിത്തീരുമ്പോൾ ശുശ്രൂഷിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ട് പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചുപോകുന്നവരുമെല്ലാം സ്നേഹിക്കാന്‍ ധൈര്യമില്ലാത്തവരാണ്.

നിസ്വാർത്ഥ സ്നേഹം വെല്ലുവിളിയായി ഏറ്റെടുത്ത് നാം മറ്റുള്ളവരെ സ്നേഹിക്കുവാൻ ധൈര്യം കാണിക്കുമ്പോൾ മാത്രമേ സത്യമായ സ്നേഹം സാധ്യമാകൂ; അവിടയേ ദൈവം സന്നിഹിതനാകൂ. സ്നേഹിക്കുവാൻ ദൈവം നമുക്ക് അനുവദിച്ചിരിക്കുന്ന അനന്തമായ അവസരങ്ങളെ സധൈര്യം ഏറ്റെടുക്കുമ്പോഴാണ് കുരിശിലെ ബലി നമ്മിലൂടെ പൂർത്തീകരിക്കപ്പെടുക. തുളച്ചുകയറിയ മൂന്നാണികളും തിരുവിലാവിൽ ആഴ്ന്നിറങ്ങിയ കുന്തമുനയും ജീവിതപുസ്തകത്തിലെ, നമുക്ക് നൽകുന്ന വലിയ പാഠങ്ങളാണ്.

മൂർച്ചയുള്ള ആയുധത്തിനേ രക്തം പൊടിയിക്കുവാൻ സാധിക്കുകയുള്ളൂ. പ്രഹരങ്ങളേറ്റപ്പോൾ ചിന്തിയ രക്തം കൊണ്ടാണ് മനുഷ്യകുലത്തിന്റെ പാപക്കറകൾ കഴുകിക്കളഞ്ഞ് ഉയിർപ്പിന്റെ പുതുജീവൻ നൽകുവാൻ സാധിച്ചത്. അതുപോലെ തന്നെ സഹനങ്ങള്‍ ഏറ്റുവാങ്ങി സ്നേഹിക്കുവാനുള്ള ധൈര്യം നാമും കാണിക്കുമ്പോൾ ആബേലിന്റെ കാഴ്ചകളുടെ നിർമ്മലതയും അബ്രഹാമിന്റെ ബലിയുടെ മഹത്വവും നമ്മുടെ ജീവിതത്തിലൂടെ സ്വർഗ്ഗീയപിതാവിന്റെ പക്കലേയ്ക്കെത്തുകയാണ് ചെയ്യുന്നത്. അവിടുന്ന് നമ്മെ സ്നേഹിച്ചതുപോലെ സധൈര്യം സ്നേഹിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ആശംസകൾ…

സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.