മാതൃഭൂമിയുടെ ഇരട്ടത്താപ്പിനെതിരെ ദീപികയുടെ എഡിറ്റോറിയൽ

ക്രൈസ്തവ സന്യാസത്തെ ചില മാധ്യമങ്ങളും വ്യക്തികളും അടച്ചാക്ഷേപിക്കുന്നത്തിനെതിരെ ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ. ‘സന്യാസ നിന്ദനം മാധ്യമഭീകരത’ എന്ന തലക്കെട്ടോടെയാണ് മാതൃഭൂമി പത്രത്തെ, പേരെടുത്തു പറയുന്നില്ലെങ്കിലും വായനക്കാർക്ക് മനസിലാകുംവിധം രൂക്ഷമായി വിമർശിക്കുന്നത്. “ദേശീയതയുടെയും മാന്യമായ മാധ്യമപ്രവർത്തനത്തിന്‍റെയും ഉന്നത പാരമ്പര്യമുള്ള ഒരു അച്ചടി മാധ്യമം തങ്ങളുടെ വാരാന്തപ്പതിപ്പിന്‍റെ ഒന്നാംപേജ് കുറുത്ത പ്രതലത്തിൽ രൂപകല്പന ചെയ്ത് കന്യാസ്ത്രീയുടെ പരിദേവനങ്ങൾ പകർത്തി,” എന്നാണ് ദീപിക എഴുതിയിരിക്കുന്നത്.

വിശ്വാസികളുടെ ഹൃദയത്തിൽ ആഴമായ മുറിവുകളാണ് ഇത്തരം മാധ്യമങ്ങൾ സൃഷ്ടിക്കുന്നതെന്നും ക്രൈസ്തവസമൂഹത്തെയാകെ കരിതേക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണ് ഇത്തരം മാധ്യമവിചാരണകളെന്നും എഡിറ്റോറിയൽ പറയുന്നു.

1887 – ൽ ആരംഭിച്ച ‘ദീപിക’ ദിനപത്രം, 1923 – ൽ തുടങ്ങിയ ‘മാതൃഭൂമി’ക്ക് മാധ്യമ ധർമ്മം എന്താണെന്ന് ഓർമ്മിപ്പിച്ചുകൊടുത്തത് ഏതായാലും ഉചിതമായി.

എഡിറ്റോറിയലിന്റെ പൂർണ്ണരൂപം വായിക്കാം.

https://m.deepika.com/article/news-detail/526328?utm=relatednews

സന്യാസ നിന്ദനം മാധ്യമഭീകരത

ക്രൈസ്തവ സന്യാസത്തെ ചില മാധ്യമങ്ങളും വ്യക്തികളും അടച്ചാക്ഷേപിക്കുന്നതു വിശ്വാസികളുടെ ഹൃദയത്തിൽ ആഴമായ മുറിവുകളാണുണ്ടാക്കുന്നത്. ക്രൈസ്തവസമൂഹത്തെയാകെ കരിതേക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണ് ഇത്തരം മാധ്യമവിചാരണകൾ.

ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം നവമാധ്യമങ്ങളിലൂടെ മാത്രമല്ല, ചില പരമ്പരാഗത മാധ്യമങ്ങളിലും തകൃതിയായി നടക്കുകയാണ്. ക്രൈസ്തവ സമർപ്പിതരെ, വിശിഷ്യ, കത്തോലിക്കാ വൈദികരെയും സന്യാസിനീസന്യാസികളെയും, അധിക്ഷേപിക്കാൻ ചില മാധ്യമങ്ങൾ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളെ വികലമായി ചിത്രീകരിച്ചു ക്രൈസ്തവസഭയിലാകമാനം നടക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നു വരുത്താൻ എന്തെന്നില്ലാത്ത വ്യഗ്രതയാണു ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കാണിക്കുന്നത്. ചില പ്രതിലോമ ശക്തികൾ വളരെ തയാറെടുപ്പോടെ നടത്തിവരുന്ന ദുഷ്‌പ്രചാരണങ്ങൾക്കെതിരേ കേരളത്തിലെ സന്യാസസമൂഹത്തിനു തെരുവിലിറങ്ങേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.

ആരോപണങ്ങളുടെ വാസ്തവം പരിശോധിക്കാതെയുള്ള മാധ്യമ റിപ്പോർട്ടിംഗുകൾ മാധ്യമ ധാർമികതയ്ക്കു നിരക്കുന്നതല്ലെന്നു പാലാരിവട്ടം പിഒസിയിൽ സന്യാസിനീ സമൂഹങ്ങളിലെ മേജർ സുപ്പീരിയർമാരുടെ സമ്മേളനം ഓർമിപ്പിച്ചു. ചില മാധ്യമങ്ങളുടെ നഗ്നമായ ക്രൈസ്തവ വിരോധത്തിനും ക്രൈസ്തവ സന്യാസത്തോടുള്ള നിന്ദനത്തിനുമെതിരേ കഴിഞ്ഞ ദിവസം കണ്ണൂരിലും നൂറുകണക്കിനു സന്യസ്തർ പ്രതിഷേധ കൂട്ടായ്മ നടത്തി. എന്നാൽ ഈ രണ്ടു സമ്മേളനങ്ങളെയും ദീപിക ഒഴികെ കേരളത്തിലെ മാധ്യമലോകം പാടേ തമസ്കരിച്ചു. രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ മാറ്റിവച്ച് ക്രൈസ്തവവിരുദ്ധ ചർച്ചകൾക്കു പ്രൈംടൈം ഇഷ്‌ടദാനം ചെയ്യുന്ന ചാനലുകൾ സന്യസ്തരുടെ പ്രതിഷേധ കൂട്ടായ്മകളെക്കുറിച്ചു കേട്ടതായി ഭാവിക്കുകപോലും ചെയ്തില്ല. ഇതാണോ മാധ്യമധർമം? സത്യത്തിനും നീതിക്കും വേണ്ടി ഒച്ചയിടാതെ ഉറക്കംവരില്ലെന്നു ശഠിക്കുന്നവരുടെ ഈ ഒച്ചയടപ്പുകൂടി സമൂഹം മനസിലാക്കണം. സന്യാസജീവിതത്തോട് അസംതൃപ്തിയുള്ളവർക്കു കൊടുക്കുന്ന കവറേജിന്‍റെ ഒരംശമെങ്കിലും മാന്യമായി സമർപ്പിത ജീവിതം നയിച്ചിട്ടും അന്യായമായി അവഹേളിതരാകുന്ന മനുഷ്യർക്ക് ഈ മാധ്യമങ്ങൾ കൊടുക്കില്ല. അതിന്‍റെ അർഥം ഇത്തരം മാധ്യമങ്ങൾക്കു രഹസ്യ അജൻഡകളുണ്ടെന്നുതന്നെ.

ക്രൈസ്തവ സന്യാസികളിൽ ചിലർക്കു വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. വഴിതെറ്റിപ്പോയിട്ടുള്ളവരുമുണ്ട്. അടുത്തകാലത്തുണ്ടായ ചില കേസുകൾ തീർച്ചയായും ക്രൈസ്തവ സമൂഹത്തിന് അപമാനകരവും പുരോഹിത, സന്യാസ ജീവിതത്തിനു ദുർമാതൃകയുമാണ്. എന്നാൽ, സഭയാകെ വഴിതെറ്റിയിരിക്കുന്നു, അല്ലെങ്കിൽ സഭ പണ്ടേ തെറ്റായ വഴിയിലാണ് എന്നു വരുത്തിത്തീർക്കാനാണു ചില മാധ്യമങ്ങളുടെ ആർത്തി. ഈ ശ്രമം ദുരുദ്ദേശ്യപരമല്ലെന്ന് എങ്ങനെ കരുതും?

പാവപ്പെട്ടവരുടെയും ഭിന്നശേഷിക്കാരുടെയും ഇടയിൽ നിസ്വാർഥ സേവനമനുഷ്‌ഠിക്കുന്ന അനേകം ക്രൈസ്തവ സന്യസ്തരെക്കുറിച്ച് ഈ മാധ്യമങ്ങൾക്കറിയാഞ്ഞിട്ടല്ല. ആ വി‍ഷയങ്ങളിലൊക്കെ എന്ത് എരിവ് എന്നാവും എരിവും പുളിയും തേടി നടക്കുന്നവർ ചോദിക്കുന്നത്. മദർ തെരേസയെ വിമർശിച്ചും ചിലർ ജനശ്രദ്ധ നേടാറുണ്ടല്ലോ.

ക്രൈസ്തവ സമൂഹത്തെ ഇകഴ്ത്തിക്കാട്ടാൻ ഏറ്റവും പറ്റിയ മാർഗം അവരുടെ ആത്മീയ ശക്തിയെ താറടിക്കുന്നതാണെന്നു ചിലർ കരുതുന്നു. സഭയുടെ കരുത്തും അഭിമാനവുമായ സന്യാസത്തെ അവഹേളിച്ചാൽ തങ്ങളുടെ പത്രത്തിനു കൂടുതൽ പ്രചാരവും ചാനലിനു കൂടുതൽ റേറ്റിംഗും ഉണ്ടാകുമെന്ന് അവർ കണക്കുകൂട്ടുന്നു. എന്നാൽ, ഇത്തരം ജീർണ മാധ്യമപ്രവർത്തനം അതിരുവിടുന്പോൾ വായനക്കാരും കേൾവിക്കാരും കാഴ്ചക്കാരുമൊക്കെ മടുക്കും. അങ്ങനെ റേറ്റിംഗ് കുറഞ്ഞുപോയവരുമുണ്ട്.

ദേശീയതയുടെയും മാന്യമായ മാധ്യമപ്രവർത്തനത്തിന്‍റെയും ഉന്നത പാരമ്പര്യമുള്ള ഒരു അച്ചടി മാധ്യമം തങ്ങളുടെ വാരാന്തപ്പതിപ്പിന്‍റെ ഒന്നാംപേജ് കുറുത്ത പ്രതലത്തിൽ രൂപകല്പന ചെയ്ത് കന്യാസ്ത്രീയുടെ പരിദേവനങ്ങൾ പകർത്തി. തിരുവസ്ത്രത്തിലെന്തു കാര്യമെന്നാണു ലേഖനത്തിലെ ഒരു ഉപശീർഷകം. ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നതു കന്യാസ്ത്രീ വസ്ത്രത്തിൽ അവരുടെ പൂർണകായചിത്രം. ഇതൊരു കന്യാസ്ത്രീയുടെ കദനകഥയാണെന്ന ലീഡ് വാചകത്തിലൂടെയാണു വായനക്കാരെ ലേഖനത്തിലേക്ക് ആകർഷിക്കുന്നത്. ഇതേ വാരാന്തപ്പതിപ്പിന്‍റെ അടുത്ത പേജിൽ ശ്രീരാമകൃഷ്ണ മിഷന്‍റെ അഞ്ച് ആഗോള ഉപാധ്യക്ഷരിൽ ഒരാളുമായി നടത്തിയ അഭിമുഖത്തിന്‍റെ ഭാഗങ്ങൾ കൊടുത്തിട്ടുണ്ട്. “”നിരാശരായവർ സന്യാസജീവിതത്തിൽ വിജയിക്കില്ല” എന്ന അദ്ദേഹത്തിന്‍റെ വാക്കുകളാണ് ലേഖനത്തിന്‍റെ തലക്കെട്ട്.

ഇത് ഇരട്ടത്താപ്പു തന്നെ. ഒരു ഇംഗ്ലീഷ് ദിനപത്രമാകട്ടെ, കനകക്കുന്നു കൊട്ടാരത്തിൽ സെമിനാറിൽ പങ്കെടുത്ത ഒരു മുൻ കന്യാസ്ത്രീയും ഇപ്പോൾ വിവാദനായികയായ കന്യാസ്ത്രീയും ചുരിദാർ ധരിച്ചു നിൽക്കുന്ന ഫോട്ടോയോടൊപ്പം കൊടുത്ത വാർത്തയുടെ തലക്കെട്ടിൽ കേരളത്തിലെ ഒരു പ്രമുഖ സന്യാസസമൂഹത്തെ മാഫിയയായിട്ടാണു വിശേഷിപ്പിച്ചത്.

തങ്ങളുടെ കർമമണ്ഡലത്തോടു പ്രതിബദ്ധത പുലർത്താത്തവരെ വിവിധ മേഖലകളിൽ നമുക്കു കാണാനാവും. നീതിക്കുവേണ്ടി എല്ലാവരും ആശ്രയിക്കുന്ന ജുഡീഷറിയിൽപോലും ഇത്തരം അപഭ്രംശങ്ങൾ അടുത്തകാലത്തു നാം കണ്ടു. ആധ്യാത്മികരംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തിപരമായ വിശുദ്ധിയും കർമരംഗത്തു സുതാര്യതയുമൊക്കെ പുലർത്താൻ പ്രത്യേക ബാധ്യതയുള്ളവരാണ്. കാരണം, അവർ ആ രംഗം സ്വയം തെരഞ്ഞെടുത്തതാണ്.

ക്രൈസ്തവ സഭയിൽ മാത്രമല്ല, മറ്റു മതങ്ങളിലും പൗരോഹിത്യവും സന്യാസവും ജീവിതവിശുദ്ധി ആവശ്യപ്പെടുന്നു. എന്നാൽ, ആ വിശുദ്ധി പുലർത്താത്തവർ എല്ലാ മതങ്ങളിലും എല്ലാ സമൂഹങ്ങളിലും കാണും. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് കുറ്റവാളികൾ നിയമസംവിധാനത്തിന്‍റെ വിചാരണയ്ക്കു വിധേയരാവും. ചിലർ ശിക്ഷിക്കപ്പെടും. മറ്റു ചിലർ നിരപരാധികളെന്നു കണ്ടെത്തിയാൽ മോചിതരാവും. എങ്കിലും അടച്ചാക്ഷേപവും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഒരു സമൂഹത്തെത്തന്നെ ലക്ഷ്യം വച്ചു നടത്തുന്പോൾ അതു ബോധപൂർവമല്ലെന്നു കരുതാൻ പ്രയാസമാണ്.

ആക്രമണശൈലിയിൽ പ്രതികരിക്കുന്നവരല്ല ക്രൈസ്തവർ. വീണവരെയും വഴിവിട്ടു ചരിച്ചവരെയും ഞങ്ങൾ ന്യായീകരിക്കുകയല്ല. സഭയിലോ സമൂഹത്തിലോ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ ദീപിക അവരോടൊപ്പമാണ്. ദീപിക ഇരയോടൊപ്പമാണെന്നും. പക്ഷേ, ഇരയാരാണെന്നു നിശ്ചയിക്കുന്നതു സമൂഹ മാധ്യമങ്ങളോ ചാനൽ വിചാരിപ്പുകാരോ ആകരുത്. മാധ്യമവിചാരണയാൽ വേദനിക്കുകയും അവഹേളനമനുഭവിക്കുകയും ചെയ്തിട്ടും തങ്ങളുടെ സേവനപ്രവർത്തനങ്ങൾ വീഴ്ചയില്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന കർമയോഗികൾക്കൊപ്പമാണു ദീപിക. അതിൽ വൈദികരും കന്യാസ്ത്രീകളും മാത്രമല്ല, സാധാരണക്കാരായ പരശതം മനുഷ്യരുമുണ്ട്.