ഇസ്രായേൽ – ഗാസ അതിർത്തികളിലെ കത്തോലിക്കർക്ക് സഹായമായി ഇരട്ടകളായ സമർപ്പിത സഹോദരിമാർ

ഇസ്രായേൽ – ഗാസ അതിർത്തിപ്രദേശങ്ങളിലെ ക്രൈസ്തവരായ ആളുകളുടെ വിശ്വാസപരമായ കാര്യങ്ങളെ സഹായിക്കുവാനും പ്രാർത്ഥനയിൽ ഒന്നുചേരുവാനും സഹായിച്ചുകൊണ്ട് ഇരട്ടകളായ രണ്ട് സമർപ്പിത സഹോദരിമാരുടെ സേവനം ശ്രദ്ധേയമാകുന്നു. അർജന്റീനിയൻ സഹോദരിമാരായ ഇവർ ഫാമിലി ഓഫ് ദി ഇൻകാർനെറ്റ് വേൾഡ് സന്യാസ സഭംഗങ്ങളായ സി. മരിയ ഡെൽ പില്ലർ, സി. മരിയ ഡെൽ സിലോ എന്നിവരാണ്.

ഈ സഹോദരിമാർ കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ സംഘർഷഭരിതമായ അതിർത്തിപ്രദേശങ്ങളിലാണ് ശുശ്രൂഷ ചെയ്യുന്നത്. സി. പിലാർ ഗാസയിലും സി. ഡെൽ സിലോ ടെൽ അവീവിലുമാണ് സേവനം ചെയ്യുന്നത്. ഇടവകയിലെ പല കുടുംബങ്ങളിലെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവ ഇപ്പോൾ സുരക്ഷിതമല്ല. ഇക്കാരണത്താൽ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഉടൻതന്നെ അവരെ ദൈവാലയത്തിലേക്ക് സ്വാഗതം ചെയ്യുകയും അവർക്കു വേണ്ട സൗകര്യങ്ങള്‍ ഇവര്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

2014 മുതൽ നടന്ന ആക്രമണങ്ങളിൽ ഏറ്റവും ശക്തമായത് മെയ് മാസത്തിലെ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലാണ്. “ആക്രമണം ശക്തമായപ്പോൾ ഇവിടെ നിന്ന് പലായനം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടായെങ്കിലും ഈ ദൗത്യത്തിൽ തുടരുവാണ് എനിക്ക് താല്പര്യം. ഇത് സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പാണ്. കാരണം ആത്മാക്കൾക്കായി സ്വയം സംഭാവന ചെയ്യുവാനുള്ള വിശുദ്ധസ്വാതന്ത്ര്യം ക്രിസ്തുവിന്റെ സ്നേഹമാണ് നൽകുന്നത്” – സി മരിയ ഡെൽസിലോ പറയുന്നു.

കുടുംബത്തിലെ ഇരട്ടസഹോദരിമാരായ പെൺകുട്ടികൾ സന്യാസത്തിലേക്ക് തിരിഞ്ഞപ്പോൾ മാതാപിതാക്കൾ വളരെ വലിയ വിഷമത്തിലായിരുന്നു. “ഒരുമിച്ചുവന്ന ഞങ്ങൾക്ക് ഒരേ സേവനവും ശുശ്രൂഷയും ചെയ്യുവാൻ സാധിക്കുന്നു. ഞങ്ങൾ ഒരേ രക്തമാണ്, ആത്മീയത എന്ന ഒരേ ചിന്തയുമാണ്. അതിനാൽ ഈ ആക്രമണമുഖത്തും ഞങ്ങൾ ക്രിസ്തുവിനായി ജീവിക്കുന്നു” – സി. പിലാർ പറയുന്നു.

വലിയ സംഘർഷങ്ങൾക്കിടയിലും ക്രൈസ്തവ വിശ്വാസികൾക്കായി നിലകൊണ്ട് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുന്ന ഈ സമർപ്പിതസഹോദരങ്ങൾക്ക് ഇനിയും ഒരുപാട് സേവനങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.