ഫ്രഞ്ച് കര്‍ദ്ദിനാള്‍ അല്‍ബേര്‍ത് വന്‍ഹോയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ അനുശോചനം

ഈശോസഭാംഗമായ ഫ്രഞ്ച് കര്‍ദ്ദിനാള്‍ അല്‍ബേര്‍ത് വന്‍ഹോയ്യുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു. 98 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന് ഇരുപത്തിയൊമ്പതാം തീയതി വ്യാഴാഴ്ച റോമില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

അര്‍പ്പണബോധത്തോടെ കര്‍ത്താവിനെയും സഭയെയും സേവിച്ച ഈ സഹോദരനെ താന്‍ സ്‌നേഹത്തോടും ആദരവോടും കൂടെ അനുസ്മരിക്കുന്നുവെന്ന് പാപ്പാ, വത്തിക്കാനടുത്ത് ഈശോസഭയുടെ കേന്ദ്ര ആസ്ഥാനമായ ജനറലേറ്റിനോടു ചേര്‍ന്നുള്ള ഈശോസഭാംഗങ്ങളുടെ വാസസ്ഥാനമായ ‘റെസിദേന്‍സ സാന്‍ പീയെത്രൊ കനീസിയൊ’യുടെ ചുമതലയുള്ള വൈദികന്‍ മാനുവെല്‍ മൊറുഹാവൊയക്കയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സുവിശേഷ സംവേദനത്തിനുള്ള തീവ്രാഭിലാഷത്താല്‍ പ്രചോദിതമായിരുന്ന കര്‍ദ്ദിനാള്‍ അല്‍ബേര്‍ത് വന്‍ഹോയ്യുടെ ഉദാരതയാര്‍ന്ന ശുശ്രൂഷാദൗത്യമെന്ന് പ്രസ്താവിച്ച പാപ്പാ, ബൈബിള്‍ പണ്ഡിതന്‍, അദ്ധ്യാപകന്‍, റെക്ടര്‍, റോമന്‍ കൂരിയായിലെ സഹകാരി തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സേവനങ്ങള്‍ കൃതജ്ഞതയോടെ അനുസ്മരിച്ചു.

1923 ജൂലൈ 24 -ന് ഫ്രാന്‍സിലെ ഹസെബ്രൂക്കില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ അല്‍ബേര്‍ത് വന്‍ഹോയുടെ ജനനം. 1941 സെപ്റ്റംബര്‍ 11 -ന് ഈശോസഭയില്‍ ചേരുകയും 1944 നവംബര്‍ 15 -ന് പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്ത അദ്ദേഹം 1954 ജൂലൈ 26 -ന് പൗരോഹിത്യം സ്വീകരിക്കുകയും 2006 മാര്‍ച്ച് 24 -ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.