ഇപ്പോള്‍ എവിടെ ആയിരിക്കും?

ജി. കടൂപ്പാറയില്‍

ജി. കടൂപ്പാറയിൽ

“നക്ഷത്രങ്ങളിലേയ്ക്ക് നോക്കുക. പൂര്‍വ്വകാലത്തെ മഹാന്മാരായ രാജാക്കന്മാര്‍ നക്ഷത്രങ്ങളിലിരുന്ന് നമ്മെ വീക്ഷിക്കുന്നുണ്ട്. നീ ഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍ നീ ഓര്‍മ്മിക്കണം, അവര്‍ നിന്നെ നയിക്കാനായി മുകളിലുണ്ട് എന്ന കാര്യം.” (‘ലയണ്‍ കിംഗ്’ എന്ന സിനിമയില്‍ മുഫാസാ – അപ്പന്‍ സിംഹം -,  സാംബയോട് – മകന്‍ സിംഹം – പറയുന്നത്).

എപ്പോഴും കണ്ണുകള്‍ മുകളിലേയ്ക്ക് ഉയര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുകയാണ് ഓരോ മരണവും. നമ്മോട് ഒപ്പമുണ്ടായിരുന്നവര്‍, ഒരുമിച്ച് ഭക്ഷണം കഴിച്ചവര്‍, ഒരുമിച്ച് കളിച്ചുവളര്‍ന്നവര്‍, ഒരുമിച്ച് യാത്ര ചെയ്തവര്‍ ഒക്കെ ഒരു വാക്ക് പോലും പറയാതെ നിത്യമായി യാത്ര പോയ അനുഭവങ്ങള്‍ എത്ര സങ്കടകരമാണെന്ന് വിവരിക്കാനാവില്ല. ഓരോ പ്രഭാതത്തിലും അവര്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ നമ്മള്‍ ഉണരും. സന്ധ്യ മയങ്ങുമ്പോഴും അവര്‍ വന്നില്ല എന്നറിയുമ്പോള്‍ സങ്കടത്തോടെ നമ്മള്‍ രാവിന്റെ ഇരുളിലേയ്ക്ക് കടക്കും. പിന്നെയും പ്രതീക്ഷയാണ്. എപ്പോഴെങ്കിലും…

ഇനിയൊരിക്കലും അവര്‍ തിരികെ വരില്ല എന്ന സത്യം ഏറ്റവും ഒടുവിലായിരിക്കും നമ്മുടെ മനസ്സുകളില്‍ ഉറയ്ക്കുന്നത്. അതൊരു വല്ലാത്ത വേദനയാണ്. കണ്‍വെട്ടത്ത് എപ്പോഴും ഉണ്ടായിരുന്നവരെ ലോകം മുഴുവന്‍ തെരഞ്ഞെടുത്താലും കാണാന്‍ പറ്റില്ല എന്ന വേദന പറഞ്ഞറിയിക്കാനാവില്ല. കൈ പിടിച്ചു നടന്നവരുടെ കരം തേടി കടല്‍ കടന്നുപോയാലും ഇനിയൊരിക്കലും അവരെ കിട്ടുകയില്ല എന്ന സങ്കടം ആരോട് പറയാനാണ്. അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്ക, മുറി, ചെരുപ്പുകള്‍, അവരുടെ സംഭാഷണശൈലി എല്ലാം ഇനി ഓര്‍മ്മകളില്‍ മാത്രം.

ഏറ്റവും സ്‌നേഹിച്ചവരുടെ മരണമാണ് നമുക്ക് ഏറ്റവും പ്രഹരമേല്‍പ്പിക്കുന്നത്. കരയാനല്ലാതെ എന്തു ചെയ്യാന്‍ സാധിക്കും നമുക്ക്? കരയുന്നവന്റെ സങ്കടത്തിന്റെ ആഴം അവനല്ലാതെ മറ്റാര്‍ക്കും അറിയാന്‍ പറ്റുന്നില്ല എന്നത് മറ്റൊരു സത്യമാണ്. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊള്ളണമെങ്കില്‍ സ്വന്തം ശരീരത്തില്‍ തന്നെ തീ സ്പര്‍ശിക്കണം. അല്ലാതെ അഗ്നികുണ്ഠത്തിന്റെ സമീപത്തു ചെന്നുനിന്നാല്‍ ചൂട് ചെറിയ രീതിയില്‍ അനുഭവപ്പെടുകയേ ഉള്ളൂ; പൊള്ളുകയില്ല. പൊള്ളണമെങ്കില്‍ തീ സ്പര്‍ശിച്ചേ മതിയാകൂ. മൃത സംസ്ക്കാരചടങ്ങുകളില്‍ ചിലര്‍ കാഴ്ച കാണാന്‍ വന്നിട്ട് പരിസരം മറന്നപോലെ കാര്യങ്ങള്‍ പറയുന്നത് കാണുന്നതിലും അരോചകമായ മറ്റൊരു ദൃശ്യമില്ല. ചിലര്‍ കരയുമ്പോള്‍ മറ്റുചിലര്‍ മാറി നിന്ന് മറ്റുകാര്യങ്ങള്‍ ഓര്‍ത്ത് ചിരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത് അശ്ലീലമായ കാഴ്ചയാണ്. മൃതസംസ്ക്കാരത്തിന് വരുന്ന എല്ലാവരും കരയണം എന്നല്ല പറയുന്നത്. നമുക്ക് അവരോട് കുറച്ചുകൂടി അനുഭാവം പ്രകടിപ്പിച്ചു കൂടെ? കുറച്ചുകൂടി കരുണ കാണിച്ചു കൂടെ? പിന്നെ ഓര്‍ക്കണം, നമ്മളെല്ലാവരും കരയുന്ന ഒരു ദിനം വരുമെന്ന യാഥാര്‍ത്ഥ്യം!

2018 ഡിസംബര്‍ 28-ന് പുലര്‍ച്ചെ 3 മണിക്കാണ് എന്റെ സഹോദരി സി. ജസ്സി കടൂപ്പാറയില്‍ ഡി.എസ്.ടി. മരിക്കുന്നത്. കോട്ടയത്തുള്ള കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇടയ്‌ക്കൊക്കെ ഞാന്‍ ഓര്‍ക്കും – “ഇപ്പോള്‍ ജസ്സി എവിടെയായിരിക്കും” എന്ന്. ജീവിച്ചിരുന്നപ്പോള്‍ അറിയാമായിരുന്നു എവിടെയായിരുന്നുവെന്ന്. കോണ്‍വെന്റില്‍, മുറിയില്‍, ചാപ്പലില്‍, സ്‌കൂളില്‍, ആശുപത്രിയില്‍ ഒക്കെ ആയിരുന്നത് എന്റെ മനസ്സില്‍ കാണുവാന്‍ സാധിക്കും. ബസില്‍ യാത്ര ചെയ്യുന്നതും, ചാപ്പലില്‍ പ്രാര്‍ത്ഥിക്കുന്നതും, ചരല്‍ വിരിച്ച മുറ്റത്തു കൂടി നടക്കുന്നതും, മൃദുവായി മന്ദഹസിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, ശാസനയോടെ തിരുത്തല്‍ നല്‍കുന്നതുമൊക്കെ മിഴികളെ സജലമാക്കുന്ന സജീവ ഓര്‍മ്മകളാണ്. പക്ഷെ, ഇപ്പോള്‍ എവിടെയായിരിക്കും എന്ന ചോദ്യം വല്ലാത്ത വേദന ഉളവാക്കുന്ന ഒന്നാണ്.

ആറടി മണ്ണിന്റെ കല്ലറയില്‍ അല്ലെന്നറിയാം. കറുത്ത മാര്‍ബിള്‍ പാളിയുടെ ഉള്ളില്‍ അല്ലെന്നും അറിയാം. ശരീരം മാത്രമല്ലല്ലോ മനുഷ്യന്‍. ആത്മാവും ചേര്‍ന്നതാണല്ലോ. ആത്മാവ് ശരീരത്തെ പിരിയുന്നതാണ് മരണം. സത്യത്തില്‍ ദൈവത്തിങ്കലേയ്ക്കുള്ള മടക്കയാത്രയാണത്. വന്നിടത്തേയ്ക്കുള്ള തിരിച്ചുപോക്ക്. “ദൈവമേ, നിന്നില്‍ വിലയം പ്രാപിക്കുന്നതു വരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും” എന്ന് സെന്റ് അഗസ്റ്റിന്‍ എഴുതിയിരിക്കുന്നത് ശരിയാണ്. പൂര്‍ണ്ണമായും സ്വസ്ഥതയുള്ള ആരുണ്ട് ഈ ഭൂമിയില്‍? അസ്വസ്ഥരാണ് ഓരോരുത്തരും. തിരികെ പോകുന്നിടം വരെ അസ്വസ്ഥരായിരിക്കും. പൂര്‍ണ്ണമായ സ്വസ്ഥതയിലെയ്ക്കുള്ള മടക്കയാത്രയാണ്‌ മരണം.

ദൈവത്തില്‍ വിലയം പ്രാപിച്ചവരാണ് നമ്മുടെ മരിച്ചവരെല്ലാം. ഇപ്പോള്‍ എവിടെയായിരിക്കും എന്ന തുടര്‍ച്ചയായ ചിന്തയ്ക്ക് ഞാന്‍ ഉത്തരം കാണുന്നത് സങ്കീര്‍ത്തന പുസ്തകത്തിലാണ്. “പര്‍വതങ്ങളിലേയ്ക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്ക് സഹായം കര്‍ത്താവില്‍ നിന്നുവരുന്നു” (121: 1-2). ‘ദൈവമേ, ഞാന്‍ നിന്റെ പക്കലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്ക് ആശ്വാസം മറ്റെവിടെ നിന്ന് വരാനാണ്.’ കണ്ണുകള്‍ ഉയര്‍ത്തേണ്ടത് ദൈവത്തിങ്കലേയ്ക്കു തന്നെയാണ്. അവിടുത്തെ പക്കല്‍ ഉണ്ട് എന്റെ പ്രിയപ്പെട്ടവരൊക്കെ. ഏറ്റവും വലിയ ആശ്വാസവും ആനന്ദവും ആ വിശ്വാസമാണ്. നമ്മള്‍ ജീവിക്കുന്നവരും മരിച്ചവരുമൊക്കെ ദൈവത്തില്‍ ഒന്നാണല്ലോ.

രാത്രികാലങ്ങളില്‍ ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ നക്ഷത്രങ്ങളെ കാണാന്‍ സാധിക്കും. നിലാവുള്ള രാത്രികളില്‍ വളരെ തെളിച്ചത്തോടെ അവ നമ്മുടെ കണ്ണുകള്‍ക്ക് മുന്നിലുണ്ട്. അമാവാസിയില്‍ ഒരു നക്ഷത്രത്തെപ്പോലും കാണുവാന്‍ സാധിക്കുകയില്ല. എന്നുവച്ചാല്‍, അമാവാസിയില്‍ നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാകുന്നു എന്നല്ല, നമുക്ക് കാണാന്‍ സാധിക്കുന്നില്ല എന്നേയുള്ളൂ. മരിച്ചവരും അങ്ങനെയാണ്. അവര്‍ ദൈവത്തിങ്കല്‍ ഉണ്ട്, എന്റെ കണ്ണുകള്‍ കാണുന്നില്ല എന്നേയുളളൂ. നക്ഷത്രങ്ങളായി അവരുണ്ട്. നമ്മെ നയിക്കുന്ന നക്ഷത്രങ്ങളായി അവര്‍ എപ്പോഴും മുകളിലുണ്ട്.

‘ലയണ്‍ കിംഗ്’ എന്ന സിനിമയിലെ അപ്പന്‍ സിംഹം (മുഫസാ) മകന്‍ സിംഹത്തെ (സിംബാ) വലിയ അപകടത്തിന്‍ നിന്ന് രക്ഷിക്കുന്നു. അതിനുശേഷം നക്ഷത്രങ്ങള്‍ മാനത്ത് തിളങ്ങി നില്‍ക്കുന്ന രാത്രിയില്‍ അപ്പനും മകനും ഒരുമിച്ചായിരിക്കുന്ന സമയത്ത് മകന്‍ അപ്പന്റെ കണ്ണുകളില്‍ നോക്കി പറയുകയാണ്:

“ഡാഡി, നമുക്ക്  എപ്പോഴും ഒരുമിച്ചായിരിക്കാം.”

അത് കേട്ട്, അവിടെനിന്ന്എഴുന്നേറ്റ് മുഫസാ പറയുകയാണ്: “മോനേ, എന്റെ പിതാവ് എന്നോട് ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഇപ്പോള്‍ നിനക്ക് പറഞ്ഞു തരാം.”

എന്നിട്ട് നക്ഷത്രങ്ങളെ നോക്കിക്കൊണ്ട്‌ സിംബായോട് പറഞ്ഞു തുടങ്ങുന്നു: “മകനേ, നീ നക്ഷത്രങ്ങളിലേയ്ക്ക് നോക്കുക.” സിംബയും ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ മുഫാസ തുടരുന്നു:

“പൂര്‍വ്വകാലത്തെ മഹാന്മാരായ രാജാക്കന്മാര്‍ നക്ഷത്രങ്ങളിലിരുന്ന് നമ്മെ വീക്ഷിക്കുന്നുണ്ട്. നീ ഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍ നീ ഓര്‍മ്മിക്കണം, അവര്‍ നിന്നെ നയിക്കാനായി മുകളിലുണ്ട് എന്ന കാര്യം. ഒരുകാലത്ത് ഞാനും അങ്ങനെ തന്നെ ആയിരിക്കും.”

അത് കേട്ട സിംബയുടെ മറുപടി; “എനിക്കതിനെ കാണാനാകുന്നില്ലലോ ഡാഡി” എന്നതാണ്. അവന് നക്ഷത്രങ്ങളിലെ പൂര്‍വകാല മഹാരാജക്കന്മാരെ കാണാന്‍ സാധിക്കുന്നില്ല!

അപ്പോള്‍ മുഫാസയുടെ മറുപടി ശ്രദ്ധേയമാണ്. “മകനേ നീ നോക്കിക്കൊണ്ടിരിക്കുക” (Keep looking son, keep looking).

ഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍ ഞാന്‍ മുകളിലേയ്ക്കു നോക്കാറുണ്ട്. ആകാശത്ത് തിളങ്ങി നില്‍ക്കുന്ന താരകളെ കാണാറുണ്ട്. അപ്പോള്‍ കണ്ണുകള്‍ നിറയാറുമുണ്ട്.

ജി. കടൂപ്പാറയില്‍