ഡീക്കൻ ഡ്രാക്കെ: കത്തോലിക്കാ പുരോഹിതനായ പെന്തക്കോസ്ത് പാസ്റ്റർ

    ഈശോയെ അനുസരിക്കുക. അതു മാത്രമായിരുന്നു ഡെറക് എന്ന പെന്തക്കോസ്ത് പാസ്റ്ററിന്റെ ജീവിതലക്ഷ്യം. ദൈവത്തിന്റെ ഹിതം ശ്രവിക്കുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് കത്തോലിക്കാ സഭയിലെ പൗരോഹിത്യത്തിലേയ്ക്ക് ഡ്രാക്കെ എന്ന പാസ്റ്ററിനെ നയിച്ചത്.
    കത്തോലിക്കാ സഭയെയും അതിന്റെ കൂദാശകളെയും നിരാകരിച്ചിരുന്ന സമയമാണ് ഡീക്കൻ ഡ്രാക്കിന്റെ ജീവിതത്തിൽ ഏറെയും. പൗരോഹിത്യം, അങ്ങനെ ഒന്നിന്റെ ആവശ്യമില്ലെന്ന് ശക്തമായി വാദിച്ചിരുന്ന വ്യക്തി. ഏതവസ്ഥയിലായിരുന്നാലും ആ അവസ്ഥയിൽ ദൈവത്തിന് സേവനം ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചിരുന്ന ഡെറക്, പൗരോഹിത്യം ഒരു അനാവശ്യമായ കാര്യമാണ് എന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ, ആ ധാരണകളൊക്കെ തിരുത്തുവാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു. തന്റെ അജഗണങ്ങളെ മേയിക്കാനുള്ള വിളി അദ്ദേഹത്തെ തേടിയെത്തുന്നത് കോളേജ് പഠനകാലത്താണ്.
    പെന്തക്കോസ്ത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ തന്നെ യുവത്വത്തിൽ നിരവധി പ്രയർ ഗ്രൂപ്പുകൾ നയിച്ചും പ്രാർത്ഥനകൾ ലീഡ് ചെയ്തും ഒക്കെയുള്ള തിരക്കിട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ദൈവം തന്നോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന ചിന്ത ഇപ്പോഴും ഒരു ചോദ്യചിഹ്നം പോലെ അദ്ദേഹത്തിന്റെ മനസ്സിൽ അവശേഷിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഡിഗ്രി തിയോളജി എടുക്കുവാൻ തീരുമാനിച്ചത്. തിയോളജി പഠനശേഷം പാസ്റ്ററായി സേവനം ആരംഭിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവനിയോഗം നിറവേറ്റുന്നതിനുള്ള വാതിൽ തുറന്നുകൊടുത്തത് കത്തോലിക്കാ മാധ്യമമായ ഇഡബ്ള്യുടിഎൻ റേഡിയോ ആണ്.
    കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് യാദൃച്ഛികമായി കേട്ടുതുടങ്ങിയ അദ്ദേഹം പിന്നീട് അതൊരു പതിവാക്കി. തന്റെ ജീവിതത്തിൽ സത്യവിശ്വാസത്തെ തേടിയുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു എന്ന് ഡ്രാക്കെ വെളിപ്പെടുത്തുന്നു.  അതിനിടയിൽ വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവും ആയി. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ അദ്ദേഹത്തെ കത്തോലിക്കാ ദേവാലയങ്ങളിലെ സ്ഥിരം സന്ദർശകനാക്കി മാറ്റി. ഒടുവിൽ ഏറെ നാളത്തെ ആലോചനകൾക്കും പ്രാർത്ഥനയ്ക്കും ശേഷം അദ്ദേഹവും ഭാര്യയും മക്കളും കത്തോലിക്കാ സഭയിൽ അംഗങ്ങളായി. ഇപ്പോൾ പുരോഹിതനും.
    ഇന്നത്തെ ഈ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് പൗരോഹിത്യം ആണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.