സെപ്റ്റംബര്‍ 20: വി. അഗാപിത്തൂസ് ഒന്നാമന്‍

റോമില്‍ ജനിച്ച അഗാപിത്തൂസ് ഒന്നാമന്‍ 535 മെയ് 13 -നാണ് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. വളരെ കുറച്ചുനാളുകള്‍ മാത്രമായിരുന്നു പാപ്പായുടെ ഭരണം നീണ്ടത്. പക്ഷേ, അത് സംഭവബഹുലമായിരുന്നു.

ആ കാലത്ത് റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ വാണിരുന്നത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അതിയായ മോഹം, പഴയ റോമാസാമ്രാജ്യം പുനരാവിഷ്‌ക്കരിക്കണം എന്നായിരുന്നു. അദ്ദേഹം തികഞ്ഞ നയതന്ത്രജ്ഞനും ഭരണതന്ത്രജ്ഞനും സമരതന്ത്രത്തിന്റെ കഴിവിലും തികവുള്ളവനുമായിരുന്നു. ഏഷ്യാ മൈനറില്‍ പേര്‍ഷ്യാക്കാരുടെ ആക്രമണത്തെ ജസ്റ്റീനിയന്‍, യുദ്ധത്തില്‍ തോല്‍പിച്ചു. ആഫ്രിക്കയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന വാന്‍ഡലുകളേയും അദ്ദേഹത്തിന്റെ സൈന്യം തോല്പിച്ചു. ഇറ്റലിയിലെ ഗോഥിക്ക് പ്രഭുക്കളെയും രാജാവിനെയും നേരിടാന്‍ അദ്ദേഹം പദ്ധതി തയാറാക്കി.

30 വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണം പുതിയ റോമന്‍ യുഗത്തിന്റെ പിറവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സഭാധികൃതര്‍ക്കുപോലും ഉണ്ടായി. ഏഷ്യ മുതല്‍ അറ്റ്‌ലാന്റിക്ക് വരെയും മെഡിറ്ററേനിയന്‍ മുതല്‍ ധ്രുവസമുദ്രം വരെയും നീണ്ടുവ്യാപിച്ച ഒരു ക്രിസ്തീയ യൂറോപ്പിനെക്കുറിച്ചായിരുന്നു സഭയുടെ ശുഭപ്രതീക്ഷ.

അന്ന് ശീശ്മയില്‍പെട്ട ഒരു മെത്രാന്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കിസ് സിംഹാസനം അനധികൃതമായി കയ്യടക്കിഭരിച്ചിരുന്നു. അദ്ദേഹത്തെ ആ സ്ഥാനത്ത് അവരോധിച്ചത് ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ഭാര്യയായ തെയൊഡോരാ ചക്രവര്‍ത്തിനി ആയിരുന്നു. ചക്രവര്‍ത്തിയില്‍ അമിതമായ സ്വാധീനം രാജ്ഞിക്കുണ്ടായിരുന്നു. പാത്രിയാര്‍ക്കീസ് പദവിയിലെത്തിയ അന്തിമോസ് ഇവരുടെ പിന്തുണയില്‍ അഹങ്കരിച്ച് തന്റെ സ്ഥാനത്തിനു യോജിക്കാത്തവിധമാണ് സഭാഭരണം നടത്തിയിരുന്നത്. ജനങ്ങള്‍ അതൃപ്തരും വൈദികര്‍ അസ്വസ്ഥരുമായി. അവര്‍ അഗാപിത്തൂസ് പാപ്പായെ സമീപിച്ചു പരാതി ബോധിപ്പിച്ചു. മാര്‍പാപ്പാ തന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് അന്തിമോസിനോട് പാത്രിയാര്‍ക്കാ സ്ഥാനത്തുനിന്നും വിരമിക്കാന്‍ നിര്‍ദേശിച്ചു.

മാര്‍പാപ്പായുടെ ഉത്തരവില്‍ ചക്രവര്‍ത്തിയും ഭരണസദസ്സും ആശങ്കാകുലരായി. ഈ തക്കത്തില്‍ തെയൊഡോരാ റാണി ചക്രവര്‍ത്തിയെ തെറ്റിധരിപ്പിച്ച് പാപ്പായ്‌ക്കെതിരാക്കി. ഇത് പാപ്പായെ തളര്‍ത്തിയില്ല. ഭീഷണി പേടിച്ച് ചക്രവര്‍ത്തിക്കുവഴങ്ങാന്‍ അദ്ദേഹത്തിന്റെ മനഃസാക്ഷി ഒരുക്കമല്ലായിരുന്നു. അദ്ദേഹം ധീരതയോടെ പറഞ്ഞു: “ഞാന്‍ ഇവിടെ വന്നത് ക്രിസ്തീയ ചക്രവര്‍ത്തിയായ ജസ്റ്റീനിയനെ കാണാനാണ്; എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ കാണുന്നത് ഒരു പുതിയ ഡയക്ലിഷനെയാണ്. എന്നുവച്ച് അദ്ദേഹത്തിന്റെ ഭീഷണികള്‍ എന്നെ തെല്ലും ഭയപ്പെടുത്തുന്നില്ല.” വാര്‍ധക്യത്തിലെത്തിയ പാപ്പായുടെ ഈ ഉറച്ച വാക്കുകള്‍ക്കുമുമ്പില്‍ ചക്രവര്‍ത്തിയുടെ കോപം തണുത്തു.

ഉടന്‍ ചക്രവര്‍ത്തി പാത്രിയാര്‍ക്കീസായ അന്തിമോസിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണഫലം പരിശോധിച്ച ചക്രവര്‍ത്തി, അന്തിമോസിനെ പാത്രിയാര്‍ക്കീസ് സിംഹാസനത്തില്‍നിന്ന് നിഷ്‌കാസിതനാക്കി. ഇതില്‍ കോപിഷ്ഠയായ ചക്രവര്‍ത്തിനി തെയൊഡോറ, കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചുതന്നെ 536 ഏപ്രില്‍ 22 -ന് പാപ്പായ്ക്ക് വിഷം കൊടുത്തു കൊന്നു.

വിചിന്തനം: “നീ നിന്നെതന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുക. എന്നാല്‍ മനുഷ്യരുടെ കുറ്റവിധികള്‍ നിന്നെ അസ്വസ്ഥനാക്കുകയില്ല.”

ഇതരവിശുദ്ധര്‍ : എവുസ്റ്റാക്കിയൂസും കൂട്ടരും (+118) രക്തസാക്ഷികള്‍/ വിന്‍സെന്റ് (+677) ബനഡിക്‌റ്റെന്‍ ആബട്ട്/ ഡയേണിസിയൂസ് -രക്തസാക്ഷി/ യൂസ്റ്റേയ്‌സ് (+118) രക്തസാക്ഷി/ ജോണ്‍ചാള്‍സ് (1809-1837) വിയറ്റ്‌നാമിലെ രക്തസാക്ഷി/ അഗാത്താ ക്രീം/ സുസന്നാ/ കാന്‍ഡിഡാ (+300)/ യൂസേബിയാ (+731) ബനഡിക്റ്റന്‍ ആബട്ട്/ ലോറന്‍സ് ഇമ്‌സൈര്‍ട്ട് (1796-1839) കൊറിയയിലെ രക്തസാക്ഷിയായ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.