
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വരുന്ന മെയ് മൂന്നിന് വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ കണ്‍സിസ്റ്ററി കൂടുവാന്‍ തീരുമാനം. അപ്പസ്തോലിക കൊട്ടാരത്തില്‍ രാവിലെ 10 മണിയോടെ കണ്‍സിസ്റ്ററിക്കു ആരംഭമാകും. കര്‍ദ്ദിനാളുമാരുടെ ഈ പ്രത്യേക സമ്മേളനത്തില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി തീരുമാനിക്കും. ഭാരതത്തിലെ പ്രഥമ അത്മായ രക്തസാക്ഷിയെന്ന വിശേഷണത്തോടെയാകും 40-ാം വയസില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയുടെ വിശുദ്ധാരാമ പ്രവേശനം.
1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലകണ്ഠപിള്ള എന്നായിരുന്നു നാമധേയം. തിരുവിതാംകൂര്‍ രാജ്യകൊട്ടാരത്തില്‍ കാര്യദര്‍ശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസം പുല്കിയത്. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെക്കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്.
ജീവിതത്തില്‍ നിരവധി വിഷമഘട്ടങ്ങള്‍ നേരിട്ട നീലകണ്ഠപ്പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങള്‍ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകര്‍ന്നത്. ക്രിസ്തു മാത്രമാണ് ഏകരക്ഷകന്‍ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠപിള്ള മാമ്മോദീസ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. തിരുവിതാംകൂറില്‍ മിഷനറിയായിരുന്ന ഈശോസഭാ വൈദകനിൽ നിന്ന് 1745 മേയ് 17-നാണ് ‘ലാസര്‍’ എന്നര്‍ത്ഥം വരുന്ന ‘ദേവസഹായം’ പിള്ള എന്ന പേരില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്.
തിരുവിതാംകൂറിന്റെ പല ഭാഗങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച ദേവസഹായം രാജസേവകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിള്ളയ്ക്കെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ അവര്‍ രാജദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ളയുടെ ജീവിതം ഏതാണ് നാല് വര്‍ഷം ജയിലഴിക്കുള്ളിലായിരുന്നു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14-ന് കാറ്റാടി മലയില്‍ വച്ച് വെടി വച്ച് കൊല്ലുകയായിരുന്നു.