ഫെബ്രുവരി 19 : കോണ്‍റാഡ് പിയാസെന്‍സാ

 

പിയാസെന്‍സായിലെ ഒരു പ്രഭുകുടുംബത്തില്‍ പിറന്ന കോണ്‍റാഡ് ഭാര്യയോടൊത്തു സന്തുഷ്ടമായ ജീവിതം നയിക്കുകയായിരുന്നു. ഒരിക്കല്‍ വന്യഭൂമിയില്‍ വേട്ടയാടിക്കൊണ്ടിരിക്കേ മൃഗങ്ങളെ ഇളക്കുന്നതിനുവേണ്ടി ഒരു കുറ്റിക്കാടിനു തീവയ്ക്കുവാന്‍ അനുയായികള്‍ക്കു നിര്‍ദ്ദേശം നല്കി. നിര്‍ഭാഗ്യവശാല്‍ ചുറ്റുപാടും അതിശക്തമായ കാറ്റു വീശിയതുകൊണ്ട് അഗ്നി അടുത്തുണ്ടായിരുന്ന ഗോതമ്പുവയലിലേക്കും അവിടെനിന്നു ഗ്രാമത്തിലേക്കും പടര്‍ന്നു. തങ്ങളുടെ പാര്‍പ്പിടങ്ങള്‍ക്കും വയലുകള്‍ക്കും കനത്ത നാശമുണ്ടായതു കണ്ട കോപിഷ്ടരായ ഗ്രാമവാസികള്‍ വിറകു പെറുക്കിക്കൂട്ടിക്കൊണ്ടിരുന്ന പാവപ്പെട്ട ഒരു മനുഷ്യനെ കുറ്റവാളിയായി സങ്കല്പിച്ചു പിടികൂടി.

നിരപരാധിയായ ആ മനുഷ്യനെ അധികാരികള്‍ മരണത്തിനു വിധിച്ചുവെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ കോണ്‍റാഡ് കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടി. നേരേ അധികാരികളുടെ മുമ്പില്‍ ചെന്നു കുറ്റം ഏറ്റുപറഞ്ഞു. ഗ്രാമവാസികള്‍ക്ക് അവരുടെ നഷ്ടം മുഴുവന്‍ പരിഹരിക്കുവാന്‍ കഴിയുമാറ് തന്റെ സ്വത്തിന്റെ സിംഹഭാഗവും നല്കി. പ്രസ്തുത സംഭവങ്ങളില്‍ കോണ്‍റാഡും ഭാര്യയും ഈശ്വരകരങ്ങളുടെ പ്രവര്‍ത്തനം വ്യക്തമായി കാണുകയും അവ തങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനുവേണ്ടിയാണു സംഭവിച്ച തെന്നു മനസ്സിലാക്കുകയും ചെയ്തു. അനന്തരം തങ്ങളുടെ സ്വത്തില്‍ അവശേഷിച്ച ചെറിയ ഭാഗവും ദരിദ്രര്‍ക്കു ദാനം ചെയ്തതിനുശേഷം കോണ്‍റാഡ് ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ ചേര്‍ന്നു; പിന്നീട് തീര്‍ത്ഥാടകനായി നാട്ടില്‍ സഞ്ചരിച്ചു. ഭാര്യ ക്ലാരിസ്റ്റു സന്ന്യാസിനിയുമായി.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈശ്വരഭക്തികൊണ്ടും വിനയംകൊണ്ടും കോണ്‍റാഡ് സകലരുടെയും സ്‌നേഹാദരങ്ങള്‍ നേടി. എന്നാല്‍ പ്രസിദ്ധി കാംക്ഷിക്കാതിരുന്നതിനാല്‍, തന്നെ സന്ദര്‍ശിക്കുവാന്‍ വന്ന ജനങ്ങളെ വിട്ടകന്ന് അകലെയുള്ള നോട്ടോ താഴ്‌വരയിലേക്കു പോയി, അവിടെയൊരു ആശ്രമകുടീരം കെട്ടിയുണ്ടാക്കി. ഏകദേശം 30 വര്‍ഷം അദ്ദേഹം അവിടെ ഏകാന്തജീവിതം നയിച്ചു. പക്ഷേ, ലോകദൃഷ്ടിയില്‍നിന്നും സ്വയം മറയ്ക്കുവാന്‍ എത്രയധികം ശ്രമിച്ചുവോ അത്രയധികമായി കോണ്‍റാഡ് അറിയപ്പെടുകയാണുണ്ടായത്.

ഒരു ദിവസം കോണ്‍റാഡ് സിറാക്കൂസിലെ മെത്രാന്റെ പക്കല്‍ ചെന്നു പാപനിവേദനം നടത്തി. അദ്ദേഹം അവിടെ ചെല്ലുകയും നോട്ടോയിലേക്കു മടങ്ങിപ്പോവുകയും ചെയ്തപ്പോള്‍ പക്ഷികളുടെ ഒരു ഗണം അദ്ദേഹത്തെ ചുറ്റിപ്പറക്കുകയും അനുയാത്ര ചെയ്യുകയുമുണ്ടായി.

മരണാസന്നനായപ്പോള്‍ വെറും തറയില്‍ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ കിടന്നുകൊണ്ടു സകല മനുഷ്യര്‍ക്കുംവേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അനന്തരം സമാധാനപൂര്‍വ്വം ആത്മാവിനെ സ്രഷ്ടാവിന്റെ കരങ്ങളില്‍ ഏല്പിച്ചു. ജനങ്ങള്‍ ആ പുണ്യപുരുഷന്റെ ഭൗതികശരീരം വി. നിക്കൊളാസിന്റെ ദേവാലയത്തില്‍ അടക്കംചെയ്തു. ശവകുടീരത്തില്‍ വന്നു പ്രാര്‍ത്ഥിച്ച വിശ്വാസികള്‍ക്കു രോഗശാന്തിയുള്‍പ്പെടെ ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചു.

വിചിന്തനം: ”മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ഓരോദിവസവും ഏതാനും ആത്മപരിത്യാഗപ്രവൃത്തികള്‍ നാം ചെയ്യണം. എത്ര നിസ്സാരമെങ്കിലും ഒരു പരിത്യാഗപ്രവൃത്തി ചെയ്യാത്ത ഒരു മണിക്കൂറുപോലും കടന്നുപോകരുത്” – പരി.ത്രിത്വത്തിന്റെ വി. എലിസബത്ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ