വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാർച്ച് 06 മത്തായി 6:5-8

“നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്‌ കതകടച്ച്‌ രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്ക് പ്രതിഫലം നല്‍കും” (മത്തായി 6:6).

അമ്പതുനോമ്പിന്റെ ആദ്ധ്യാത്മികത തീക്ഷണമേറിയ പ്രാർത്ഥനയുടെ ആദ്ധ്യാത്മികതയാണ്. പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുവാനാണ് ഈശോ ആവശ്യപ്പെടുന്നത്. ഇതിന് മാതൃക ഈശോ തന്നെയാണ്. സെഹിയോൻ മാളികയിൽ പ്രാർത്ഥനകളുടെ പ്രാർത്ഥനയും, ആരാധനകളുടെ ആരാധനയുമായ കുർബാന സ്ഥാപിക്കുന്നതിനു മുമ്പായി “സ്വർഗ്ഗത്തിലേക്ക്, ആരാധ്യനായ പിതാവിന്റെ പക്കലേക്ക് കണ്ണുകളുയർത്തി” പ്രാർത്ഥിക്കുന്ന ഈശോയെ നാം കുർബാന സ്ഥാപന വിവരണത്തിൽ കണ്ടുമുട്ടുന്നു.

നമുക്കും ദൈവത്തോട് നിരന്തരം പ്രാർത്ഥനയിലായിരിക്കാം. ഇടതടവില്ലാതെ മുട്ടിവിളിച്ചവളുടെ പ്രാർത്ഥന കേട്ട് വാതിൽ തുറന്ന കർത്താവ് നമ്മുടെയും പ്രാർത്ഥനകൾക്കു മുമ്പിൽ വാതിൽ തുറക്കും, പ്രതിഫലമരുളും. നോമ്പുകാലം തീക്ഷ്ണമായ പ്രാർത്ഥനയുടെ കാലമായിരിക്കട്ടെ.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.