അഞ്ച് പെൺമക്കളുടെ അപ്പൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അഞ്ച് പെൺമക്കളായിരുന്നു അയാൾക്ക്. അഞ്ചാമത്തെ മകളെയും മാന്യമായി അയാൾ വിവാഹം ചെയ്തയച്ചു. ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

“നാട്ടിലെ കുറച്ച് സ്ഥലം വിറ്റുകിട്ടിയ പണവുമായിട്ടാണ് മലബാറിലേക്ക് വരുന്നത്. ആ പണം കൊടുത്ത് ഇവിടെ സ്ഥലം വാങ്ങി. കാപ്പി, കുരുമുളക്, കപ്പ, വാഴ തുടങ്ങിയ  കൃഷികളിലെല്ലാം ഏർപ്പെട്ടു. ഇന്നത്തേതുപോലെ അന്നുമുണ്ടായിരുന്നു വിളവുകൾക്ക് വില ലഭിക്കാത്ത പ്രതിസന്ധി. എന്നാൽ ഏതു പ്രതിസന്ധിയിലും ദൈവം കൂട്ടിനുണ്ട് എന്ന ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു.

മക്കൾക്ക് നല്ല വിവാഹാലോചനകൾ വന്നപ്പോൾ കർത്താവിൽ ആശ്രയിച്ച് അത് ഉറപ്പിക്കും. പിന്നെ എങ്ങനെയെന്നറിയില്ല, പണയം വച്ചും കടം വാങ്ങിയുമെല്ലാം വിവാഹം നടത്തും.

ഒരാളുടെ വിവാഹക്കടം വീട്ടുമ്പോഴേക്കും അടുത്തയാളുടേത് ഉറപ്പിക്കും. എന്തായാലും ദൈവം എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. കുടുംബപ്രാർത്ഥന, ഞായറാഴ്ച കുർബാന, നോമ്പ് എന്നിവ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഇന്നത്തേതുപോലെ എല്ലാ ദിവസവും ഇറച്ചിയും മീനുമൊന്നും അന്നില്ലായിരുന്നു. വീട്ടിലെ സാമ്പത്തികസ്ഥിതി മക്കൾക്കും അറിയാമായിരുന്നു. ഇന്ന് അവരെല്ലാം നല്ല നിലയിൽ ജീവിക്കുന്നതു കാണുമ്പോൾ വലിയ സന്തോഷം.

ഇന്നത്തെ കുടുംബങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത, ചോദിക്കുന്നതെല്ലാം മക്കൾക്ക് കൊടുക്കുന്നു എന്നതാണ്. മാതാപിതാക്കൾ മക്കളുടെ ചില ആവശ്യങ്ങൾക്കു മുമ്പിൽ, പറ്റില്ല എന്നു തന്നെ പറയാൻ പഠിക്കണം. വീട്ടിലെ കഷ്ടപ്പാടും ക്ലേശങ്ങളും അവരും അറിയണം. എന്നാലേ പണത്തിന്റെ വിലയറിയൂ. അല്ലാതെ വളരുന്ന മക്കൾക്ക് പ്രതിസന്ധികളെ അതിജീവിക്കാനാകില്ല.”

അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ സത്യത്തിന്റെ പൊരുളുണ്ടെന്ന് നമുക്കും തോന്നുന്നില്ലേ? ചിലപ്പോഴെങ്കിലും മക്കളുടെ അമിത പിടിവാശികൾക്കു മുമ്പിൽ മാതാപിതാക്കൾ ആവശ്യമില്ലാതെ തോറ്റുകൊടുക്കാറില്ലേ?

ഇന്ന് ഏറിവരുന്ന ആത്മഹത്യാപ്രവണതകൾക്കു പിന്നിൽ കഷ്ടതകൾ അനുഭവിക്കാതെ മക്കളെ വളർത്തുന്നതും ഒരു കാരണമല്ലേ? ഇവിടെയാണ് കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തെ പരീക്ഷിച്ച ക്രിസ്തുവിനെ നാം തിരിച്ചറിയേണ്ടത്. മറ്റാരെയും പരീക്ഷിക്കാത്ത രീതിയിലാണ് ക്രിസ്തു അവളെ പരീക്ഷിച്ചത്. അവസാനം അവളുടെ ദൃഢനിശ്ചയത്തിനു മുമ്പിൽ അവൻ പറയുന്നു: “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതല് അവളുടെ പുത്രി സൗഖ്യമുള്ളവളായി” (മത്തായി 15:28).

വലിയ വിശ്വാസം സഹനം ആവശ്യപ്പെടുന്നു എന്ന് തിരിച്ചറിയാം. ആ തിരിച്ചറിവിലാണ് അത്ഭുതങ്ങൾ സംഭവിക്കുക.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.