വിശുദ്ധനാവാൻ ദൈവത്തിന്റെ വിരൽത്തുമ്പ് പിടിക്കാം

ജിന്‍സി സന്തോഷ്‌

ഈ ലോകത്തിൽ നമ്മിലൊരാളായി ജീവിച്ച്, നമ്മിൽ നിന്നും വേറിട്ട ജീവിതം നയിച്ച് നമുക്കു മുൻപേ കടന്നുപോയി സ്വർഗം സ്വന്തമാക്കിയവരാണ് വിശുദ്ധർ. “ദൈവസ്നേഹമാകുന്ന തീച്ചൂളയിലേക്ക് സ്വയം എരിയുന്നവരാണ് വിശുദ്ധാത്മാക്കൾ. നമ്മളോ? അതിൽ വിരൽ വച്ചിട്ട് പൊള്ളുന്നുവെന്ന് പറഞ്ഞ് മടിച്ചുനിൽക്കുന്നു. ഏറിയാൽ സ്നേഹത്തിന്റെ പേരിൽ ആ തീച്ചൂളയുടെ ചുറ്റും ജീവിതകാലം മുഴുവൻ കറങ്ങിനടക്കും” (പ്രസിദ്ധ ഗ്രന്ഥകാരൻ ആബട്ട് മാർമ്മിയാൺ).

വിശുദ്ധരുടെ ഭൂരിപക്ഷത്തിനെതിരെ മറ്റൊരു ഭൂരിപക്ഷവുമില്ല. സഭയിൽ യഥാർത്ഥ ഭൂരിപക്ഷം വിശുദ്ധരാണ്. ഒരു വിശ്വാസിയുടെ ആത്മീയജീവിതത്തിൽ അനുതാപക്കണ്ണീർ വറ്റിപ്പോകുന്നത് അപകടകരമാണ്. “ഞാൻ ഒരു വിശുദ്ധജീവിതമാണ് നയിക്കുന്നത്” എന്ന ആത്മീയവളർച്ചയിലുണ്ടാകുന്ന മിഥ്യാധാരണ.

വിശുദ്ധിയിലേക്കുള്ള പരമപ്രധാനമായ വഴി നിരന്തരവും അഗാധവുമായ ദൈവാശ്രയബോധമാണ്. “നിങ്ങൾ വിശുദ്ധിയുടെ വസ്ത്രം ധരിക്കുക. വിരക്തിയുടെ അരപ്പട്ട മുറുക്കുക. ക്രിസ്തുവായിരിക്കട്ടെ നിങ്ങളുടെ ശിരോ ആവരണം” (വി. പീറ്റർ ക്രിസോളഗസ്റ്റ). എത്ര വളർന്നാലും വിശുദ്ധിക്കു മുന്നിൽ ഞാൻ വെറുമൊരു ശിശുവാണെന്ന ബോധ്യം എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുക. ഇത് എളിമയെന്ന ദൈവികപുണ്യത്തിലേക്ക് നമ്മെ ഉയർത്തും.

ജീവിതയാത്രയിൽ പ്രതിസന്ധികളിൽ തകരാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ അത് കഴിവല്ല; കരം പിടിച്ചിരിക്കുന്നവന്റെ കരുത്താണെന്ന് തിരിച്ചറിയണം. ആത്മീയ യാത്രയിൽ ദൈവാനുഗ്രഹങ്ങളുടെ കാനാൻദേശം നാം സ്വന്തമാക്കുമ്പോൾ അത് നമ്മുടെ യോഗ്യത കൊണ്ട് നേടി എന്ന വിധത്തിൽ ഒരിക്കലും അഹങ്കരിക്കരുത്. “എന്റെ നീതി നിമിത്തമാണ് കർത്താവ് ഈ സ്ഥലം അവകാശമാക്കാൻ എന്നെ കൊണ്ടുവന്നതെന്ന് നിങ്ങൾ ഹൃദയത്തിൽ പറയരുത്” (നിയമാ. 9:4).

“ചില വിശുദ്ധർ തങ്ങളെത്തന്നെ ഭീകരകുറ്റവാളികൾ എന്നു വിവരിക്കുന്നു. കാരണം അവർ ദൈവത്തെ കണ്ടു; അവർ തങ്ങളെത്തന്നെ കണ്ടു. വ്യത്യാസം മനസ്സിലാക്കി” (വി. മദർ തെരേസ).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.