കുറവുകളെ നിറവുകളാക്കാം

ജിന്‍സി സന്തോഷ്‌

കുറവുകളെ ലോകം വിലയിരുത്തുന്നതും ദൈവം കാണുന്നതും വ്യത്യസ്തരീതിയിലാണ്. സക്കേവൂസിന്റെ പൊക്കക്കുറവാണ് അവനെ സിക്കമൂർ മരക്കൊമ്പിലെത്തിച്ചത്. അവിടെ വച്ച് അവൻ യേശുവിനെ കണ്ടു. അത് അവന് രക്ഷയ്ക്കു കാരണമായി.

ലോകത്തിന്റെ കണ്ണിൽ നിസ്സാരരായ മുക്കുവരും ചുങ്കക്കാരുമായ പാപികൾ യേശുവിന്റെ വിളിക്ക് യോഗ്യമാംവിധം അനുസരിച്ചു. അവർ അവന്റെ ശിഷ്യരായി; രക്ഷാകരചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. പാപിനിയായ സ്ത്രീയെ മനുഷ്യരോടൊത്ത് യേശു വിധിച്ചില്ല. അവളുടെ അനുസരണം മൂലം അപ്പസ്തോലന്മാരുടെ അപ്പസ്തോലയായി ഉയർത്തി മാലാഖമാരുടെ ചിറകിലേറ്റി. മോശ വിക്കനും കൊലപാതകിയും ആയിരുന്നു. ദാവീദ് ആട്ടിടയബാലനും ബലഹീനനും ആയിരുന്നു. റാഹാബ് വേശ്യാസ്ത്രീയായിരുന്നു.

മനുഷ്യരുടെ കുറവുകളിലേക്ക് നോക്കാത്ത കർത്താവ് അവരെയെല്ലാം വലിയ ദൗത്യങ്ങൾ ഭരമേല്പിച്ച് അവിസ്മരണീയരാക്കി. തിരിച്ചറിയുക, നിന്റെ കുറവുകളും ബലഹീനതകളുമാണ് യേശുവിന്റെ ശ്രദ്ധ നിന്നിലേയ്ക്ക് ആകർഷിക്കുന്നത്. നിന്റെ കുറവുകളെ, ദുരിതങ്ങളെ യേശുവിനടുത്ത് എത്താനുള്ള ഉപാധികളാക്കുക. നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും നിന്നെത്തന്നെ ഉയർത്താനുള്ള ഏണിപ്പടികളാണ് ഇന്നത്തെ സഹനാവസ്ഥ എന്നു തിരിച്ചറിയുക. ഓർക്കുക, മുറിവേറ്റ ആടിനെയാണ് നല്ലിടയൻ തോളിലേറ്റിയത്. നീ എന്താണെന്നല്ല കർത്താവ് നോക്കുന്നത്; നിന്നെ എന്താക്കാം എന്നാണ്. “അവന്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നുനില്‍ക്കും” (സങ്കീ. 91:15).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.