മരണം ഉടയവനിലേക്കുള്ള മടക്കയാത്ര

ജിന്‍സി സന്തോഷ്‌

ഒറ്റയ്ക്ക് ഒരിക്കലും ഉണരാതെ ശൂന്യതയിലേയ്ക്കുള്ള പ്രയാണമല്ല മരണം.
പിതൃഭവനത്തിലേക്കുള്ള, ഉയിരേകിയ ഉടയവനിലേയ്ക്കുള്ള യാത്രയാണത്‌.
അതുകൊണ്ടു തന്നെ “തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്” (സങ്കീ. 116:15).

മരണം ഭയപ്പെടാനുള്ളതല്ല. “മരിക്കാൻ, ഭയപ്പെടാതിരിക്കത്തക്കവിധം ജീവിക്കുന്നതാണ് ജീവിതം” എന്നാണ് ആവിലായിലെ വി. ത്രേസ്യ പറഞ്ഞത്. മരണം വിശുദ്ധന് ആനന്ദകാരണവും പാപിക്ക് ഭീതിയുടെ കാരണവുമാണ്. പരീക്ഷയിൽ നന്നായി എഴുതിയവന് ഫലമറിയുന്ന ദിവസം ആനന്ദമാണ്. മറ്റുള്ളവർക്ക് അത് ഭീതിയുടേയും. ഈ ലോകത്തിലെ പ്രവാസജീവിതത്തിന്റെ സഹനങ്ങളുടെയും ദുരിതങ്ങളുടെയും ശരിയായ അർത്ഥം ഒരാൾക്കും ഇപ്പോൾ പിടികിട്ടിയെന്നു വരില്ല. എന്നാൽ നിത്യതയുടെ തീരത്തിരുന്നുകൊണ്ട് കടന്നുവന്ന വഴികളെക്കുറിച്ച് ധ്യാനിക്കുമ്പോൾ ജീവിതം വച്ചുനീട്ടിയ പുഷ്പങ്ങളെ മാത്രമല്ല മുള്ളുകളെയും നാം സ്നേഹിക്കാൻ തുടങ്ങും.

കാനാൻ ദേശത്തേയ്ക്കുള്ള യാത്രയിൽ പൂർവ്വികർ സഞ്ചരിച്ച എല്ലാ പാതകളും അതിന്റെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സ്വർഗ കാനാനിലേയ്ക്കുള്ള ജീവിതയാത്രയിൽ നാം അഭിമുഖീകരിക്കും. മോശയ്ക്ക് നൽകപ്പെട്ട വടി പോലെ നമ്മുടെ കൈവശവുമുണ്ട് കുരിശ്. നിത്യജീവനിലേക്കുള്ള ഒരുക്കത്തിന്റെ ഈ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യന് നൽകപ്പെട്ടിട്ടുണ്ട്. സ്വർഗവും നരകവും നമ്മുടെ മുമ്പിലുണ്ട്. തീരുമാനം നമ്മുടേതാണ്.

“നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാനാവില്ല” – വി. അഗസ്റ്റിൻ.

ജിന്‍സി സന്തോഷ്‌
കടപ്പാട്: ഫാ. റോയ് പാലാട്ടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.