മരണം അമർത്യതയിലേക്കുള്ള യാത്ര

ജിന്‍സി സന്തോഷ്‌

ആയുസ്സിന്റെ കണക്കിൽ ഓരോ നിമിഷവും നാം മരിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കുവാൻ കഴിയാതെ വീണ്ടും ശ്വസിക്കാമെന്ന വ്യാമോഹത്താൽ അവസാനം എടുത്ത ശ്വാസം വായിൽ ഒതുക്കപ്പെടുമ്പോൾ ജീവിതം നിസ്സഹായതയോടെ നോക്കിനിൽക്കും. എന്നും ഈ ലോകത്തിൽ തന്നെ ജീവിക്കുവാൻ കൊതിക്കുന്ന അതിമോഹത്തിന്റെ ഉടമകളായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്നു. നൈമിഷികമായ ലോകസുഖങ്ങൾ നഷ്ടപ്പെടാതിരിക്കുവാനും ലോകത്തിനു വേണ്ടി മാത്രം ജീവിക്കുവാനുമായി ആത്മീയതയെ അഭയമായി കാണുന്ന അല്പവിശ്വാസികൾക്കും മരണം തീർച്ചയായും ഭയത്തിന്റെ അവസ്ഥ സൃഷ്ടിക്കുന്നു.

ദേവാലയത്തിൽ വച്ച് പരിശുദ്ധ മറിയത്തിന്റെ കരങ്ങളിലിരിക്കുന്ന രക്ഷകനെ കാണുമ്പോൾ ജീവിതം ധന്യമായി എന്ന തിരിച്ചറിവിൽ മരണത്തെ പുല്‍കാൻ ആഗ്രഹിക്കുന്ന ശിമയോനും ഡമാസ്കസിലെ ഇരുണ്ടതെരുവിൽ വച്ച് ക്രിസ്തുവിനെ തിരിച്ചറിഞ്ഞതിനു ശേഷം “മരണമേ, നിന്റെ ദംശനം എവിടെ?” എന്നു ചോദിക്കുന്ന പൗലോസും മരണത്തിന്റെ യഥാർത്ഥ അർത്ഥം കാണിച്ചുതരുന്നു.

നിത്യജീവിതം ലക്ഷ്യം വച്ച് മുന്നേറുവാനാണ് ദൈവം ഓരോ ദിനവും ദാനമായി നൽകുന്നത്. അമർത്യതയിലേക്കുള്ള യാത്രയാണ് മനുഷ്യജീവിതം. ഈ യാത്രയിലെ ഒരു ഇടത്താവളം മാത്രമാണ് ഈ ലോകം എന്ന ബോധ്യം മനസ്സിൽ സൂക്ഷിച്ചാൽ ജീവിതം ക്രമപ്പെടുത്താനാവും; ഒപ്പം ആസ്വാദ്യകരവും. ജീവിതത്തിൽ അഭിമാനപൂർവ്വം കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളും കഴിവുകളും നിത്യതയിലേക്ക് എത്രമാത്രം സഹായകരമാണെന്ന് സ്വയം വിലയിരുത്തുന്നത് ഉചിതമാണ്. “മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല” (സങ്കീ. 23:4).

ജിന്‍സി സന്തോഷ്‌
കടപ്പാട്: ഫാ. ബിനോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.