എന്തിന് ദൈവാലയത്തിൽ പോകണം?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

നിമ രാഹുൽ എന്ന യുവതിയുടെ ഒരു വീഡിയോ കാണാനിടയായി. അതിലെ ഹൃദയസ്പർശിയായ ആശയം കുറിക്കട്ടെ.

“എന്തിനാണ് ദൈവാലയത്തിൽ പോയി പ്രാർത്ഥിക്കുന്നത്? എന്തിനാണ് ദിവ്യബലിയിൽ പങ്കെടുക്കുന്നത്?” അവൾ ചോദിക്കുന്നു… “ദൈവം എല്ലായിടത്തും ഉണ്ടല്ലോ. ഇത്തരം ചിന്തകൾ നിമയെ അന്നൊക്കെ വല്ലാതെ അലട്ടിയിരുന്നു. ഒരിക്കൽ സൺഡേ സ്കൂൾ അധ്യാപകനോട് അവൾ തന്റെ സംശയം ഉന്നയിച്ചു. അദ്ദേഹം അതിന് മറുപടി  നൽകിയത് ഒരു കഥയിലൂടെയാണ്.

പ്രാർത്ഥിക്കാനായി വനത്തിലെ നിശബ്ദതയിലേക്ക് യാത്ര തിരിക്കുന്ന ശിഷ്യനോട് ഗുരു ചോദിക്കുന്നു: ‘ദൈവം എല്ലായിടത്തുമണ്ട്. ആശ്രമത്തിനുള്ളിലും അവിടുന്നുണ്ട്. പിന്നെ എന്തിനാണ് പ്രാർത്ഥിക്കാൻ വനത്തിൽ പോകുന്നത്?’

ശിഷ്യൻ മറുപടി നൽകി: ‘അങ്ങ് പറഞ്ഞത് ശരിയാണ്, ദൈവം എല്ലായിടത്തുമുണ്ട്. എല്ലായിടത്തും ഒരുപോലെയാണ്. എന്നാൽ ഞാൻ എല്ലായിടത്തും ഒരുപോലെയല്ല. കാടിനുള്ളിലെ നിശബ്ദതയിൽ ദൈവത്തോട് കൂടുതൽ സംസാരിക്കാനും അവിടുത്തെ ശ്രവിക്കാനും എനിക്ക് കഴിയുന്നു. അതുകൊണ്ടാണ് പ്രാർത്ഥിക്കാനായ് ഞാൻ വനത്തിനുളളിലേക്ക് പോകുന്നത്.’

അതുപോലെ നാം ദൈവാലയത്തിൽ പോകുന്നതും ദൈവത്തോട് അടുത്തായിരിക്കാനും അവിടുത്തെ ശ്രവിക്കാനും പറ്റിയ ഒരിടം എന്ന നിലയിലാണ്. അങ്ങനെയെങ്കിൽ ദൈവാലയം എന്നത് ദൈവത്തിനു വേണ്ടിയുള്ള ഇടമല്ല, മറിച്ച് അവിടുത്തെ അന്വേഷിക്കുന്നവർക്കു വേണ്ടിയുള്ള ഇടമാണ്.”

“എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില് വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല”(യോഹ. 6:35) എന്ന ക്രിസ്തുവചനവും ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ദൈവത്തോട് കൂടുതൽ അടുത്തായിരിക്കണം എന്ന് ആഗ്രഹമുള്ളവരേ പ്രാർത്ഥിക്കാനും വചനം വായിക്കാനും സമയം  കണ്ടെത്തുകയുള്ളൂ. അല്ലാത്തവർ പലവിധ ന്യായങ്ങൾ പറഞ്ഞ് പ്രാർത്ഥനയിൽ നിന്നും കൂട്ടായ്മകളിൽ നിന്നും അകന്നുകൊണ്ടിരിക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.