ശൈശവത്തിന്റെ സുകൃതസമ്പന്നത

കഞ്ഞുങ്ങൾക്ക് അപാരമായ ആശ്രയത്വമുണ്ട്. തന്റെ നിസ്സഹായതയെക്കുറിച്ച് കൃത്യമായ ബോധ്യവും. വലുതാകുമ്പോൾ ആശ്രയത്വം തന്നിൽ തന്നെയാകും. ആശ്രയിക്കുന്നത് ഒരു കുറവാണെന്നാണ് എപ്പോഴും ലോകം പഠിപ്പിക്കുന്നത്. എല്ലാറ്റിനേയും തള്ളിമാറ്റി വളരാൻ ശ്രമിക്കുന്ന കുഞ്ഞാണ് ഇന്നും നമ്മൾ. അപ്പനെ, അമ്മയെ, സഹോദരങ്ങളെ, പ്രകൃതിയെ… എല്ലാം മാറ്റിനിർത്തി സ്വയം വളരാനാണ് നമ്മുടെ ശ്രമം. ഒടുവിൽ ജീവിതത്തിന്റെ കനൽവഴികളിൽ വീണുപോകുമ്പോൾ ആശ്രയത്തിനായി ഓടിയെത്തും. ഏറെ വളർന്നാൽ അതിനും കഴിയാതെ പോകും.

മുതിർന്നവർക്ക് അനുഭവങ്ങളുടെ സമ്പത്ത് വേണ്ടുവോളമുണ്ട്. കുഞ്ഞുങ്ങൾക്ക് അതില്ല. ഇന്നത്തേക്കുള്ള വെളിച്ചം ഇന്നു കിട്ടണം. ഒന്നും ശേഖരിച്ചു വച്ചതില്ല, എങ്കിലും ഉത്ക്കണ്ഠയില്ല. ഉച്ചയ്‌ക്ക് വിളമ്പിയവൻ അത്താഴവും തരുമെന്ന അന്ധമായ ഉറപ്പ്. ആശ്രയത്വം ഉത്ക്കണ്ഠ അകറ്റും.

മർത്തായുടെ ഉത്ക്കണ്ഠയേക്കാൾ മറിയത്തിന്റെ ധ്യാനമാണ് ശ്രേഷ്ഠമെന്ന് ക്രിസ്തു ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന് അടിസ്ഥാനമിട്ടവൻ ദൈവമെങ്കിൽ പണിതുയർത്താതെ അവൻ കരം പിൻവലിക്കില്ലെന്ന ബോധ്യം നിന്നിലുറയ്ക്കട്ടെ. പടികളിറങ്ങാം ‘ഞാൻ’ എന്ന ഭാവത്തിൽ നിന്നും ശിശുക്കളുടെ സുകൃതസമ്പന്നതയിലേക്ക്… “ഈ ശിശുവിനേപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗരാജ്യത്തിലെ ഏറ്റവും വലിയവൻ” (മത്തായി 18:4).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.