ഏകാന്തതയുടെ തുരുത്തുകളിൽ ചേക്കേറുന്നവർക്കായി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അറുപതു വയസിലേറെ പ്രായമുള്ള ഒരു വൈദികന്റെ ഫോൺ ആയിരുന്നു ഇന്ന് ആദ്യം ലഭിച്ചത്: “എന്തുണ്ട് ജെൻസനച്ചാ വിശേഷങ്ങൾ?”

“സുഖം തന്നെ അച്ചാ. അങ്ങേയ്ക്കോ…?”

“എനിക്കും സുഖം തന്നെ. രാവിലെ കപ്യാർ വരും. ഞങ്ങളൊരുമിച്ച് ബലിയർപ്പിക്കും. പിന്നീട് ദിവസം മുഴുവനും തനിച്ചാണ്. വായനയും പ്രാർത്ഥനയും അല്പം വ്യായാമവുമായി ഓരോ ദിവസവും തള്ളിനീക്കുന്നു. ചിലപ്പോഴൊക്കെ വല്ലാത്ത ഒറ്റപ്പെടലാണ്. ലോക്ക് ഡൗൺ തീരുമെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും നീട്ടിയെന്ന വാർത്ത കേട്ടത്. ഇപ്പാൾ പഴയ ബന്ധങ്ങളെല്ലാം പുതുക്കാൻ സമയം കണ്ടെത്തുന്നു. അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ… വല്ലാത്ത ഒരു അവസ്ഥയാണിത്. സമയമുണ്ടെങ്കിൽ വല്ലപ്പോഴും വിളിച്ചോളൂ…”

അച്ചന്റെ വാക്കുകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചു. അതെ, ചിലരെങ്കിലും ഈ കോവിഡ് കാലഘട്ടത്തിൽ ഏകാന്തതയുടെ തുരുത്തിൽ അകപ്പെട്ട് വേദനിക്കുന്നുണ്ട്. ചുറ്റും ഒരുപാട് പേർ ഉണ്ടായിരുന്നിട്ടും പെട്ടന്ന് ഏകനാകുമ്പോൾ അതിനെ അതിജീവിക്കണമെങ്കിൽ ദൈവകൃപയും പരസ്പര അന്വേഷണങ്ങളും അനിവാര്യമാണ്. ഈ അവസരത്തിൽ ക്വാറൻൻ്റൈനിൽ കഴിയുന്നവർ, ആശുപത്രികളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ എന്നിവരെ പ്രത്യേകം ഓർക്കുന്നു. കോവിഡ് മൂലം നഷ്ടമായവയിൽ കൂടിക്കാഴ്ചകളുമുണ്ട്. കോവിഡ് രോഗികളെ സന്ദർശിക്കാനും കൂടെയായിരിക്കാനുമൊന്നും കഴിയാത്ത ഇക്കാലയളവിൽ കൂടിക്കാഴ്ചകളും ഒത്തുചേരലുകളും പകർന്നിട്ടുള്ള ഊർജ്ജം എത്ര വലുതാണെന്ന് ഓർക്കേണ്ടതുണ്ട്.

വൃദ്ധയായ എലിസബത്തിന്റെ വസതിയിലേക്ക് മറിയം നടത്തിയ ആ സന്ദർശനത്തിനത്തെക്കുറിച്ചും ഇത്തരുണത്തിൽ ധ്യാനിക്കേണ്ടതാണ് (Ref: ലൂക്കാ 1:39-45). പ്രായാധിക്യവും അതോടൊപ്പം ഗർഭവതിയും. ഒരു തുണയ്ക്കും കൈത്താങ്ങിനും വേണ്ടി എലിസബത്ത് എത്രമാത്രം ആഗ്രഹിച്ചിരിക്കും. ആ ആഗ്രഹം തിരിച്ചറിഞ്ഞ് മൂന്നു മാസത്തോളം അവരുടെ കൂടെയായിരിക്കാൻ മറിയത്തിന് കഴിഞ്ഞു എന്നത് എത്രയോ മഹത്ക്കരമാണ്. കൂടിക്കാഴ്ചകൾക്ക് പരിമിതികളുള്ള ഇക്കാലയളവിൽ ഫോണിലൂടെയും പ്രാർത്ഥനകളിലൂടെയും പരസ്പരം കണക്റ്റഡ് ആകാൻ ശ്രമിക്കാം. അതിനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശന തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.