കത്തിനശിച്ച ഇറച്ചിക്കറി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വർഷങ്ങൾക്കു മുമ്പ് നടന്നതാണിത്. ആന്ധ്രയിലെ ഞങ്ങളുടെ മിഷൻ ദൈവാലായത്തോട് ചേർന്നുള്ള ഒരു വീടിന് തീപിടിച്ചു. അടുത്തുള്ള ഏതാനും ചില വീടുകളിലേക്കും തീ പടർന്നുകൊണ്ടിരുന്നു. നാട്ടുകാരും ഫയർഫോഴ്സും കൂടി ശ്രമിച്ചാണ് തീ അണയ്‌ക്കാന്‍ കഴിഞ്ഞത്. എല്ലാം ഒന്ന് ശാന്തമായി. അപ്പോഴാണ് കരഞ്ഞുകൊണ്ടിരുന്ന മൂന്നാം ക്ലാസുകാരൻ എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. അവനരികിൽ ചെന്ന് ഞങ്ങൾ ചോദിച്ചു: “വീട് കത്തിയാലും നിനക്കോ വീട്ടുകാർക്കോ ഒന്നും സംഭവിച്ചില്ലല്ലോ. പിന്നെ എന്തിനാണ് നീ കരയുന്നത്?”

“അച്ചാ, ഞാൻ കരയുന്നത് വീട് കത്തിയതുകൊണ്ടല്ല; അമ്മ എനിക്കുവേണ്ടി തയ്യാറാക്കിയ ഇറച്ചിക്കറിയും തീ പിടിച്ചു. അതുകൊണ്ടാണ്!” മിഴികൾ തുടച്ചുകൊണ്ട് അവൻ തുടർന്നു: “സ്കൂളിൽ നിന്ന് വന്ന എന്നോട്, പോയി കളിച്ചിട്ട് വരൂ എന്നുപറഞ്ഞ് അമ്മ അയച്ചതാണ്. അടുപ്പിൽ കറി തിളയ്ക്കുന്നതു കണ്ടാണ് ഞാൻ കളിക്കാൻ പോയത്. പിന്നീട് കാണുന്നത് എല്ലാം കത്തിയെരിയുന്നതാണ്. ആശിച്ചു കാത്തിരുന്ന ഇറച്ചിക്കറി… അതും കത്തിനശിച്ചല്ലോ…” അവൻ കരഞ്ഞുകൊണ്ടേയിരുന്നു.

നമ്മുടെ പ്രാർത്ഥനകളും ആകുലതകളും ഈ കുഞ്ഞിൻ്റേതു പോലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും കാര്യഗൗരവത്തോടെ മനസിലാക്കാതെ നമ്മൾ ഇപ്പോഴും നശ്വരമായ സന്തോഷങ്ങൾക്കു പിന്നാലെ യാത്ര തുടരുന്നു. ഇതേ മനോഭാവമുണ്ടായിരുന്ന ജനക്കൂട്ടത്തെ നോക്കി ക്രിസ്തു പറയുകയുണ്ടായി: “അടയാളങ്ങള് കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള് എന്നെ  അന്വേഷിക്കുന്നത്‌. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന് തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്” (യോഹ. 6:26-27).

കുറേക്കൂടെ ആഴത്തിലേക്ക് ആത്മീയതയുടെ വേരുകൾ പാകാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയും ആദ്ധ്യാത്മികതയുമെല്ലാം പരിഭവങ്ങളുടെ ആവർത്തനങ്ങൾ മാത്രമായിരിക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.