കാഴ്ചയ്ക്കപ്പുറം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കൊറോണ എന്ന മഹാമാരിയെക്കുറിച്ച് ഒരു വർഷം മുമ്പ് കേട്ട വാർത്തകളല്ല ഇപ്പോൾ കേൾക്കുന്നത്. നമ്മുടെ സ്വന്തക്കാർ, ബന്ധുക്കൾ, പരിചയക്കാർ എന്നിവരിൽ പലർക്കും കൊറോണ വന്നു കഴിഞ്ഞു. മിക്കവാറും എല്ലാ ദിവസവും ഇതു സംബന്ധിച്ച് പ്രാർത്ഥനാനിയോഗങ്ങളും ധാരാളം ലഭിക്കുന്നുണ്ട്.

കൊറോണ ബാധിച്ച് സഹോദരൻ മരിച്ച ഒരു സുഹൃത്തിന്റെ നൊമ്പരം ഇങ്ങനെയായിരുന്നു: “ആശുപത്രിയിൽ ചേട്ടായിയുടെ കൂടെ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചോര ഛർദിച്ച് ജീവിതപങ്കാളി മരണമടയുന്നത് വിലാപത്തോടെ നോക്കിനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ആ വാർത്ത എല്ലാവരെയും അറിയിച്ചതും ചേച്ചി തന്നെ. മൃതശരീരം പൊതിഞ്ഞുകെട്ടി സംസ്ക്കരിക്കാൻ കൊണ്ടുപോയപ്പോഴും കണ്ണീരോടെ കൂടെയുണ്ടായിരുന്നതും ചേച്ചി മാത്രം. കുടുംബത്തിൽ മറ്റുള്ളവർക്കും പനിയും ജലദോഷവുമുണ്ട്. മനക്കരുത്ത് ലഭിക്കാൻ വേണ്ടി അച്ചൻ പ്രാർത്ഥിക്കണം.”

സമാനമായ വാർത്തകൾ ഒരുപാട് കേൾക്കുന്ന ഇക്കാലയളവിൽ കർത്താവിന്റെ വാക്കുകൾ നമുക്കോർക്കാം: “യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും ഈ തലമുറക്ക് നല്കപ്പെടുകയില്ല” (Ref: ലൂക്കാ 11:29). നിനവെ നിവാസികളെ അനുതാപത്തിലേക്ക് നയിക്കാൻ ദൈവം തിരഞ്ഞെടുത്തവനായിരുന്നു യോനാ. ദൈവഹിതത്തിൽ നിന്ന് കുതറിയോടാൻ യോനാ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിനവെയിലെ ജനങ്ങൾ അനുതപിക്കുന്നതിനു മുമ്പേ സ്വയം അനുതപിക്കാൻ ദൈവം യോനായെ നിർബന്ധിച്ചു.

ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തതുപോലെ വരും ദിനങ്ങളിൽ അനുതാപത്തോടെയും വിശ്വാസത്തോടെയും നമുക്ക് കർത്താവിലേക്ക് തിരിയാം. മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടി ജപമാല ചൊല്ലി പ്രാർത്ഥിക്കാം. ദൈവം നമ്മുടെ തുണയ്ക്കെത്തുമെന്ന് ഉറച്ച് വിശ്വസിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.