ബൈബിൾ മുഴുവൻ വായിച്ചവർ എത്ര പേരുണ്ട്?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വചനവായനയിലെ പ്രതിസന്ധിയെക്കുറിച്ച് ഒരു വീട്ടമ്മ പറഞ്ഞത് ഇപ്രകാരമായിരുന്നു: “അച്ചാ, എനിക്ക് 45 വയസായി. രണ്ടു മക്കളുടെ അമ്മയാണ്. വിവാഹത്തിനു മുമ്പ് ഒരു ധ്യാനത്തിൽ പങ്കെടുത്തപ്പോൾ എടുത്ത  തീരുമാനമായിരുന്നു ബൈബിൾ മുഴുവനും ഒരു തവണയെങ്കിലും വായിക്കണമെന്ന്.  എന്നാൽ ഇതുവരെയും അതിന് സാധിച്ചിട്ടില്ല. വായന തുടങ്ങി ദിവസങ്ങൾ കഴിയുമ്പോഴേയ്ക്കും എന്തെങ്കിലും തടസം വരും. അതോടെ വായന മാറ്റിവയ്ക്കും. പിന്നീടത് പൂർണ്ണമായും നിലയ്ക്കും. കുറച്ചുനാൾ കഴിയുമ്പോൾ ഒരു തിരിച്ചറിവിന്റെ പുറത്ത് വീണ്ടും വായന ആരംഭിക്കും.

വർഷങ്ങൾ ഏറെയായിട്ടും അപ്പസ്തോല പ്രവർത്തനം വരെയെ എത്തിയിട്ടുള്ളൂ. എന്റെ ആഗ്രഹം പൂർത്തീകരിക്കാൻ എന്ന് സാധിക്കുമെന്നറിഞ്ഞു കൂടാ. അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.”

നമ്മളിൽ കുറച്ചു പേരുടെയെങ്കിലും പ്രതിനിധിയല്ലേ ഈ സഹോദരി? പല തവണ വായന ആരംഭിച്ചിട്ടും നമ്മുടെയൊക്കെ വചനവായന ഇടയ്ക്ക് നിലച്ചുപോയിട്ടില്ലേ? ചില കുടുംബങ്ങളിലെങ്കിലും പ്രാർത്ഥനാസമയത്ത് ഏറ്റവും ചെറിയ വചനഭാഗം തിരഞ്ഞടുത്ത് വായിക്കുന്ന ശീലമല്ലേ? ബൈബിൾ ഉണ്ടായിരുന്നിട്ടും മൊബൈലിൽ അത് ഡൗൺലോഡ് ചെയ്തിട്ടും നമ്മളിൽ പലരും ഒരു തവണ പോലും ബൈബിൾ മുഴുവൻ വായിച്ചിട്ടില്ല എന്നത് സത്യമല്ലേ?

ദൈവവചനം വായിക്കുന്നതും പഠിക്കുന്നതും ധ്യാനിക്കുന്നതും പിശാചിന് ഇഷ്ടമില്ലാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ അതീവ ജാഗ്രതയും കഠിനപ്രയത്നവും ദൈവകൃപയുമില്ലെങ്കിൽ നമുക്കത് സാധ്യമാവുകില്ല. പിശാചിന്റെ ഇത്തരം പ്രലോഭനങ്ങളെക്കുറിച്ച് വിതക്കാരന്റെ ഉപമയിൽ ക്രിസ്തു വിവരിക്കുന്നുണ്ട്. വഴിയോരത്തും പാറപ്പുറത്തും മുള്ളുകൾക്കിടയിലും വീണ് മുളച്ച വിത്തുകൾക്ക് സമാനമാണത് (Ref: 4:13-20). നന്നായി മുളച്ചുപൊങ്ങുമെങ്കിലും പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ തക്ക കരുത്തും വേരുറപ്പും ഇല്ലാത്തതിനാൽ അവ ഫലം ചൂടാതെ നശിച്ചുപോകുന്നു.

സാത്താന്റെ കുടിലതന്ത്രങ്ങളെ നേരിടാൻ ഉണർവും ഉത്സാഹവും ജാഗ്രതയുമില്ലെങ്കിൽ വചനവായനയിലും ആദ്ധ്യാത്മികജീവിതത്തിന്റെ മറ്റു തലങ്ങളിലും ആഴപ്പെടാൻ നമുക്ക് സാധിക്കില്ല എന്ന് ഉറപ്പാണ്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.