പകുത്തു നല്‍കിയിട്ടും പാതയോരത്ത് പിന്തള്ളപ്പെട്ടവര്‍

ജിന്‍സി സന്തോഷ്‌

ഓർമ്മകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഒരു കൂട്ടർ. ഓർമ്മകൾ എന്നെ മരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് മറ്റൊരു കൂട്ടർ. ഒരു പുഴ പോലെ അപരന് ജീവനേകി ഒഴുകേണ്ട ഈ ഓർമ്മകൾ ഏതു കല്ലിൽ തട്ടിയാണ് ജീവനായും നാശമായും രണ്ടായി വഴിമാറുന്നത്?

ക്രിസ്തു പറഞ്ഞുവച്ച രണ്ടു കഥകൾ നന്നായി ധ്യാനിക്കണം ഞാനും നീയും. പാതയോരത്ത് ആക്രമിക്കപ്പെട്ട് ചോര വാർന്ന് പാതിജീവനോടെ കിടക്കുന്ന മനുഷ്യൻ. അവന്റെ മുറിവുകളിലേക്ക് സൗഖ്യത്തിന്റെ എണ്ണയും വീഞ്ഞും പകർന്ന നല്ല സമരിയാക്കാരൻ. പിന്നീട് മുറിവേറ്റവൻ പൂഴിമണ്ണിൽ നിന്നും സത്രത്തിന്റെ തണലിലേക്ക്. പങ്കുവയ്ക്കുന്നവന് ക്രിസ്തുവിന്റെ അഴകാർന്ന മുദ്ര – നല്ല സമരിയാക്കാരൻ. കാരുണ്യം കൊണ്ട് തന്റെ ദേശത്തെ (സമരിയ) മുഴുവൻ അനുഗ്രഹമാക്കിയവൻ. വീണ്ടും മേശയിലെ അപ്പക്കഷണങ്ങൾക്കായി തന്റെ പടിവാതിലിൽ കിടന്നിരുന്ന ലാസറിനെ, ധനവാൻ മരണശേഷം അബ്രാഹത്തിന്റെ മടിയിലിരിക്കുന്നതായി കാണുന്നു. ജീവിതകാലത്തിൽ താൻ അവനെ പരിഗണിക്കാതിരുന്നതിന്റെ പരിവേദനങ്ങൾ ഉണ്ടായിരുന്നു പിന്നീടുള്ള ധനവാന്റെ ഓരോ പ്രാർത്ഥനയിലും.

മരച്ചുവടുകളിലും കടത്തിണ്ണകളിലും വെറും നിലത്ത് തണുപ്പ് സഹിച്ചു കിടക്കുന്ന, പ്രിയപ്പെട്ടവർക്കായി പ്രാണൻ പകുത്തുനൽകിയിട്ടും പാതയോരത്ത് പിന്തള്ളപ്പെട്ട സഹോദരങ്ങളുടെ കണ്ണീരൊപ്പാനും വിശപ്പകറ്റാനും ശ്രമിക്കുമ്പോൾ ക്രിസ്തുവിനും നമുക്കുമിടയിൽ ചെറുതല്ലാത്ത ഒരു ദൂരമുണ്ടെന്ന ഒരു ആശങ്കയും ദരിദ്രനെ സ്നേഹിച്ച് അവന്റെ നൊമ്പരങ്ങളിൽ ഓഹരിയായിക്കൊണ്ട് ആ ദൂരം ഇല്ലാതാക്കാം എന്ന ഒരു ആശ്വാസവും. “ദയാദൃഷ്ടിയുള്ളവൻ അനുഗ്രഹീതനാകും. എന്തെന്നാൽ അവൻ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു” (സുഭാ. 22:9). വെളിച്ചം പകരുന്നതുകൊണ്ടു മാത്രം ഒരു വിളക്കിനും അതിന്റെ വെളിച്ചം നഷ്ടമാകുന്നില്ല.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.