വിളക്കുമാടം കണ്ണടച്ചാൽ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മദ്യപിച്ച് വാഹനമോടിച്ചു എന്ന കാരണത്താലാണ് ആ യുവാവിനെ പോലിസ് പിടികൂടിയത്. പോലീസ് അധികൃതർ വിളിച്ചതനുസരിച്ച് അവന്റെ പിതാവിനും സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു. അയാള്‍ അവനെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഒരു ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുപോയി. അതിനുശേഷം ആ അപ്പൻ പോയത് ഒരു വൈദികന്റെ അടുത്തേയ്ക്കാണ്.

വിശ്രമജീവിതം നയിക്കുന്ന ആ വൈദികന്റെ അടുത്തെത്തി കൂപ്പുകരങ്ങളോടെ അയാൾ പറഞ്ഞു: “അച്ചാ, എന്നെ ഓർക്കുന്നുണ്ടോ? ഞാനാണ് ടോമി.”

“ഓർക്കുന്നുണ്ട്. നീ എന്നെ കാണാൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

അച്ചന്റെ ചോദ്യത്തിന് അയാൾ ഇങ്ങനെ മറുപടി നൽകി: “അച്ചൻ ഞങ്ങളുടെ ഇടവകയിൽ വികാരിയായി സേവനം ചെയ്യുന്ന സമയം. മകന്റെ ആദ്യകുർബാനയ്ക്ക് കുമ്പസാരിക്കാൻ ഞാൻ മദ്യപിച്ചാണ് എത്തിയത്. അന്ന് അച്ചനെന്നെ ശകാരിച്ചത് ഞാനിന്നും ഓർക്കുന്നു. പിന്നീടൊരിക്കൽ വീട്ടിൽ വന്നപ്പോൾ, ഞാൻ മകന് മദ്യം ഒഴിച്ചു കൊടുത്ത വിവരം ഭാര്യ അച്ചനെ അറിയിച്ചു. അന്ന് ക്ഷുഭിതനായ് അച്ചൻ ഒരു കാര്യം  പറഞ്ഞിരുന്നു: ‘നാളെ ഈ മകൻ വഴി തെറ്റിപ്പോയാൽ നീയായിരിക്കും അതിന് ഉത്തരവാദി.’ ശരിയാണച്ചാ, ഇന്നലെ എന്റെ മകനെ പോലീസ് പിടിച്ചു. മദ്യവും ലഹരിവസ്തുക്കളുമെല്ലാം അവൻ നിരന്തരം  ഉപയോഗിക്കുന്നതായി അറിയാൻ കഴിഞ്ഞു. അവനെ ചികിത്സാകേന്ദ്രത്തിൽ ആക്കിയിട്ടാണ് ഞാൻ വരുന്നത്. അച്ചൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം.

എനിക്കൊരിക്കലും ഒരു നല്ല അപ്പനാകാൻ കഴിഞ്ഞിട്ടില്ല. മക്കളെ തിരുത്തുമ്പോഴും അടിക്കുമ്പോഴും എന്റെ ബലഹീനതകളിൽ നിന്നും പുറത്തുകടക്കാനാകാതെ ഞാൻ വലയുകയായിരുന്നു. വൈകി ലഭിച്ച തിരിച്ചറിവ് കർത്താവ് സ്വീകരിക്കുമോ എന്നറിയില്ല.” അച്ചൻ അയാളുടെ ശിരസിൽ കരങ്ങൾ വച്ച് പ്രാർത്ഥിച്ചു. എല്ലാം ശരിയാകുമെന്നും ദൈവം കരുണാമയനാണെന്നും ഓർമ്മിപ്പിച്ച് യാത്രയാക്കി.

ഈ പിതാവ് അനേകം മാതാപിതാക്കളുടെ പ്രതിനിധിയാണ്. മക്കളെ തിരുത്തുമ്പോഴും അവർ നേർവഴിക്ക് നടക്കണമെന്ന് ശഠിക്കുമ്പോഴും അവർക്കു മുമ്പിൽ മാതൃകകളാകാൻ സാധിച്ചില്ലെങ്കിൽ തിരുത്താൻ പറ്റാത്തത്ര പാപത്തിന്റെ അടിമത്വത്തിലേക്ക് അവർ നിപതിക്കാൻ സാധ്യതയുണ്ട്. “വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹ. 14:6) എന്ന് പറഞ്ഞുകൊണ്ട്  ശിഷ്യർക്ക് മാതൃകയും വഴികാട്ടിയുമായ ക്രിസ്തുവായിരിക്കട്ടെ നമുക്ക് മാർഗ്ഗദീപം. “അപ്പന്റെ ജീവിതമാതൃകയും പ്രാർത്ഥനയുമാണ് എന്റെ ദൈവവിളിയുടെ പ്രചോദനം” എന്ന വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും നമുക്ക് കരുത്തേകട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.