കഥ പറയുന്ന അക്ഷരങ്ങളും ചിത്രങ്ങളും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഭിത്തിയിൽ ഒട്ടിച്ചുവച്ച ദൈവവചനങ്ങളും ചിത്രങ്ങളും സൂക്തങ്ങളുമായിരുന്നു ആ വൈദികന്റെ മുറിയുടെ പ്രത്യേകത. കൗതുകത്തോടെ ചോദിച്ചു: “ഈ മുറി ഒരു മ്യൂസിയമാണല്ലോ?”

അച്ചൻ ചിരിച്ചു: “ശരിയാണച്ചാ. ഇതൊരു മ്യൂസിയമാണ്. ആ കാണുന്ന ചിത്രങ്ങൾ എന്റെ മാതാപിതാക്കളുടേതാണ്. അതിനടിയിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചോ? ‘നീ പുരോഹിതനായിരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നില്ല. മറിച്ച് വിശുദ്ധിയും വിശ്വസ്തതയുമുള്ള  പുരോഹിതനായിരിക്കുന്നതിലാണ് ഞങ്ങളുടെ അഭിമാനം!’ അപ്പനും അമ്മയും എന്റെ തിരുപ്പട്ടത്തിന് എഴുതിത്തന്ന കുറിപ്പാണിത്. ഒരുപാട്  അവസരങ്ങളിൽ ഈ വാക്കുകൾ എന്നെ സഹായിച്ചിട്ടുണ്ട്.

അതുപോലെ ആ  കാണുന്നത് ഒരു 19 വയസുകാരിയുടെ ചിത്രമാണ്. ക്യാൻസറായിരുന്നു. അവസാനമായി കുമ്പസാരിപ്പിച്ച് കുർബാന കൊടുത്തപ്പോൾ കരങ്ങൾ കൂപ്പി അവൾ പറഞ്ഞു: ‘അച്ചാ, നമുക്ക് സ്വർഗത്തിൽ കാണാം…’

ഇങ്ങനെ ഈ മുറിയിലുള്ള ഓരോ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും പിറകിലും സ്നേഹത്തിന്റെയും കരുതലിന്റെയും സഹനത്തിന്റെയുമെല്ലാം ഒരുപാട് ഓർമ്മകൾ ഉണ്ട്. ചില അവസരങ്ങളിൽ എന്റെ ഏകാന്തതകളിൽ നിന്നും കരകയറാൻ ദിവ്യകാരുണ്യം പോലെ ഇവയെല്ലാം സഹായകമായിട്ടുണ്ട്. ഈ അടയാളങ്ങളും ഓർമ്മകളുമില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എനിക്കെന്റെ പൗരോഹിത്യം പോലും നഷ്ടപ്പെടുമായിരുന്നു.”

അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മനസിൽ സൂക്ഷിക്കേണ്ട ഓർമ്മകളും അടയാളങ്ങളും ഏതെല്ലാമാണെന്ന് ഞാൻ ഒന്ന് പരതിനോക്കി. ഒന്നല്ല, ഒരുപാടുണ്ട്. ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ.

ഉത്ഥിതൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ തന്നെ തിരിച്ചറിയാൻ കാണിക്കുന്ന അടയാളങ്ങളിലൊന്ന് തന്റെ കൈകളും കാലുകളുമാണ് (Ref: ലൂക്കാ 24:39). ആണിപ്പഴുതുകളുള്ള ആ കൈകാലുകൾ നോക്കിയപ്പോൾ അവരുടെ ഓർമ്മകൾ കാൽവരിയിലേക്കും കുരിശുമരണത്തിലേക്കും എത്തിയിട്ടുണ്ടാകും. ജീവിതത്തിൽ തിരിച്ചുവരവുകൾ നഷ്ടമാകുന്നത് നമ്മൾ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവർ ഇല്ലാതാകുമ്പോഴാണ്. നമ്മുടെ നന്മയും തിരിച്ചുവരവും ആഗ്രഹിക്കുന്ന ഒരാളെയെങ്കിലും ജീവിതയാത്രയിൽ കണ്ടെത്താനായാൽ പിന്നീടൊരിക്കലും മിഴികൾ ഈറനണിയില്ല.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.