മദ്യപിക്കില്ലെന്ന് സത്യം ചെയ്തിട്ടും…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മദ്യത്തിന് അടിമയായ ഒരു വ്യക്തിയെ അറിയാം. സാമ്പത്തികം തീരെ കുറഞ്ഞ കുടുംബം. ഒരിക്കൽ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് ഇങ്ങനെയാണ്: “അച്ചാ, മദ്യപിച്ചു വരുന്ന ദിവസങ്ങളിലെല്ലാം വല്ലാത്ത സ്നേഹമാണ്. എനിക്കും മക്കൾക്കും എന്തെങ്കിലും മധുരപലഹാരങ്ങൾ വാങ്ങിക്കൊണ്ടു വരും. എന്നാൽ ഒട്ടും സഹിക്കാൻ പറ്റാത്തത് അദ്ദേഹത്തിന്റെ മദ്യപാന സ്വഭാവമാണ്. എനിക്ക് മദ്യത്തിന്റെ ഗന്ധം അസഹനീയമാണ്. അതുകൊണ്ടു തന്നെ മദ്യപിച്ചു വരുമ്പോൾ ഞാൻ കുറച്ച് അകന്നുനിൽക്കും. അതിന്  അദ്ദേഹത്തിന് പരിഭവവുമില്ല.

എന്റെയും മക്കളുടെയും ശിരസിൽ കരങ്ങൾ വച്ച് ഓരോ തവണയും ‘ഇനി മദ്യപിക്കില്ല’ എന്ന് ആണയിടും. മറ്റു ചില ദിവസങ്ങളിൽ ബൈബിളും ക്രൂശിതരൂപവും തൊട്ടായിരിക്കും അദ്ദേഹത്തിന്റെ ആണയിടൽ. എന്നാൽ ഇവയെല്ലാം ചെയ്തതിനുശേഷം വീണ്ടും മദ്യപിച്ചു വീട്ടിൽ വരും. ദൈവനിന്ദ ചെയ്യരുതെന്ന് എത്ര തവണ പറഞ്ഞിട്ടും അദ്ദേഹത്തിന് മനസിലാകുന്നില്ല. അച്ചൻ പ്രാർത്ഥിക്കണം” എന്നുപറഞ്ഞ് അവർ കണ്ണീരോടെ മടങ്ങി.

നമ്മളിൽ ചിലരും ഈ മദ്യപാനിയെപ്പോലെയല്ലേ? നിസാര കാര്യത്തിനു പോലും ദൈവത്തെയും വിശുദ്ധ വസ്തുക്കളെയും സാക്ഷിയാക്കി ആണയിടുന്ന സ്വഭാവം നമ്മിലും വന്നുചേർന്നിട്ടില്ലേ?

ക്രിസ്തുവിന്റെ വാക്കുകൾ ശ്രദ്ധിക്കാം. ”…ഞാൻ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്‌. നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനിൽ നിന്നു വരുന്നു” (മത്തായി 5:34,37).

അനുദിന ജീവിതത്തിൽ പിഴവുകൾ തിരുത്താനും തിരിച്ചുവരാനുമുള്ള ശ്രമങ്ങളിൽ ദൈവനാമം ദുരുപയോഗം ചെയ്യാതിരിക്കാൻ നമുക്കു പരിശ്രമിക്കാം. ജീവിതത്തിലുടനീളം ക്രിസ്തുസാക്ഷ്യമായി മാറിയ വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.