അമ്മയുടെ ന്യായങ്ങളും മരുമകളുടെ കണ്ണീരും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആ വീട്ടിലെ അമ്മായിയമ്മ വലിയ വൃത്തിക്കാരിയായിട്ടാണ് അറിയപ്പെടുന്നത്. മരുമകൾ ചെയ്യുന്ന ഏതു കാര്യത്തിനും കുറ്റം കണ്ടുപിടിക്കുന്നതിൽ വിദഗ്ദയാണവർ. അവരെക്കുറിച്ച് മരുമകൾ പറഞ്ഞതിങ്ങനെ: “അച്ചാ, ഞാൻ കഴുകുന്ന പാത്രങ്ങൾ അമ്മ വീണ്ടും കഴുകും. അകവും പുറവും എത്ര വൃത്തിയാക്കിയാലും എന്തെങ്കിലും കുറവ് കണ്ടുപിടിക്കും. മകൾ ഉണ്ടാക്കുന്ന കറികൾക്കൊന്നും രുചി പോരാ എന്നാണ് അമ്മയുടെ വാദം. അതുകൊണ്ട്, അമ്മയുണ്ടാക്കുന്ന കറികൾ മാത്രമേ അമ്മ കഴിക്കൂ. വീട്ടിൽ കലഹമുണ്ടാകണമെങ്കിൽ വലിയ കാര്യങ്ങളൊന്നും വേണ്ട.

ഏറ്റവും അടുത്ത സമയത്തുണ്ടായ കലഹം വീട്ടിൽ വളർത്തുന്ന നായയെ ചൊല്ലിയായിരുന്നു. പട്ടിക്ക് കൊടുക്കാനുള്ള ഇറച്ചി അടുക്കളയിൽ പ്രത്യേക പാത്രത്തിലാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ അമ്മ പറയുന്നു; കറി വയ്ക്കുന്ന പാത്രത്തിലാണ് ഞാൻ പട്ടിയ്ക്കുള്ള ഇറച്ചി വേവിക്കുന്നതെന്ന്. പരാതികൾ കേട്ട് കേട്ട് ശരിക്കും മടുത്തു.”

അമ്മായിയമ്മയുമായി ഞാൻ സംസാരിച്ചു. മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ അവർക്ക് വിവരിച്ചും കൊടുത്തു. പക്ഷേ, അമ്മ അവരുടെ സ്വന്തം ന്യായങ്ങൾ മാത്രം നിരത്തിക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാം കേട്ട് രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിച്ച് പറഞ്ഞയച്ചു.

മറ്റുള്ളവരുടെ ചെറിയ കുറവുകൾ പോലും നമ്മെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അതിനർത്ഥം, നമ്മിൽ എവിടെയോ വെറുപ്പിന്റെ വിത്തുകൾ മുളപൊട്ടിയിട്ടുണ്ട് എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “പുറമേ നിന്ന്‌ ഉള്ളിലേയ്ക്കു കടന്ന്‌ ഒരുവനെ അശുദ്ധനാക്കാന് ഒന്നിനും കഴിയുകയില്ല. എന്നാല്, ഉള്ളില് നിന്നു പുറപ്പെടുന്നവയാണ്‌ അവനെ അശുദ്ധനാക്കുന്നത്” (മര്ക്കോ. 7:15).

മനസിനെ പരുവപ്പെടുത്തിയാലേ വാക്കും പ്രവൃത്തിയും ശുദ്ധമാകൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.