പാപത്തിന്റെ ചെളിക്കുണ്ട് കുഴച്ചുമറിച്ച്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എത്ര മറക്കാൻ ശ്രമിച്ചിട്ടും ബൈബിളിലെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ മനസിലേയ്ക്കു വരുന്ന മുഖമാണ് ആ പെൺകുട്ടിയുടേത്. അവൾ പത്തിൽ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്.

ഒരു നാൾ അവൾ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട്ടിൽ നിന്ന് ആരോ ഇറങ്ങിപ്പോകുന്നതു കണ്ടു. അകത്തു കയറിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്ന അമ്മ. മകളെ ചേർത്തുപിടിച്ച് ചുംബിച്ച് അവൾ മകളുടെ കാതിൽ പറഞ്ഞു: “മോളെ, ആര് പണം തരാമെന്നു പറഞ്ഞാലും നീ ഒരിക്കലും ചീത്തയാവരുത്. അച്ഛനില്ലാത്ത മകളാണെന്ന കാര്യം മറക്കരുത്.”

പിറ്റേന്ന് മകൾ സ്കൂൾ വിട്ടു വന്നപ്പോൾ അവളുടെ അമ്മ ഉറങ്ങുകയായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. ഹൃദയാഘാതമായിരുന്നു കാരണം. അവരുടെ മൃതസംസ്ക്കാരത്തിനു ശേഷം ആ മകൾ എന്നോട് ചോദിച്ചു: “അച്ചാ, എന്റെ അമ്മ സ്വർഗ്ഗത്തിൽ പോകില്ലേ?”

“തീർച്ചയായും പോകും.” ഞാൻ ആശ്വസിപ്പിച്ചു.

അവൾ പോയതിനുശേഷം, അവളുടെ അമ്മ മരിക്കുന്നതിനു മുമ്പ് എന്നോട് പറഞ്ഞത് ഞാനോർത്തു: “അച്ചാ, ഞാനൊരു ചീത്ത സ്ത്രീയാണ്. ഭർത്താവ് മരിച്ചതിനുശേഷം ഒരു ജന്മിയുടെ വീട്ടിൽ പണിയെടുക്കുന്ന വിവരം അച്ചനറിയാമല്ലോ? എന്റെ ശരീരം ഞാൻ അയാൾക്ക് പലപ്പോഴായ് വിറ്റിട്ടുണ്ട്. വീട് ചോർന്നൊലിച്ചപ്പോൾ കുറച്ച് പണം തന്നു സഹായിച്ചത് അയാളാണ്. അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. അതിന് പകരമാണച്ചാ എല്ലാം.

ഇന്ന് അയാൾ എന്നോട് പറയുകയാണ്: ‘നിന്റെ മകൾ കാണാൻ സുന്ദരിയാണല്ലോ, വല്ല്യ പെണ്ണായല്ലോ എന്നെല്ലാം.’ പിന്നീടവൾ പറഞ്ഞത്, എനിക്ക് എഴുതാനാകില്ല.

ഈ സംഭവത്തിനു ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഞാൻ ആ മനുഷ്യനെ നേരിൽ കണ്ടു. സംഭാഷണത്തിനിടയിൽ ആ സ്ത്രീ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. അയാളുടെ മുഖം വിളറിയതും വാക്കുകൾ പതറിയതും എനിക്ക് കുറേക്കൂടി ധൈര്യം പകർന്നു. ആ മനുഷ്യൻ ഇടവകയിലെ ഒരു കമ്മറ്റിക്കാരനായിരുന്നു. അയാൾക്കുമുണ്ട് പത്താം ക്ലാസിൽ പഠിക്കുന്ന മകൾ. തന്റെ തെറ്റിനെക്കുറിച്ച് ആദ്യം അയാൾ സമ്മതിക്കാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് സങ്കടത്തോടെ അയാൾ തെറ്റ് ഏറ്റുപറഞ്ഞു. ഇനിയൊരിക്കലും ഇതുപോലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അയാൾ ഉറപ്പു നൽകി.

ക്രിസ്തുവിന്റെ വചനം നമുക്കോർക്കാം: “യോഹന്നാന് നീതിയുടെ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള് അവനില് വിശ്വസിച്ചില്ല. എന്നാല് ചുങ്കക്കാരും വേശ്യകളും അവനില് വിശ്വസിച്ചു. നിങ്ങള് അതു കണ്ടിട്ടും അവനില് വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല” (മത്തായി 21:32).

മനുഷ്യരുടെ മുമ്പിൽ നീതിമാനായ് ചമയുകയും എന്നാൽ യഥാർത്ഥത്തിൽ എല്ലാത്തരം ദുർമാർഗ്ഗങ്ങളിലും കഴിയുന്നവർ ഓർക്കുക, എല്ലാം ദൈവം അറിയുന്നുണ്ട്. നിത്യവിധിയാളനായ അവിടുത്തെ മുമ്പിൽ ഒരുനാൾ നാം നിൽക്കേണ്ടിവരും. അന്ന് വിലപിക്കാതിരിക്കാൻ ഇന്ന് ഒരുക്കമുള്ളവരായ് മാറാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.