സെപ്റ്റംബര്‍ 30: വി. ജെറോം

തിരുസഭയുടെ മഹാപണ്ഡിതന്മാരില്‍ ഒരാളായ വി. ജെറോം എ.ഡി. 340-ല്‍, ഇന്ന് യുഗോസ്ലേവ്യ എന്നറിയപ്പെടുന്ന ‘ഡല്‍മാസ്യാ’ യില്‍ ജനിച്ചു. അതിബുദ്ധിമാനായിരുന്നു ജെറോം. ബാല്യത്തില്‍ തന്നെ ലത്തീനും ഗ്രീക്കും നന്നായി പഠിച്ചു. വിജ്ഞാനദാഹം തീവ്രമായിരുന്നെങ്കിലും ജീവിതവിശുദ്ധിക്ക് അദ്ദേഹം വലിയ പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം അനിയന്ത്രിതമായ ഇന്ദ്രിയാഭിലാഷങ്ങള്‍ക്ക് അടിമപ്പെട്ടുള്ളതായിരുന്നു.

എന്നാല്‍ ബുദ്ധിസൂക്ഷ്മതയും അഗാധപാണ്ഡിത്യവും നിറഞ്ഞ അദ്ദേഹത്തെ സഭാസേവനത്തിനായി ഉപയോഗിക്കാനായിരുന്നു ദൈവതിരുമനസ്. അതോടെ ലോകസുഖങ്ങള്‍ക്കു പിന്നാലെ പാഞ്ഞുനടന്ന് മനഃശാന്തി നഷ്ടപ്പെട്ട ജെറോമില്‍ ഒരു സമൂലപരിവര്‍ത്തനം ദൃശ്യമായി. അധികം താമസിക്കാതെ വിശുദ്ധന്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകയും 377-ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.

ഹീബ്രുപഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ വി. ഗ്രന്ഥം സമഗ്രമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി വി. ഗ്രിഗറി നിസ്സിയാന്‍സന്റെ ശിഷ്യത്വം സ്വീകരിച്ചു. എന്നാല്‍ അടുത്ത കൊല്ലം തന്നെ അദ്ദേഹത്തെ ഡെമാസൂസ് മാര്‍പാപ്പാ റോമിലേക്കു വിളിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ ലത്തീന്‍ വിവര്‍ത്തനം പുനഃപരിശോധന ചെയ്ത് പരിഷ്‌കരിക്കുക എന്ന കൃത്യം അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു.

ഈ ഭാരിച്ച ദൗത്യം നിര്‍വഹിക്കുന്നതിന് പതിനെട്ടു വര്‍ഷത്തോളം വേണ്ടിവന്നു. ഈ മഹാപരിശ്രമത്തിന്റെ ഫലമായാണ് ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ‘വുള്‍ഗാത്ത’ വിശുദ്ധ ഗ്രന്ഥമൂലം ഉണ്ടായത്. വിശുദ്ധ ഗ്രന്ഥവിവര്‍ത്തനം സംബന്ധിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം ക്രിസ്തുവിന്റെ ജനനത്താല്‍ പരിപാവനമാക്കപ്പെട്ട ബേത്‌ലഹേമിലേക്ക് യാത്ര തിരിച്ചു. അവിടെ വിശുദ്ധന്‍ ഏകാന്തമായ സന്യാസജീവിതം ആരംഭിച്ചു. ഒരു ഗുഹയില്‍ താമസിച്ചുകൊണ്ട് ജ്ഞാനദീപ്തിയാല്‍ ലോകത്തെ പ്രകാശമാനമാക്കിയ പല സുപ്രസിദ്ധ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. മുപ്പതു കൊല്ലത്തോളം അദ്ദേഹം അവിടെ ചെലവഴിച്ചു.

“ജെറോമിന് അജ്ഞാതമായിട്ടുള്ളതെന്താണെന്ന് ഒരു മനുഷ്യനും അറിഞ്ഞുകൂടാ'” എന്നാണ് വി. അഗസ്റ്റിന്‍ വിശുദ്ധന്റെ പാണ്ഡിത്യത്തെക്കുറിച്ച് പറയുന്നത്. വയോവൃദ്ധനായിരുന്ന അദ്ദേഹം 420 സെപ്റ്റംബര്‍ 30-ാം തീയതി സ്വര്‍ഗത്തിലേക്കു  യാത്രയായി.

വിചിന്തനം: ”ഭക്തിയോടു കൂടി ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോഴും നിരവധി ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തു നിന്നും മോചിതരായി പറുദീസായിലേക്കു പറക്കുന്നു” – വി. ജെറോം.

ഇതരവിശുദ്ധര്‍: വിക്ടറും ഉര്‍സൂസും (മൂന്നാം നൂറ്റാണ്ട്)/ ഹൊണാരിയൂസ് (+653)/ ഗ്രിഗരി (+330) ആര്‍മീനിയായുടെ അപ്പസ്‌തോലന്‍/ ലൗറൂസ് (ഏഴാം നൂറ്റാണ്ട്)/ മിദാന്‍ (+610).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.