സെപ്റ്റംബര്‍ 29: വി. മിഖായേല്‍, വി. ഗബ്രിയേല്‍, വി. റാഫേല്‍ 

ദൈവസേനയുടെ തലവനായാണ് മിഖായേല്‍ മാലാഖ അറിയപ്പെടുന്നത്. ‘ദൈവത്തെപ്പോലെ ആരുണ്ട്’ എന്നാണ് മിഖായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സ്വര്‍ഗത്തില്‍ ദൈവത്തിനെതിരായി ലൂസിഫറും കൂട്ടരും മത്സരിച്ചപ്പോള്‍ ദൈവസേനയുടെ തലവനായിരുന്നത് മിഖായേല്‍ ആയിരുന്നു എന്നതാണ് പാരമ്പര്യവിശ്വാസം. അതുകൊണ്ടു തന്നെ പൈശാചിക ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷകനായാണ് മിഖായേല്‍ മാലാഖയെ കരുതുന്നത്. ഇസ്രായേല്‍ ജനത്തിനു കാവല്‍ നിന്നതും, അവരെ പേര്‍ഷ്യന്‍ അടിമത്വത്തില്‍ നിന്നു മോചിപ്പിച്ചതും മക്കബായരെ വിജയിപ്പിച്ചതും മിഖായേല്‍ മാലാഖായാണെന്നാണ് വിശ്വാസം.

തപാല്‍ ഉദ്യോഗസ്ഥരുടെ മദ്ധ്യസ്ഥനാണ് വി. ഗബ്രിയേല്‍ മാലാഖ. ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ശക്തന്‍’ എന്നാണ്. വി. ഗ്രന്ഥത്തില്‍ നാലു തവണ വി. ഗബ്രിയേലിനെക്കുറിച്ച്  പരാമര്‍ശിക്കുന്നുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പതനം ദാനിയേല്‍ പ്രവാചകനു വെളിപ്പെടുത്തുന്നു (ദാനി. 8), രക്ഷകന്റെ ജനനം ദാനിയേല്‍ പ്രവാചകന്‍ വിവരിക്കുന്നു. (ദാനി. 9), സ്‌നാപകയോഹന്നാന്റെ ജനനം സക്കറിയാസിനെ അറിയിക്കുന്നു (ലൂക്കാ 1). ഈശോയുടെ ജനനത്തെക്കുറിച്ച് പരിശുദ്ധ മറിയത്തെ അറിയിക്കുന്നു (ലൂക്കാ 1) വി. യൗസേപ്പിന്റെ സംശയം നിവാരണം ചെയ്തതും ഗത്‌സമനില്‍ കര്‍ത്താവിനെ ആശ്വസിപ്പിച്ചതും ഗബ്രിയേലാണെന്നാണ് വിശ്വാസം.

വി. ഗ്രന്ഥത്തിലെ തോബിയാസിന്റെ മകനോടൊപ്പം ദൈവം അയച്ച സഹയാത്രികന്‍ റാഫേല്‍ മാലാഖയായിരുന്നു. അദ്ദേഹം സ്വയം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: “കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുന്ന ഏഴ് മാലാഖമാരില്‍ ഒരാളായ റാഫേലാണു ഞാന്‍” (തോബി. 12:15). ബെത്‌സെയ്ദായിലെ കുളത്തില്‍ ഇടയ്ക്കിറങ്ങി രോഗികളെ സുഖപ്പെടുത്തിയിരുന്നത് റാഫേല്‍ മാലാഖായായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വിചിന്തനം: ”ദൈവപുത്രന്‍ താല്‍ക്കാലികവസ്തുക്കള്‍ക്ക് ഉപരിയായി നിന്ന് നിത്യമായവയെക്കുറിച്ച് ധ്യാനിക്കുന്നു. താല്‍ക്കാലികവസ്തുക്കളെ ഇടതുകണ്ണു കൊണ്ടും സ്വര്‍ഗ്ഗീയമായവയെ വലതുകണ്ണു കൊണ്ടും അവര്‍ ദര്‍ശിക്കുന്നു.”

ഇതരവിശുദ്ധര്‍: തിയോഡോത്താ (+318)രക്തസാക്ഷി/ ദാദാസ് (310-368)/ എവുട്രിക്കിയൂസ് ത്രെയിസിലെ രക്തസാക്ഷി/ ഗാര്‍സ്യാ (+1073) ആബട്ട്/ ലുഡ്വിന്‍ (+713)/ ഫ്രത്തേര്‍ണൂസ് (450) ഔക്‌സോണിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.