സെപ്റ്റംബര്‍ 26: വി. എവുസേബിയൂസ് 

കസ്സാനോ ഗ്രീക്ക് ഉല്‍പത്തിയിലാണു ജനിച്ചത്. 309 ഏപ്രില്‍ 18-ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. പാപ്പായായ അദ്ദേഹം എവുസേബിയൂസ് എന്ന നാമമാണ് സ്വീകരിച്ചത്.

ഇദ്ദേഹത്തിന്റെ കാലത്തും വിവാദാത്മകമായ മതത്യാഗം തുടര്‍ന്നു. ഇത് സഭയില്‍ ഭിന്നിപ്പിനുള്ള അവസരം വരെയെത്തി. എന്നാല്‍ സ്ഥിരതയുള്ള ഒരവസ്ഥ സംജാതമാക്കുന്നതിലും മാപ്പു നല്‍കുന്ന കാര്യത്തിലും അദ്ദേഹം വിജയിച്ചു. അഞ്ചു മാസം മാത്രമായിരുന്നു എവുസേബിയൂസിന്റെ ഭരണം നീണ്ടത്. ഒരു രക്തസാക്ഷിയുടെ പിന്‍ഗാമിയായി തന്നെയാണ് ഇദ്ദേഹവും ഭരണച്ചുമതലയേറ്റത്. ഉടന്‍ തന്നെ ഗലേറിയസിന്റെ ഭടന്മാര്‍ അദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തി ബന്ധിച്ച് നാടുകടത്തി. അവിടെ വച്ചാണ് അദ്ദേഹം രക്തസാക്ഷിയാകുന്നത്. 309 ആഗസ്റ്റ് 7-നായിരുന്നു രക്തസാക്ഷിത്വം.

വി. കോസ്‌മോസും ദമിയാനോസും

വൈദ്യന്മാരായ രണ്ടു സഹോദരന്മാരാണ് കോസ്‌മോസും ദമിയാനോസും. അറേബ്യയില്‍ ജനിച്ച അവര്‍ ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിനു ശേഷം ദൈവസ്‌നേഹത്തെപ്രതി പ്രതിഫലം വാങ്ങാതെയാണ് ചികിത്സിച്ചിരുന്നത്. സിലിസിയായിലെ എഗ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഈ സഹോദരങ്ങള്‍ക്ക് അധികകാലം തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കാനായില്ല. മതപീഡനം ശക്തമായി തുടര്‍ന്നിരുന്ന കാലമായിരുന്നു അത്. ഇവര്‍ ക്രിസ്ത്യാനികളാണെന്ന് അറിവു കിട്ടിയ ഗവര്‍ണ്ണര്‍ ഈ സഹോദരങ്ങളെ അറസ്റ്റു ചെയ്യുകയും വിശ്വാസത്യാഗത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണു ചെയ്തത്. തന്നിമിത്തം അവരെ ഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കുകയും അവസാനം വധിക്കുകയും ചെയ്തു.

വിചിന്തനം: “ദൈവത്തില്‍ നിന്നും നിന്നെ അകറ്റുന്ന സകല ആശങ്കകളെയും നിന്നില്‍ നിന്നും വേര്‍പ്പെടുത്തുക.”

ഇതരവിശുദ്ധര്‍: വിജിലിയൂസ് (ആറാംനൂറ്റാണ്ട്) ബേഴ്‌സ്യായിലെ മെത്രാന്‍ കോള്‍മനെലോ (+610)/ ബോളോഞ്ഞായിലെ എവുസേബിയൂസ് (+400) മെത്രാന്‍/ അന്ത്യോക്യായിലെ ജസ്റ്റീനാ(+304)/ കലിസ്ട്രാറ്റൂസ്(+300)/ മരിയാ തെരേസാ(1805-1885).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.