സെപ്റ്റംബര്‍ 23: വിശുദ്ധ പാദ്രെ പിയോ

ദക്ഷിണ ഇറ്റലിയില്‍ 1887 മെയ് 25-ന് ഗ്രാസിയോയുടെയും ജ്യൂസപ്പായുടെയും രണ്ടാമത്തെ പുത്രനായി പാദ്രെ പിയോ ജനിച്ചു. വിശുദ്ധ കുര്‍ബാനയിലും ജപമാലയിലും കേന്ദ്രീകരിച്ചുള്ള മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം ചെറുപ്പം മുതല്‍ ഫ്രാന്‍സിസ് എന്ന പാദ്രെ പിയോയെ പ്രാര്‍ത്ഥനാജീവിതത്തില്‍ വളരുന്നതിന് വളരെയേറെ സഹായിച്ചു.

5-ാം വയസിൽ തന്നെ വൈദികനാകാനുള്ള ആഗ്രഹം പിയോ പ്രകടിപ്പിച്ചു. കുഞ്ഞുനാളില്‍ തന്നെ മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് പരിഹാരമായി പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുന്നതിനും ദുഃഖദുരിതങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും പിയോ ശ്രദ്ധിച്ചിരുന്നു.

സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ച് പ്രാര്‍ത്ഥിച്ച്, കപ്പൂച്ചിന്‍ സഭ തിരഞ്ഞെടുത്തു. സെമിനാരി പരിശീലനകാലത്ത് അനുസരണം, വിധേയത്വം ആത്മസംയമനം എന്നീ ഗുണങ്ങള്‍ അദ്ദേഹത്തില്‍ വിളങ്ങിനിന്നിരുന്നു. നീണ്ട മണിക്കൂറുകള്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചിരുന്ന അക്കാലത്ത് അജ്ഞാതമായ രോഗത്താല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. വളരെയേറെ പരീക്ഷണത്താല്‍ സ്ഫുടം ചെയ്യപ്പെട്ട ഡീക്കന്‍ 1910 ആഗസ്റ്റ് 10-ന് തിരുപ്പട്ടം സ്വീകരിച്ചു.

തികഞ്ഞ മാതൃഭക്തനായിരുന്ന അച്ചന്‍, നാം അനുകരിക്കേണ്ട ഏറ്റവും വലിയ മാതൃക മാതാവാണെന്നും ശത്രുവിന്റെമേല്‍ വിജയം നേടാന്‍ പരിശുദ്ധ അമ്മ തന്ന ആയുധം (ജപമാല) നിങ്ങളുടെ കൈവശം എപ്പോഴും ഉണ്ടായിരിക്കണമെന്നും അജഗണത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.

1918 നവംബര്‍ 20-ാം തീയതി ദിവ്യബലി അര്‍പ്പിച്ച ശേഷം ക്രൂശിതരൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അച്ചന്റെ ശരീരത്തില്‍ ക്രൂശിതന്റെ ശരീരത്തിലെ അഞ്ച് തിരുമുറിവുകളുടെ മുദ്രകള്‍ ദൃശ്യമായി. അദ്ദേഹം അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കൂടുതല്‍ പ്രസിദ്ധി ലഭിക്കുകയാണുണ്ടായത്.

ദിവസം മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങിയും, ഒരു കുഞ്ഞിനു വേണ്ടത്ര ഊര്‍ജ്ജത്തിനുള്ള ഭക്ഷണം കഴിച്ചും ജീവിച്ച അദ്ദേഹം മരണം വരെ മാലാഖമാരുടെ അകമ്പടിയോടെ കര്‍മ്മനിരതനായി പുണ്യജീവിതം നയിച്ചു. കുമ്പസാരത്തിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് ആനയിച്ചു. ‘രണ്ടാം ഫ്രാന്‍സിസ് അസീസി’ എന്നറിയപ്പെട്ട അദ്ദേഹം 1968 സെപ്തംബര്‍ 23-ന് ഈശോയുടെയും മാതാവിന്റെയും നാമം ഉച്ചരിച്ചുകൊണ്ട് ഇഹലോകവാസം വെടിഞ്ഞു.

2002 ജൂണ്‍ 16-ന് പരിശുദ്ധ ജോണ്‍ പോണ്‍ രണ്ടാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വി. ലീനസ് (67-76)

വോള്‍ട്ടെറാ എന്ന സ്ഥലത്തായിരുന്നു ഇദ്ദേഹം ജനിച്ചത്. 67-ല്‍ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. 76 സെപ്തംബര്‍ 23-ാം തീയതി ലീനസ് ഇഹലോകവാസം വെടിഞ്ഞു. ഇദ്ദേഹത്തിന്റെ ഭൗതികശരീരം വി. പത്രോസിന്റെ കല്ലറയ്ക്കു സമീപമാണ് സംസ്‌കരിച്ചത്. സ്ത്രീകള്‍ തല മറയ്ക്കാതെ (തലമുണ്ടില്ലാതെ) ആരാധനാസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് പാപ്പാ തടഞ്ഞു. പാപ്പായുടെ കാലത്താണ് സുവിശേഷകരായ ലൂക്കാ, മര്‍ക്കോസ് എന്നീ വിശുദ്ധര്‍ രക്തസാക്ഷിത്വം വരിച്ചത്.

വി. ആദമ്‌നാന്‍ (യൂനാന്‍)

അയര്‍ലണ്ടിലെ ഡോണീഗലില്‍ 628-നോടടുത്ത് ജനിച്ച ആദമ്‌നാന്‍ വിദ്യാഭ്യാസാനന്തരം സന്യാസം സ്വീകരിക്കുകയും തന്റെ ബന്ധുവായ കൊളുംബയെ അനുകരിച്ച് അയോണായിലെ ഒരു സന്യാസാശ്രമത്തില്‍ അംഗമായി ചേരുകയും ചെയ്തു. 679-ല്‍ ആശ്രമാധിപനായി. 686-ല്‍ അയര്‍ലണ്ടിന്റെ പ്രതിനിധി എന്ന നിലയില്‍ തടവുകാരുടെ മോചനത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി നോര്‍ത്തംബ്രിയായിലേക്കു പോയി, ദൗത്യവിജയം നേടി. 704 സെപ്റ്റംബര്‍ 23-ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വിചിന്തനം: ‘എല്ലാം പ്രാപിക്കാന്‍ വേണ്ടി എല്ലാം ദൈവത്തിനു കൊടുക്കുക. ഒന്നും അന്വേഷിക്കേണ്ടതില്ല. നിഷ്‌കളങ്കരായി ദൈവത്തില്‍ ഉറച്ചുനിന്നാല്‍ അവിടുന്ന് നമ്മെ സ്വന്തമാക്കും.’

ഇതരവിശുദ്ധര്‍: ആന്‍ഡ്രൂവും കൂട്ടരും (+900)/ കോണ്‍സ്റ്റാന്റിയൂസ് (ആറാം നൂറ്റാണ്ട്)/ സിസ്സാ (ഏഴാം നൂറ്റാണ്ട്) നോര്‍ത്തുബ്രിയായിലെ ബനഡിക്റ്റന്‍ സന്യാസി/ ഇറേയ്‌സ് (+303) ഈജിപ്തിലെ രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.