സെപ്റ്റംബര്‍ 22: വി. തോമസ് വില്ലനോവ

ജീവിതത്തെ ഉപവിപ്രവര്‍ത്തനമാക്കി മാറ്റിയ വി. തോമസ് വില്ലിനോവ 1488-ല്‍ സ്‌പെയിനില്‍ ജനിച്ചു. ഭക്തരായിരുന്ന മാതാപിതാക്കളുടെ സന്മാതൃകയാണ്  തോമസിനെ വിശുദ്ധിയുടെ പടവിലേക്ക് എത്തിച്ചതെന്ന് സംശയമില്ലാതെ പറയാനാവും. അവര്‍ വലിയ സമ്പന്നരായിരുന്നില്ലെങ്കിലും തങ്ങളുടെ ഉപജീവനത്തിനു ശേഷം മിച്ചമുണ്ടായിരുന്നവയെല്ലാം ദരിദ്രര്‍ക്കായി നല്‍കിയിരുന്നു. ഈ മാതൃക തോമസ് അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്‍ന്നു.

കര്‍ദ്ദിനാള്‍ സീമെന്‍സിന്റെ മേല്‍നോട്ടത്തിലായിരുന്നു തോമസിന്റെ വിദ്യാഭ്യാസം. വിദ്യാഭ്യാസ ശേഷം അദ്ദേഹത്തിന് സലമങ്ക സര്‍വ്വകലാശാലയിലെ അധ്യാപകനായി നിയമനം ലഭിച്ചു. ഒന്നു-രണ്ടു വര്‍ഷം അദ്ദേഹം ഈ ജോലി തുടര്‍ന്നു. അവസാനം ജോലി രാജി വച്ച് വിശുദ്ധന്‍ അഗസ്റ്റീനിയന്‍ സന്യാസാശ്രമത്തില്‍ പ്രവേശിച്ചു. എല്ലാവര്‍ക്കും മാതൃകയായിരുന്ന തോമസ് 1520-ല്‍ വൈദികനായി. അധികം താമസിക്കാതെ പല ആശ്രമങ്ങളുടെയും ശ്രേഷ്ഠനായി തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ സന്ദര്‍ഭങ്ങളിലെല്ലാം വിശുദ്ധന്‍ തന്റെ എളിയജീവിതവും ഉപവി പ്രവര്‍ത്തനങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു.

തോമസിന്റെ ജീവിതപരിശുദ്ധി തിരിച്ചറിഞ്ഞ കാര്‍ലോസ് അഞ്ചാം ചക്രവര്‍ത്തി അദ്ദേഹത്തെ വാലന്‍സിയായിലെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു. മെത്രാഭിഷേകത്തിനു ശേഷം വിശുദ്ധന്‍ ആദ്യമായി സന്ദര്‍ശിച്ചത് കാരാഗൃഹമായിരുന്നു. എളിയജീവിതത്തെ സ്‌നേഹിച്ചിരുന്ന മെത്രാന്‍ സ്ഥാനാരോഹണ ദിവസം സിംഹാസനത്തില്‍ വിരിച്ചിരുന്ന പട്ടുവസ്ത്രം മാറ്റി പീഠം കണ്ണുനീരോടെ ചുംബിച്ചു. മെത്രാനായ വിശുദ്ധന് അരമന പണിയുന്നതിനായി ഒരു വലിയ സംഖ്യ ലഭിച്ചു. ഉടന്‍ തന്നെ വിശുദ്ധന്‍ ആ തുക ദരിദ്രര്‍ക്കായി ആശുപത്രി പണിയുന്നതിനാണ് ഉപയോഗിച്ചത്.

ബാല്യത്തില്‍ തന്നെ തനിക്കു ലഭിച്ചിരുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ദരിദ്രര്‍ക്കു കൊടുത്തിരുന്നതുപോലെ മെത്രാപ്പോലീത്താ ആയപ്പോഴും തന്റെ വരവിന്റെ മൂന്നില്‍ രണ്ടു ഭാഗവും അഗതികള്‍ക്കായി നല്‍കി. ഓരോ ദിവസവും ഏകദേശം അഞ്ഞൂറോളം ദരിദ്രരെ വിശുദ്ധന്‍ തീറ്റിപ്പോറ്റിയിരുന്നു. ആ പട്ടണത്തിലുണ്ടായിരുന്ന അനാഥക്കുട്ടികളെയെല്ലാം ഒരമ്മയെപ്പോലെ വിശുദ്ധന്‍ സംരക്ഷിച്ചുപോന്നു. അഗതികളായ യുവതികളെ വിവാഹം കഴിപ്പിക്കുന്നതിനായി വിശുദ്ധന്‍ ധനസഹായം നല്‍കിയിരുന്നു.

“നിന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കണമെങ്കില്‍ ദരിദ്രരുടെ അപേക്ഷകളെ നീ കേള്‍ക്കണം. നിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ദൈവം നിന്നെ സഹായിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവോ അഗതികളുടെ ആവശ്യം അറിഞ്ഞ് നീ അവരെ സഹായിക്കുക” എന്ന് വിശുദ്ധന്‍ ധനവാന്മാരെ ഉപദേശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതരീതിയും ഉപദേശങ്ങളും മൂലം സ്വാര്‍ത്ഥരായിരുന്ന പല ധനവാന്മാരും ഔദാര്യമുള്ളവരായിത്തീര്‍ന്നു. വിശുദ്ധന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി യാതൊന്നും ഉണ്ടായിരുന്നില്ല. കിടന്ന കട്ടിലു പോലും അദ്ദേഹം ദാനം ചെയ്തിരുന്നു. ദൈവം വിശുദ്ധനെ നേരത്തെ അറിയിച്ചിരുന്നതു പോലെ 1555 സെപ്റ്റംബര്‍ എട്ടാം തീയതി അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ‘എത്രവേഗം സ്വന്തം ഇഷ്ടത്തില്‍ നിന്നും വിമുക്തനാകുമോ അത്രയും നല്ലത്. എത്ര പരിപൂര്‍ണ്ണമായും പരമാര്‍ത്ഥമായും നാം അതു ചെയ്യുന്നുവോ അത്രയ്ക്കു ദൈവം നമ്മില്‍ സന്തുഷ്ടനാകും.’

ഇതരവിശുദ്ധര്‍ : മൗരീസ്/ സലാബെര്‍ഗാ(+665)ആബസ്/ഫ്‌ളോറെന്റിയൂസ് (അഞ്ചാം നൂറ്റാണ്ട്)/ ജോണാസ് (മൂന്നാം നൂറ്റാണ്ട്)/ലിയോബാ (+781) ആബസ്/എമ്മേരാമൂസ് (+690) റാറ്റിസ്സണ്ണിലെ മെത്രാന്‍/ഫൊലിക്‌സ് (+530)/ഫോക്കാസ് (+102) സിനോപിലെ രക്തസാക്ഷിയായ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.